സിനിമ മേഖലയിലെ പുത്തൻ സാങ്കേതിക വിദ്യകൾ പ്രദർശിപ്പിച്ച് സിനി എക്‌സ്‌പോ സംഘടിപ്പിച്ചു

സിനിമ മേഖലയിലെ പുത്തൻ സാങ്കേതിക വിദ്യകൾ പ്രദർശിപ്പിച്ച് സിനി എക്‌സ്‌പോ സംഘടിപ്പിച്ചു
സിനിമ നിർമാണ മേഖലയിലെ സാങ്കേതിക സൗകര്യങ്ങളുടെ പ്രദർശനം ജനുവരി 23ന് സത്യൻ മെമ്മോറിയൽ ഹാളിൽ നടത്തി. 11 സ്റ്റാളുകളിലായി ഇന്ത്യയിൽ തന്നെ ആദ്യമായി അവതരിപ്പിക്കപ്പെട്ട ലെൻസുകളും കാമറകളും ഉൾപ്പെടെ സിനിമക്ക് ആവശ്യമായ ഏറ്റവും പുതിയ 50ഓളം ചിത്രീകരണ ഉപകരണങ്ങളാണ് എക്സ്പോയിൽ പ്രദർശിപ്പിച്ചത്.
തിരുവനന്തപുരം: ആഗോളതലത്തിൽ ലഭ്യമായ ഏറ്റവും ആധുനിക കാമറകളും ഏറ്റവും മികച്ച സിനിമ സാങ്കേതിക വിദ്യകളും പ്രദർശിപ്പിച്ച് സിനി എക്‌സ്‌പോ നടത്തി. തിരുവനന്തപുരം സത്യൻ മെമ്മോറിയൽ ഹാളിൽ ചലച്ചിത്ര വികസന കോർപ്പറേഷനും ചലച്ചിത്ര അക്കാദമിയും സംയുക്തമായാണ് സിനി എക്‌സ്‌പോ സംഘടിപ്പിച്ചത്. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗത്ത് നിന്നും എക്സ്പോയിൽ പങ്കെടുക്കാൻ എത്തിയത് നിരവധി പേരാണ്.
സിനിമകൾ എപ്പോഴും പുത്തൻ സാങ്കേതിക വിദ്യയെ ഇരുകൈകളും നീട്ടി സ്വീകരിച്ച ചരിത്രമാണുള്ളത്. എന്നാൽ യുവസംവിധായകരിൽ പലർക്കും അറിയാത്ത, അതിവേഗം കുതിക്കുന്ന സിനിമയുടെ സാങ്കേതിക വിപുലീകരണത്തെ പരിചയപ്പെടുത്തുകയാണിവിടെ. അന്താരാഷ്ട്ര ബ്രാന്‍റുകളായ എആർആർഐ, സോണി, അപ്യുറ്റർ, സിഗ്‌മ, റെഡ് ഡിസ്‌ഗൈസ് എന്നിവയ്‌ക്ക് പുറമെ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത സാങ്കേതിക മികവുകളും ഉൾപ്പെടുത്തിയായിരുന്നു പ്രദർശനം.
11 സ്റ്റാളുകളിലായി ഇന്ത്യയിൽ തന്നെ ആദ്യമായി അവതരിപ്പിക്കപ്പെട്ട ലെൻസുകളും കാമറകളും ഉൾപ്പെടെ സിനിമക്ക് ആവശ്യമായ ഏറ്റവും പുതിയ 50ഓളം ചിത്രീകരണ ഉപകരണങ്ങളാണ് എക്സ്പോയിൽ പ്രദർശിപ്പിച്ചത്.
ചിത്രാഞ്ജലി സ്റ്റുഡിയോയുടെ നവീകരണത്തിന് 150 കോടി: 75 ഏക്കറിലുള്ള ചിത്രാജ്ഞലി സ്റ്റുഡിയോയിൽ കാലങ്ങളായി വളരെ ചുരുക്കം ചലച്ചിത്ര സംഘങ്ങൾ മാത്രമേ ചിത്രീകരണത്തിനായി എത്താറുള്ളു. ഇത് പരിഹരിക്കാനും രാജ്യത്തിനകത്തും പുറത്തും നിന്നുമുള്ള ചിത്രീകരണ സംഘങ്ങളെ ആകർഷിക്കാനും ഉദ്ദേശിച്ചാണ് പുതിയ പദ്ധതി.
നിലവിൽ ഉള്ളതിൽ നിന്നും 3 അധിക സൗണ്ട് പ്രൂഫ് ഫ്ലോറുകൾ, ചിത്രീകരണത്തിനായുള്ള റെയിൽവേ സ്റ്റേഷൻ, എഞ്ചിനുകൾ, ക്രിസ്ത്യൻ പള്ളി, മുസ്ലിം പള്ളി, അമ്പലം, കോടതിമുറി, ക്ലാസ്സ്‌റൂമുകൾ, പൊലീസ് സ്റ്റേഷൻ, തറവാട്, ക്ഷേത്രക്കുളങ്ങൾ, വെള്ളച്ചാട്ടം, കുളങ്ങൾ, അന്തർജല ചിത്രീകരണ സംവിധാനം, വിശ്രമ കേന്ദ്രം, കായികകേന്ദ്രം, നീന്തൽക്കുളം, വാച്ച് ടവർ, ഏറുമാടം, തൂക്കുപാലം എന്നീ സംവിധാനങ്ങൾ ഇതിനായി ഒരുക്കും.
