64ന്‍റെ നിറവില്‍ സുരേഷ് ഗോപി ; വില്ലനില്‍ നിന്ന് ആക്ഷന്‍ ഹീറോയായ പരകായാഭിനയം

author img

By

Published : Jun 26, 2022, 4:46 PM IST

suresh gopi 64th birthday  suresh gopi birthday  സുരേഷ് ഗോപി 64ാം പിറന്നാള്‍  suresh gopi  സുരേഷ് ഗോപി  suresh gopi movies  suresh gopi upcoming movies

നിരവധി സൂപ്പര്‍ഹിറ്റ് സിനിമകളിലൂടെ മോളിവുഡില്‍ തന്‍റേതായ സ്ഥാനമുണ്ടാക്കിയെടുത്ത നടനാണ് സുരേഷ് ഗോപി

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് സുരേഷ് ഗോപി. സിനിമാതാരം എന്നതിലുപരി സുരേഷ് ഗോപിയെന്ന വ്യക്തിയെയും ഇഷ്‌ടപ്പെടുന്നവര്‍ ഏറെയാണ്. സിനിമകള്‍ക്ക് പുറമെ സാമൂഹിക രാഷ്‌ട്രീയ രംഗത്തും സജീവമാണ് അദ്ദേഹം.

ഒരിടവേളയ്‌ക്ക് ശേഷം ശക്തമായ തിരിച്ചുവരവാണ് നടന്‍ മലയാളത്തില്‍ നടത്തിയത്. മാസ് ആക്ഷന്‍ ചിത്രങ്ങള്‍ക്ക് പുറമെ കലാമൂല്യമുള്ള സിനിമകള്‍ ചെയ്‌തും സുരേഷ് ഗോപി പ്രേക്ഷകരുടെ കൈയ്യടി നേടിയിരുന്നു. സഹനടനായും വില്ലനായും കരിയറിന് തുടക്കമിട്ട താരം പിന്നീടാണ് നായകവേഷങ്ങളിലേക്ക് എത്തിയത്.

മാസ് ആക്ഷന്‍ ചിത്രങ്ങളിലൂടെയാണ് അദ്ദേഹം സൂപ്പര്‍താര പദവിയിലേക്ക് ഉയര്‍ന്നത്. മമ്മൂട്ടിക്കും മോഹന്‍ലാലിനും ശേഷം പ്രേക്ഷകരുടെ പ്രിയങ്കരനായ താരമാണ് സുരേഷ് ഗോപി. പ്രിയ താരത്തിന്‍റെ 64-ാം പിറന്നാളാണിന്ന്. നടന് ജന്മദിനാശംസകള്‍ നേര്‍ന്ന് നിരവധി പേരാണ് സമൂഹ മാധ്യമങ്ങളില്‍ എത്തുന്നത്.

ഒരിടവേളയ്‌ക്ക് ശേഷം കൈനിറയെ ചിത്രങ്ങളുമായി നടന്‍ മലയാളത്തില്‍ വീണ്ടും സജീവമാണ്. മാസ് എന്‍റര്‍ടയ്‌നറുകളാണ് നടന്‍റേതായി കൂടുതല്‍ അണിയറയില്‍ ഒരുങ്ങുന്നത്. പിറന്നാള്‍ സമയത്ത് ആരാധകര്‍ക്കായി നടന്‍റെ ചില സിനിമകളുടെ പോസ്‌റ്ററുകളും അണിയറക്കാര്‍ പുറത്തുവിട്ടിട്ടുണ്ട്.

നിരവധി സൂപ്പര്‍ഹിറ്റ് സിനിമകളിലൂടെ മോളിവുഡില്‍ തന്‍റേതായ ഒരു സ്ഥാനം ഉണ്ടാക്കിയെടുത്ത നടന്‍ കൂടിയാണ് അദ്ദേഹം. പൊലീസ് റോളുകളില്‍ മലയാളി എറ്റവും കൂടുതല്‍ കാണാന്‍ ആഗ്രഹിക്കുന്നത് സുരേഷ് ഗോപിയെ തന്നെയാണ്. ഇതുവരെ ചെയ്‌ത പൊലീസ് കഥാപാത്രങ്ങളെല്ലാം നടന്‍ മികവുറ്റതാക്കിയിരുന്നു.

ഓടയില്‍ നിന്ന് എന്ന ചിത്രത്തില്‍ ബാലതാരമായാണ് സുരേഷ് ഗോപിയുടെ തുടക്കം. തുടര്‍ന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം 1986 മുതല്‍ സഹനടനായുളള വേഷങ്ങളില്‍ സജീവമായി. രാജാവിന്‍റെ മകന്‍ എന്ന ചിത്രത്തിലെ നായകന്‍റെ വിശ്വസ്‌ത കൂട്ടാളിയായ കുമാര്‍ എന്ന നെഗറ്റീവ് വേഷമാണ് കരിയറില്‍ വലിയ വഴിത്തിരിവായത്.

രാജാവിന്‍റെ മകന് ശേഷം ചെറുതും വലുതുമായ നിരവധി വേഷങ്ങള്‍ സുരേഷ് ഗോപിയെ തേടിയെത്തി. പിന്നീട് 1992ല്‍ പുറത്തിറങ്ങിയ ഷാജി കൈലാസ് ചിത്രം തലസ്ഥാനം കരിയറില്‍ ബ്രേക്ക് നല്‍കി. തുടര്‍ന്ന് ഷാജി കൈലാസിന്‍റെ തന്നെ കമ്മീഷണര്‍ എന്ന സിനിമ വന്‍ഹിറ്റായതോടെ നടന്‍ സൂപ്പര്‍താര പദവിയിലേക്ക് ഉയര്‍ന്നു.

കമ്മീഷണറിലെ ഭരത് ചന്ദ്രന്‍ ഐപിഎസും, ആ കഥാപാത്രത്തിന്‍റെ പഞ്ച് ഡയലോഗുകളും, മാനറിസങ്ങളും എല്ലാം പിന്നീട് യുവാക്കള്‍ക്കിടയില്‍ തരംഗമായി മാറിയിരുന്നു. സുരേഷ് ഗോപിയുടെ കരിയറിലെ എറ്റവും ഓര്‍മിക്കപ്പെടുന്ന ചിത്രമായും കമ്മീഷണര്‍ മാറി. പിന്നീട് തുടര്‍ച്ചയായി പോലീസ് വേഷങ്ങള്‍ അദ്ദേഹം ചെയ്‌തെങ്കിലും അതില്‍ കുറച്ച് മാത്രമാണ് വലിയ വിജയം നേടിയത്.

ഒരുസമയത്ത് പോലീസ് റോളുകള്‍ മാറ്റിവച്ച് കുടുംബ നായകനായി നടന്‍ സിനിമകളില്‍ പ്രത്യക്ഷപ്പെട്ടു. ലേലം, വാഴുന്നോര്‍ എന്നീ സിനിമകളെല്ലാം സുരേഷ് ഗോപിയുടേതായി വലിയ വിജയങ്ങളായ കുടുംബ ചിത്രങ്ങളാണ്. 1997ല്‍ കളിയാട്ടം എന്ന ചിത്രത്തിലെ പ്രകടനത്തിന് ആദ്യമായി മികച്ച നടനുളള ദേശീയ ചലച്ചിത്ര പുരസ്‌കാരം അദ്ദേഹം നേടി.

പിന്നീട് നടന് പരാജയചിത്രങ്ങള്‍ ഉണ്ടാവുകയും സിനിമയില്‍ നിന്നും ഇടവേളയെടുക്കുകയും ചെയ്‌തിരുന്നു. പിന്നീടും നിരവധി ചിത്രങ്ങള്‍ സാമ്പത്തികമായി പരാജയപ്പെട്ടു. എന്നാല്‍ കലാമൂല്യമുളള ചില സിനിമകള്‍ സുരേഷ് ഗോപിയെന്ന അഭിനേതാവിന്‍റെ പ്രതിഭ വീണ്ടും കാണിച്ചുതന്നു. ഇതില്‍ മകൾക്ക് എന്ന സിനിമ സുരേഷ് ഗോപിയുടെതായി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

സിനിമയില്‍ അദ്ദേഹം ശ്രദ്ധേയമായ അഭിനയം കാഴ്‌ചവയ്ക്കുകയും സംസ്ഥാന പുരസ്‌കാരത്തിന് നാമനിർദേശം ചെയ്യപ്പെടുകയുമുണ്ടായി. ഒരിടവേളയ്‌ക്ക് ശേഷം 2005-ൽ ഭരത്‌ചന്ദ്രൻ ഐ.പി.എസ്. എന്ന കമ്മീഷണർ ചിത്രത്തിന്‍റെ രണ്ടാം പതിപ്പുമായി നടന്‍ ശക്തമായ തിരിച്ചുവരവ് നടത്തി. മികച്ച വിജയമാണ് സിനിമ തിയേറ്ററുകളില്‍ നേടിയത്. 2020ല്‍ വരനെ ആവശ്യമുണ്ട് എന്ന സിനിമ സൂപ്പര്‍ഹിറ്റാക്കി നടന്‍ വീണ്ടും സിനിമയില്‍ സജീവമായി.

സത്യന്‍ അന്തിക്കാടിന്‍റെ മകന്‍ അനൂപ് സത്യന്‍ സംവിധാനം ചെയ്‌ത സിനിമയിലെ മേജര്‍ ഉണ്ണികൃഷ്‌ണന്‍ എന്ന കഥാപാത്രം പ്രേക്ഷക പ്രശംസ നേടി. മലയാളികളുടെ ഇഷ്‌ട താരജോഡിയായ സുരേഷ് ഗോപി-ശോഭന കൂട്ടുകെട്ട് വീണ്ടും ഒന്നിച്ച ചിത്രം കൂടിയായിരുന്നു ഇത്. വരനെ ആവശ്യമുണ്ട് സിനിമയ്‌ക്ക്‌ ശേഷം കാവല്‍ എന്ന ചിത്രവും നടന്‍റെതായി പുറത്തിറങ്ങി. നിലവില്‍ ജോഷി സംവിധാനം ചെയ്യുന്ന പാപ്പന്‍, ഒറ്റക്കൊമ്പന്‍, മേം ഹൂം മൂസ, ഹൈവേ 2 എന്നീ ചിത്രങ്ങളാണ് നടന്‍റേതായി അണിയറയില്‍ ഒരുങ്ങുന്നത്.

സിനിമകള്‍ക്കൊപ്പം തന്നെ സാമൂഹിക-ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും, രാഷ്‌ട്രീയ രംഗത്തുമെല്ലാം സജീവമാണ് സുരേഷ് ഗോപി. ഒരു നടന്‍ എന്നതിലുപരി മനുഷ്യസ്‌നേഹി എന്ന നിലയില്‍ സുരേഷ് ഗോപിയെ ഇഷ്‌ടപ്പെടുന്നവര്‍ ഏറെയാണ്. നിങ്ങള്‍ക്കും ആകാം കോടീശ്വരന്‍ എന്ന പരിപാടിയില്‍ അവതാരകനായെത്തിയും ശ്രദ്ധനേടി.

ഈ പരിപാടിയിലൂടെ ഒരുപാട് പേര്‍ക്ക് സഹായങ്ങള്‍ അദ്ദേഹം വാഗ്‌ദാനം ചെയ്‌തു. ഇന്നും അദ്ദേഹത്തിന്‍റെ സൂപ്പര്‍ ഹിറ്റ് സിനിമകള്‍ വീണ്ടും വീണ്ടും കാണുന്ന പ്രേക്ഷകര്‍ ഏറെയാണ്. മലയാളത്തിന് പുറമെ മറ്റ് തെന്നിന്ത്യന്‍ ഭാഷകളിലും നടന് ആരാധകര്‍ ഏറെയുണ്ട്. മലയാളികളുടെ പ്രിയ ആക്ഷന്‍ സൂപ്പര്‍ സ്റ്റാറിന് 64-ാം ജന്മദിനാശംസകള്‍ നേരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.