നരേന്ദ്ര മോദിയെ കുറിച്ചുള്ള ഡോക്യുമെന്‍ററിയില്‍ ബിബിസിയെ വിമര്‍ശിച്ച് വിദേശകാര്യ മന്ത്രാലയം; തുറന്ന് കാട്ടപ്പെടുന്നത് ബിബിസി എന്ന് വിമര്‍ശനം

author img

By

Published : Jan 19, 2023, 10:38 PM IST

Updated : Jan 20, 2023, 8:47 AM IST

MEA slams bbc  bbc Narendra Modi documentary  ബിബിസിയെ വിമര്‍ശിച്ച് വിദേശകാര്യ മന്ത്രാലയം  അരിന്ദം ബാഗ്‌ചി  ബിബിസി നരേന്ദ്ര മോദി ഡോക്യുമെന്‍ററി  ബിബിസി  bbc

യാതൊരു വിശ്വാസ്യതയും ഇല്ലാത്ത ഒരു നറേറ്റീവിന്‍റെ പ്രൊപ്പഗാണ്ടയാണ് നരേന്ദ്ര മോദിയെ കുറിച്ചുള്ള ബിബിസിയുടെ ഡോക്യുമെന്‍ററി പരമ്പര എന്ന് വിദേശകാര്യ വക്‌താവ് അരിന്ദം ബാഗ്‌ചി പറഞ്ഞു

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ കുറിച്ചുള്ള ബിബിസിയുടെ ഡോക്യുമെന്‍ററി പരമ്പരയെ രൂക്ഷമായി വിമര്‍ശിച്ച് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം. വിശ്വാസ്യത നഷ്‌ടപ്പെട്ട പ്രചാരവേലയാണ് ബിബിസിയുടെ ഡോക്യുമെന്‍ററി എന്ന് വിദേശകാര്യ വക്താവ് അരിന്ദം ബാഗ്‌ചി വിമര്‍ശിച്ചു. ഡോക്യുമെന്‍ററി പ്രദര്‍ശിപ്പിച്ചതിലൂടെ ബിബിസിയുടെ വിശ്വാസ്യതയാണ് ചോദ്യം ചെയ്യപ്പെടുന്നത് എന്നും ബാഗ്‌ചി പറഞ്ഞു.

കൊളോണിയല്‍ ചിന്താഗതി, പക്ഷപാതിത്വം, വസ്‌തുനിഷ്‌ടതയുടെ അഭാവം എന്നിവ ഈ ഡോക്യുമെന്‍ററിയില്‍ പ്രകടമാണ്. ഡോക്യുമെന്‍ററിയില്‍ മുന്‍ യുകെ ആഭ്യന്തര സെക്രട്ടറി ജാക്ക് സ്‌ട്രോ നരേന്ദ്ര മോദിക്കെതിരായി നടത്തിയ പരാമര്‍ശത്തില്‍ ബാഗ്‌ചി പ്രതികരിച്ചു. യുകെ സര്‍ക്കാറിന്‍റെ ആഭ്യന്തരമായ റിപ്പോര്‍ട്ടിനെ കുറിച്ചാണ് സ്‌ട്രോ പരാമര്‍ശിക്കുന്നത്.

ആ റിപ്പോര്‍ട്ട് തനിക്ക് ലഭ്യമല്ല. സ്‌ട്രോ ആ റിപ്പോര്‍ട്ടിനെ കുറിച്ച് പരാമര്‍ശിക്കുന്നു എന്നുള്ളത് കൊണ്ട് മാത്രം ആ റിപ്പോര്‍ട്ടിന് എന്തെങ്കിലും ആധികാരികത വരില്ല. 20 വര്‍ഷം മുമ്പുള്ള റിപ്പോര്‍ട്ടാണ് അത്. ഇപ്പോള്‍ എന്തിനാണ് ഈ റിപ്പോര്‍ട്ടിന് പ്രാധാന്യം കൊടുക്കുന്നത് എന്നും ബാഗ്‌ചി ചോദിച്ചു.

ഇന്ത്യന്‍ വംശജരായ പല യുകെ പൗരന്‍മാരും ഡോക്യുമെന്‍ററിയെ വിമര്‍ശിച്ച് രംഗത്ത് വന്നു. 100 കോടിയില്‍ അധികം വരുന്ന ഇന്ത്യക്കാരെ ഡോക്യുമെന്‍ററി മുറിവേല്‍പ്പിച്ചു എന്ന് ലോര്‍ഡ് രാമി റേഞ്ചർ പറഞ്ഞു.

'ഇന്ത്യ: ദ മോദി ക്വസ്‌റ്റ്യന്‍' എന്ന പേരിലാണ് ബിബിസി ഡോക്യുമെന്‍ററി സംപ്രേഷണം ചെയ്‌തത്. ആദ്യത്തെ എപ്പിസോഡ് ചൊവ്വാഴ്‌ചയാണ് സംപ്രേഷണം ചെയ്‌തത്. എന്നാല്‍ ഈ എപ്പിസോഡ് ബുധനാഴ്‌ച യുട്യൂബില്‍ നിന്ന് നീക്കം ചെയ്‌തു.

ഡോക്യുമെന്‍ററിയുടെ രണ്ടാം ഭാഗം ജനുവരി 24ന് സംപ്രേഷണം ചെയ്യാനാണ് നിശ്ചയിച്ചിരിക്കുന്നത്. 2022ലെ ഗുജറാത്ത് കലാപ സമയത്ത് ഗുജറാത്തില്‍ മുഖ്യമന്ത്രി എന്ന നിലയിലുള്ള നരേന്ദ്ര മോദിയുടെ പ്രവര്‍ത്തനങ്ങള്‍ ഡോക്യുമെന്‍ററി വിലയിരുത്തുന്നു. ഇന്ത്യയിലെ മുസ്ലീങ്ങളോടുള്ള നരേന്ദ്ര മോദി സര്‍ക്കാറിന്‍റെ സമീപനവുമായി ബന്ധപ്പെട്ടുള്ള ആരോപണങ്ങള്‍ എങ്ങനെയാണ് നരേന്ദ്രമോദിയുടെ പ്രധാനമന്ത്രിപദത്തെ ബാധിച്ചത് എന്നത് സംബന്ധിച്ച് ഡോക്യുമെന്‍ററി പരമ്പര വിലയിരുത്തുമെന്നും ബിബിസി വ്യക്തമാക്കുന്നു.

Last Updated :Jan 20, 2023, 8:47 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.