അജയ് ഭൂപതിയുടെ ഹൊറർ ത്രില്ലർ 'ചൊവ്വാഴ്‌ച' ; പിന്നാമ്പുറ കാഴ്‌ചകളുമായി മേക്കിംഗ് വീഡിയോ

അജയ് ഭൂപതിയുടെ ഹൊറർ ത്രില്ലർ 'ചൊവ്വാഴ്‌ച' ; പിന്നാമ്പുറ കാഴ്‌ചകളുമായി മേക്കിംഗ് വീഡിയോ
Chovvazhcha Making video out : 'ചൊവ്വാഴ്‌ച' നവംബർ 17ന് തിയേറ്ററുകളിലേക്ക്
പ്രശസ്‌ത സംവിധായകൻ അജയ് ഭൂപതി ഒരുക്കുന്ന പാൻ ഇന്ത്യൻ ആക്ഷൻ ഹൊറർ ത്രില്ലർ ചിത്രം 'ചൊവ്വാഴ്‌ച' (മംഗളവാരം) റിലീസിനൊരുങ്ങുകയാണ്. നവംബർ 17നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുക. ഇപ്പോഴിതാ സിനിമയുടെ റിലീസിനായി പ്രതീക്ഷയോടെ കാത്തിരിക്കുന്ന പ്രേക്ഷകരെ ആവേശത്തിലാക്കി ചിത്രത്തിന്‍റെ മേക്കിംഗ് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ (Chovvazhcha Making video).
പ്രേക്ഷകരുടെ കണ്ണിൽ ഭയം നിറയ്‌ക്കുന്ന ദൃശ്യാനുഭവം തന്നെയാകും 'ചൊവ്വാഴ്‌ച'യെന്ന് വീഡിയോയിൽ സംവിധായകൻ അജയ് ഭൂപതി സാക്ഷ്യപ്പെടുത്തുന്നുണ്ട്. തെലുഗു, തമിഴ്, കന്നഡ, മലയാളം, ഹിന്ദി എന്നീ ഭാഷകളിലാണ് 'ചൊവ്വാഴ്‌ച' പ്രേക്ഷകരിലേക്കെത്തുക. സിനിമയുടേതായി ഇതുവരെ പുറത്തിറങ്ങിയ ടീസറും ട്രെയിലറും പോസറ്ററുകളും ഗാനങ്ങളുമെല്ലാം മികച്ച പ്രതികരണം നേടിയിരുന്നു.
കാന്താര ഫെയിം അജനീഷ് ലോക്‌നാഥാണ് ഈ ചിത്രത്തിന് സംഗീതം പകരുന്നത്. നേരത്തെ പുറത്തുവന്ന 'നീയേയുള്ളു എന്നുമെൻ' എന്ന ഗാനം പ്രേക്ഷക ശ്രദ്ധയാകര്‍ഷിച്ചിരുന്നു. സന്തോഷ് വർമ രചന നിർവഹിച്ച ഗാനം ആലപിച്ചത് മെറിൻ ഗ്രിഗറിയാണ്. അജനീഷ് ലോക്‌നാഥ് ആണ് സിനിമയുടെ പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്.
'കണ്ണിലെ ഭയം' എന്ന് ടാഗ് ലൈനോടെയാണ് അണിയറ പ്രവർത്തകർ ട്രെയിലര്‍ പുറത്തുവിട്ടിരുന്നത്. ഒരു ഗ്രാമവും അവിടെയുള്ള ഗ്രാമവാസികളുമാണ് ട്രെയിലറിൽ. ചൊവ്വാഴ്‌ച ദിവസങ്ങളില്‍ ആ ഗ്രാമത്തിൽ സംഭവിക്കുന്ന ദുരൂഹ മരണങ്ങളാണ് 'ചൊവ്വാഴ്‌ച'യുടെ ഇതിവൃത്തമെന്ന സൂചന നൽകുന്നതായിരുന്നു ട്രെയിലർ.
പായൽ രാജ്‌പുത്ത് ആണ് ഈ പാൻ ഇന്ത്യൻ ചിത്രത്തിലെ നായിക. ചൈതന്യ കൃഷ്‌ണ, അജയ് ഘോഷ്, ലക്ഷ്‌മൺ എന്നിവരും 'ചൊവ്വാഴ്‌ച'യി ല്‍ പ്രധാന വേഷങ്ങളിലുണ്ട്. സംവിധായകന്‍ അജയ് ഭൂപതി തന്നെയാണ് ചിത്രത്തിന്‍റെ കഥയും തിരക്കഥയും ഒരുക്കിയത്.
എ ക്രിയേറ്റീവ് വർക്ക്‌സ്, മുദ്ര മീഡിയ വർക്ക്‌സ് എന്നീ ബാനറുകളിൽ അജയ് ഭൂപതി, സുരേഷ് വർമ എം, സ്വാതി റെഡ്ഡി ഗുണുപതി എന്നിവർ ചേർന്നാണ് സിനിമയുടെ നിര്‍മാണം. പ്രശസ്‌ത തെലുഗു ചിത്രം 'ആര്‍എക്‌സ് 100'ന്‍റെ സംവിധായകനായ അജയ് ഭൂപതിയുടെ ആദ്യ നിർമാണ സംരംഭം എന്ന പ്രത്യേകത കൂടിയുണ്ട് 'ചൊവ്വാഴ്‌ച'യ്‌ക്ക്.
താജുദ്ദീൻ സയ്യിദ്, കല്യാൺ രാഘവ് എന്നിവരാണ് ചിത്രത്തിന്‍റെ സംഭാഷണ രചന നിർവഹിച്ചത്. കൊറിയോഗ്രാഫർ - ഭാനു, ഫൈറ്റ് മാസ്‌റ്റർ - പൃഥ്വി, റിയൽ സതീഷ്, കലാസംവിധാനം - മോഹൻ തല്ലൂരി, ഛായാഗ്രഹണം - ദാശരധി ശിവേന്ദ്ര, എഡിറ്റർ - മാധവ് കുമാർ ഗുല്ലപ്പള്ളി, കോസ്റ്റ്യൂം ഡിസൈനർ - മുദാസർ മുഹമ്മദ്, സൗണ്ട് ഡിസൈനർ ആന്‍ഡ് ഓഡിയോഗ്രഫി - രാജ കൃഷ്‌ണൻ (ദേശീയ അവാർഡ് ജേതാവ്), എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ - സായികുമാർ യാദവില്ലി, പ്രൊഡക്ഷൻ ഡിസൈനർ - രഘു കുൽക്കർണി, ഡിജിറ്റൽ മാർക്കറ്റിങ് - ട്രെൻഡി ടോളി, ടോക്ക് സ്‌കൂപ്പ്, പിആർഒ - പി ശിവപ്രസാദ്, പുലകം ചിന്നരായ എന്നിവരാണ് ചിത്രത്തിലെ മറ്റ് അണിയറ പ്രവർത്തകർ.
