ജോജുവിന്‍റെ 'പുലിമട' ഒടിടിയിലേക്ക്; റിലീസ് തീയതി പുറത്തുവിട്ട് നെറ്റ്‌ഫ്ലിക്‌സ്

ജോജുവിന്‍റെ 'പുലിമട' ഒടിടിയിലേക്ക്; റിലീസ് തീയതി പുറത്തുവിട്ട് നെറ്റ്‌ഫ്ലിക്‌സ്
Pulimada will be available on Netflix from November 23 : 'പുലിമട' നവംബര്‍ 23 മുതൽ നെറ്റ്‌ഫ്ലിക്‌സിൽ
മലയാളികളുടെ പ്രിയ താരം ജോജു ജോർജ് നായകനായ 'പുലിമട' പ്രേക്ഷകരുടെ സ്വീകരണ മുറികളിലേക്ക് എത്തുന്നു. എ കെ സാജൻ സംവിധാനം ചെയ്‌ത സിനിമയുടെ ഒടിടി റിലീസ് പ്രഖ്യാപിച്ചു (Joju George starrer Pulimada ott release). നവംബര്‍ 23ന് 'പുലിമട' ഒടിടിയിൽ പ്രദര്‍ശനം ആരംഭിക്കും. നെറ്റ്‌ഫ്ലിക്‌സാണ് ചിത്രത്തിന്‍റെ ഒടിടി റൈറ്റ്‌സ് സ്വന്തമാക്കിയിരിക്കുന്നത് (Pulimada will start streaming on Netflix from November 23).
പ്രേക്ഷക - നിരൂപക പ്രശംസയേറ്റുവാങ്ങിയ 'പുലിമട' ബോക്‌സോഫിസിലും മികച്ച നേട്ടം കൊയ്‌തിരുന്നു. വേറിട്ട പ്രകടനം കൊണ്ട് ജോജു ജോർജ് ഞെട്ടിച്ച ചിത്രം ഒടിടിയിൽ എത്തുന്നതിന്‍റെ ആവേശത്തിലാണ് പ്രേക്ഷകർ. ഐശ്വര്യ രാജേഷാണ് ചിത്രത്തിൽ നായികയായി എത്തിയത്. ലിജോ മോളും 'പുലിമട'യിൽ സുപ്രധാന വേഷത്തിലുണ്ട്.
ബാലചന്ദ്ര മേനോൻ, ചെമ്പൻ വിനോദ്, ജോണി ആന്‍റണി, ജാഫർ ഇടുക്കി, ജിയോ ബേബി, അബു സലിം, സോന നായർ, കൃഷ്‌ണ പ്രഭ, പൗളി വിത്സൻ തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കോമഡി ഫാമിലി ത്രില്ലർ ജോണറിൽ അണിയിച്ചൊരുക്കിയ 'പുലിമട'യിൽ പൊലീസ് കോൺസ്റ്റബിളായ 'വിൻസന്‍റ് സ്‌കറി'യയായാണ് ജോജു ജോർജ് എത്തുന്നത്. വിൻസന്‍റ് സ്‌കറിയയുടെ വിവാഹവും അതുമായി ബന്ധപ്പെട്ട് നടക്കുന്ന സംഭവങ്ങളുമാണ് 'പുലിമട' പറയുന്നത്.
'പെണ്ണിന്‍റെ സുഗന്ധം' (സെന്‍റ് ഓഫ് എ വുമൺ) എന്ന ടാഗ് ലൈനോടെ, വ്യത്യസ്‌തമായ കഥാപശ്ചാത്തലവുമായി എത്തിയ 'പുലിമട' ഐൻസ്റ്റീൻ മീഡിയയുടെയും ലാൻഡ് സിനിമാസിന്‍റെയും ബാനറില്‍ ഐന്‍സ്റ്റീന്‍ സാക് പോളും രാജേഷ് ദാമോദരനും ചേര്‍ന്നാണ് നിര്‍മിച്ചത്. വയനാടായിരുന്നു ചിത്രത്തിന്‍റെ പ്രധാന ലൊക്കേഷൻ. ഒരു ഷെഡ്യൂളിൽ 60 ദിവസം കൊണ്ടാണ് 'പുലിമട'യുടെ ചിത്രീകരണം പൂർത്തീകരിച്ചത്.
ചിത്രത്തിലെ ഗാനങ്ങളെല്ലാം തന്നെ മികച്ച പ്രതികരണം നേടിയിരുന്നു. പ്രശസ്‌ത സംഗീതജ്ഞൻ ഇഷാൻ ദേവാണ് ചിത്രത്തിലെ ഗാനങ്ങൾക്ക് ഈണം പകർന്നത്. അനിൽ ജോൺസനാണ് പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്.
ചിത്രത്തിന്‍റെ മേക്കിങ്ങിനൊപ്പം കാമറ വർക്കും തിയേറ്ററുകളിൽ കയ്യടി നേടിയിരുന്നു. പ്രശസ്‌ത ഛായാഗ്രാഹകൻ വേണുവാണ് 'പുലിമട'യ്‌ക്കായി കാമറ ചലിപ്പിച്ചത്. സ്വന്തം സംവിധാനത്തിൽ അല്ലാതെ മറ്റൊരു ചിത്രത്തിനായി വേണു ഛായാഗ്രഹണം നിർവഹിച്ചത് പത്തു വർഷത്തെ ഇടവേളയ്‌ക്ക് ശേഷമാണ് എന്നതും ശ്രദ്ധേയമാണ്.
എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ - വർക്കി ജോർജ്, പ്രൊഡക്ഷൻ ഡിസൈനർ - വിനീഷ് ബംഗ്ലാൻ, പ്രൊഡക്ഷൻ കൺട്രോളർ - രാജീവ് പെരുമ്പാവൂർ, ഗാനരചന - റഫീഖ് അഹമ്മദ്, ഡോ. താര ജയശങ്കർ, ഫാദർ മൈക്കിൾ പനയ്‌ക്കൽ, ആർട്ട് ഡയറക്‌ടർ - ജിത്തു സെബാസ്റ്റ്യൻ, കോസ്റ്റ്യൂം - സുനിൽ റഹ്മാൻ, സ്റ്റെഫി സേവ്യർ, മേക്കപ്പ് - ഷാജി പുൽപ്പള്ളി, ഷമീർ ശ്യാം, സൗണ്ട് ഡിസൈനിങ് & മിക്‌സിങ് - സിനോയ് ജോസഫ്, ചീഫ് അസോസിയേറ്റ് ഡയറക്‌ടർ - ഹരീഷ് തെക്കേപ്പാട്ട് എന്നിവരാണ് ചിത്രത്തിലെ മറ്റ് അണിയറ പ്രവർത്തകർ.
