'ജി2' ; അദിവി ശേഷിന്‍റെ നായികയായി ബനിത സന്ധു, ഏറെ ആഹ്‌ളാദത്തിലെന്ന് താരം

'ജി2' ; അദിവി ശേഷിന്‍റെ നായികയായി ബനിത സന്ധു, ഏറെ ആഹ്‌ളാദത്തിലെന്ന് താരം
Goodachari Sequel 'G2' Starring Adivi Sesh : താൻ ഇതുവരെ ചെയ്‌തതിൽ നിന്ന് ഏറെ വ്യത്യസ്‌തമായ കഥാപാത്രമാണ് 'ജി2' സിനിമയിലേതെന്ന് ബനിത സന്ധു
മേജർ, ഹിറ്റ് ദി സെക്കൻഡ് കേസ് എന്നീ സിനിമകൾക്ക് ശേഷം അദിവി ശേഷ് നായകനായി എത്തുന്ന ചിത്രമാണ് 'ജി2'. 2018 ൽ പുറത്തിറങ്ങിയ 'ഗൂഢാചാരി' എന്ന സിനിമയുടെ രണ്ടാം ഭാഗമാണ് 'ജി2' (Goodachari Sequel 'G2' Starring Adivi Sesh). ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന സിനിമയിലെ നായികയെ പരിചയപ്പെടുത്തിയിരിക്കുകയാണ് അണിയറ പ്രവർത്തകർ.
ബനിത സന്ധു ആണ് 'ജി2' എന്ന ഈ പാൻ ഇന്ത്യൻ ചിത്രത്തിൽ നായികയായി എത്തുക. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടതിന് പിന്നാലെയാണ് ഇപ്പോൾ അണിയറക്കാർ നായികയെ പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിച്ചിരിക്കുന്നത്. വാർത്ത ഏതായാലും സോഷ്യൽ മീഡിയ ഏറ്റെടുത്തുകഴിഞ്ഞു (Banita Sandhu as heroine in Adivi Sesh's G2 ).
'ഒക്‌ടോബർ', 'സർദാർ ഉദ്ദം' തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ ആകർഷിച്ച താരമാണ് ബനിത സന്ധു. 'ജി2'ലും താരം ഗംഭീര പ്രകടനം കാഴ്‌ചവയ്‌ക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. ഇതിനിടെ സിനിമയെ കുറിച്ചുള്ള ബനിത സന്ധുവിന്‍റെ വാക്കുകളും ശ്രദ്ധ നേടുകയാണ്.
ബനിത സന്ധുവിന്‍റെ വാക്കുകൾ ഇങ്ങനെ : ' ഇത് എന്‍റെ ആദ്യ പാൻ - ഇന്ത്യൻ സിനിമയാണ്. അവിശ്വസനീയവും ദീർഘവീക്ഷണമുള്ളതുമായ ഒരു ടീമുമായി സഹകരിക്കാൻ കഴിഞ്ഞതിൽ ഞാൻ ഏറെ ആഹ്ളാദത്തിലാണ്. ഞാൻ ഇതുവരെ ചെയ്‌തതിൽ നിന്ന് വ്യത്യസ്‌തമായ ഒരു വേഷമാണ് ഈ സിനിമയിലേത്.
എനിക്ക് ഇനിയും കാത്തിരിക്കാനാവില്ല. തികച്ചും പുതുമയുള്ള ഒരു കഥാപാത്രമായി എന്നെ പ്രേക്ഷകർക്ക് ഈ ചിത്രത്തിൽ കാണാനാകും. ക്രിയാത്മകമായ ഒരു ലോകത്തേക്ക് കടന്നുവരുന്നതിന്‍റെ എല്ലാവിധ സന്തോഷവുമാണ് ഈ ചിത്രത്തിന്‍റെ ഭാഗമാകുന്നതിലൂടെ ഞാൻ അനുഭവിച്ചറിയുന്നത്'.
പിന്നാലെ ബനിതയ്‌ക്ക് ആശംസകൾ അറിയിച്ചുകൊണ്ട് അദിവി ശേഷും എത്തി. 'ജി2'വിന്‍റെ ലോകത്തേക്ക് ബനിതയെ സ്‌നേഹപൂർവം സ്വാഗതം ചെയ്യുന്നുവെന്ന് കുറിച്ച താരം അത്ഭുതപ്പെടുത്തുന്ന പ്രകടനമാണ് താൻ പ്രതീക്ഷിക്കുന്നതെന്നും കുറിച്ചു.
വിനയ് കുമാർ സിരിഗിനീഡിയാണ് ഈ ചിത്രത്തിന്‍റെ സംവിധായകൻ. പീപ്പിൾ മീഡിയ ഫാക്‌ടറി, അഭിഷേക് അഗർവാൾ ആർട്‌സ്, എകെ എന്‍റർടെയിൻമെൻസ് എന്നിവയുടെ ബാനറിൽ ടി ജി വിശ്വ പ്രസാദും അഭിഷേക് അഗർവാളും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.
'താളി'ലെ പുതിയ ഗാനത്തിന്‍റെ ലിറിക്കൽ വീഡിയോ പുറത്ത് : ആൻസൺ പോൾ, ആരാധ്യ ആന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി രാജാസാഗർ സംവിധാനം ചെയ്യുന്ന 'താളി'ലെ പുതിയ ഗാനം പുറത്ത്. ക്യാമ്പസ് ജീവിതത്തിന്‍റെ കഴിഞ്ഞ കാല ഓർമകളിലേക്ക് പ്രേക്ഷകരെ കൂട്ടിക്കൊണ്ടുപോകുന്ന സിനിമയിലെ 'പുലരിയിൽ ഇളവെയിൽ' എന്ന് തുടങ്ങുന്ന ഗാനത്തിന്‍റെ ലിറിക്കൽ വീഡിയോയാണ് പുറത്തുവന്നത്.
ബി കെ ഹരിനാരായണന്‍റെ വരികൾക്ക് ബിജിബാൽ ആണ് സംഗീതം പകർന്നിരിക്കുന്നത്. കെ എസ് ഹരിശങ്കറും ശ്വേത മോഹനുമാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഏറെ നാളത്തെ ഇടവേളയ്‌ക്കുശേഷമാണ് മലയാളത്തിൽ വീണ്ടും ഒരു ക്യാമ്പസ് ചിത്രം ഒരുങ്ങുന്നത് എന്നതും 'താളി'നെ സവിശേഷമാക്കുന്നു. ഗ്രേറ്റ് അമേരിക്കൻ ഫിലിംസിന്‍റെ ബാനറിൽ ക്രിസ് തോപ്പിൽ, മോണിക്ക കമ്പാട്ടി, നിഷീൽ കമ്പാട്ടി എന്നിവരാണ് ഈ ചിത്രം നിർമിക്കുന്നത്.
