യുവതിയുടെയും രണ്ട് മക്കളുടെയും മരണം; ഭര്‍ത്താവായ പൊലീസ് ഉദ്യോഗസ്ഥന്‍ അറസ്റ്റിൽ

യുവതിയുടെയും രണ്ട് മക്കളുടെയും മരണം; ഭര്‍ത്താവായ പൊലീസ് ഉദ്യോഗസ്ഥന്‍ അറസ്റ്റിൽ
വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രി എയ്‌ഡ് പോസ്റ്റില്‍ സിവില്‍ പോലീസ് ഓഫീസറായി ജോലി ചെയ്യുന്ന ആലപ്പുഴ സക്കറിയ വാര്‍ഡ് നവാസ് മന്‍സിലില്‍ റെനീസാണ് അറസ്റ്റിലായത്
ആലപ്പുഴ: പൊലീസ് ക്വാര്‍ട്ടേഴ്‌സില്‍ മക്കളെ കൊലപ്പെടുത്തിയ ശേഷം അമ്മ ആത്മഹത്യ ചെയ്‌ത കേസിൽ ഭർത്താവായ പൊലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ. വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രി എയ്‌ഡ് പോസ്റ്റില്‍ സിവില്‍ പൊലീസ് ഓഫീസറായി ജോലി ചെയ്യുന്ന ആലപ്പുഴ സക്കറിയ വാര്‍ഡ് നവാസ് മന്‍സിലില്‍ റെനീസിനെയാണ് (32) അറസ്റ്റ് ചെയ്‌തത്.
സ്ത്രീപീഡനം,ആത്മഹത്യ പ്രേരണ എന്നീ കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. ഇയാളെ ഉടൻ കോടതിയിൽ ഹാജരാക്കും.
മെയ് 9നാണ് സംഭവം. മകളെ വെള്ളത്തില്‍ മുക്കി കൊന്ന നിലയിലും മകനെ കഴുത്ത് ഞെരിച്ച് കൊന്ന നിലയിലും, നെജിലയെ ക്വാട്ടേഴ്‌സിലെ മുറിയിൽ തൂങ്ങി മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. രാവിലെ ഡ്യൂട്ടി കഴിഞ്ഞെത്തി പലതവണ കതകിൽ മുട്ടിയിട്ടും വാതിൽ തുറക്കാത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മൂവരെയും മരിച്ച നിലയിൽ കണ്ടെത്തിയതെന്നാണ് റെനീസിന്‍റെ മൊഴി. അതേസമയം ഭർത്താവായ റെനീസിന്‍റെ വർഷങ്ങളായുള്ള ശാരീരിക-മാനസിക പീഡനങ്ങളാണ് രണ്ട് പിഞ്ചുകുഞ്ഞുങ്ങളുടെയും 28കാരിയായ അമ്മയുടെയും മരണത്തിലേക്ക് നയിച്ചതെന്നാണ് കുടുംബത്തിന്‍റെ ആരോപണം.
Also read: യുവതിയുടെ മരണം; പൊലീസുകാരനെതിരെ ഗുരുതര ആരോപണവുമായി കുടുംബം
