'ആരാണ് ആ ഭാഗ്യവാന്‍' ; കേരള സംസ്ഥാന ഭാഗ്യക്കുറിയെക്കുറിച്ച് അറിയേണ്ടതെല്ലാം

author img

By

Published : Sep 21, 2022, 3:55 PM IST

Updated : Sep 21, 2022, 5:42 PM IST

Lottery  Kerala State Lottery  Lottery and its Procedures  Complete Information about Kerala State Lottery  കേരള സംസ്ഥാന ഭാഗ്യക്കുറി  ഭാഗ്യക്കുറി  സംസ്ഥാന ഭാഗ്യക്കുറിയെക്കുറിച്ച് അറിയേണ്ടതെല്ലാം  ലോട്ടറി  തിരുവനന്തപുരം  ഓണം ബംബര്‍  പൂജ ബംബര്‍  കേരള സംസ്ഥാനത്തിന് കീഴില്‍  വില്‍പനക്കെത്തുന്ന ലോട്ടറി

സംസ്ഥാനത്ത് വില്‍പനയ്‌ക്കെത്തുന്ന ലോട്ടറിയെക്കുറിച്ച് അറിയേണ്ടതെല്ലാം

തിരുവനന്തപുരം : ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സമ്മാനത്തുകയുമായി കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ ഓണം ബംബര്‍ നറുക്കെടുപ്പ് കഴിഞ്ഞു. പത്ത് കോടി രൂപ സമ്മാനത്തുകയുള്ള പൂജ ബംബര്‍ ഇറങ്ങിയിട്ടുമുണ്ട്. അതേസമയം സര്‍ക്കാര്‍ സംവിധാനത്തില്‍ വില്‍പനയ്‌ക്കെത്തുന്ന ഭാഗ്യക്കുറികളിലൂടെ കോടികളുടെ വരുമാനമാണ് വര്‍ഷം തോറും സംസ്ഥാന ഖജനാവിലേക്കെത്തുന്നത്. കോടികള്‍ സമ്മാനിക്കുന്ന ബംബറുകള്‍ കൂടാതെ ദിവസേന നറുക്കെടുക്കുന്ന ലോട്ടറി ടിക്കറ്റുകളും സംസ്ഥാനത്തുണ്ട്.

ഏഴ് പ്രതിദിന ലോട്ടറികള്‍, ആറ് ബംബറുകള്‍ : സംസ്ഥാനത്ത് എല്ലാ ദിവസവും ലോട്ടറി നറുക്കെടുപ്പ് നടക്കുന്നുണ്ട്. അക്ഷയ, കാരുണ്യ, കാരുണ്യ പ്ലസ്, നിര്‍മല്‍, സ്‌ത്രീശക്തി, വിന്‍ വിന്‍, ഫിഫ്റ്റി‌ ഫിഫ്റ്റി‌ തുടങ്ങിയവയാണ് പ്രതിദിന ലോട്ടറികള്‍. ഇതില്‍ ഫിഫ്റ്റി‌ ഫിഫ്റ്റി‌ ലോട്ടറിയാണ് പ്രതിദിന ലോട്ടറികളില്‍ ഏറ്റവും ഉയര്‍ന്ന സമ്മാനത്തുക നല്‍കിവരുന്നത്. ഒരു കോടി രൂപയാണ് ഞായറാഴ്‌ചകളില്‍ നറുക്കെടുക്കുന്ന ഇതിന്‍റെ സമ്മാനത്തുക. മറ്റ് ലോട്ടറികള്‍ക്കും ഒരു കോടിക്കടുത്ത് സമ്മാനത്തുകയുണ്ട്.

വര്‍ഷംതോറും ലോട്ടറി വകുപ്പ് പുറത്തിറക്കുന്ന ടിക്കറ്റുകളാണ് ബംബര്‍ ടിക്കറ്റുകള്‍. മണ്‍സൂണ്‍ ബംബര്‍, പൂജ ബംബര്‍, സമ്മര്‍ ബംബര്‍, തിരുവോണം ബംബര്‍, വിഷു ബംബര്‍, ക്രിസ്‌തുമസ് ന്യൂ ഇയര്‍ ബംബര്‍ എന്നിവയാണ് നിലവിലുള്ളവ.

Also Read:മകന്‍റെ കുടുക്ക പൊട്ടിച്ച് ടിക്കറ്റെടുത്തു; ശ്രീവരാഹം സ്വദേശി അനൂപിന് 25 കോടിയുടെ മഹാഭാഗ്യം

പ്രവര്‍ത്തനം ലോട്ടറി റെഗുലേഷന്‍ ആക്‌ട് അനുസരിച്ച് : സംസ്ഥാനത്ത് ലോട്ടറി വകുപ്പാണ് അച്ചടിയും വില്‍പനയും നറുക്കെടുപ്പും നടത്തുന്നത്. ലോട്ടറി റെഗുലേഷന്‍ ആക്‌ട് അനുസരിച്ചാണ് ഇതിന്‍റെ പ്രവര്‍ത്തനം. ലോട്ടറി വകുപ്പ് അച്ചടിക്കുന്ന ടിക്കറ്റുകള്‍ ഏജന്റുമാര്‍ വഴിയാണ് വില്‍പനയ്ക്ക് എത്തിക്കുക. ലോട്ടറി ഡയറക്‌ടര്‍ക്കാണ് പ്രന്റിങ്ങിന്‍റെ ചുമതല. സര്‍ക്കാറിന്‍റെ നിര്‍ദേശമനുസരിച്ചാണ് ടിക്കറ്റ് പ്രിന്‍റിംഗ് നടത്തുക.

ടിക്കറ്റിന്‍റെ എണ്ണം സര്‍ക്കാരാണ് തീരുമാനിക്കുക. സര്‍ക്കാര്‍ പ്രസിലാണ് ഇവ അച്ചടിക്കുക. സീരിയല്‍ നമ്പര്‍, ടിക്കറ്റിന്‍റെ വില, നറുക്കെടുപ്പ് തീയതി, സമ്മാനം എന്നിവയെല്ലാം രേഖപ്പെടുത്തിയാണ് ടിക്കറ്റ് അച്ചടിക്കുക. തട്ടിപ്പ് ഒഴിവാക്കാന്‍ ബാര്‍കോഡും ടിക്കറ്റിലുണ്ടാകും. അച്ചടിച്ച് സീരീസ് കൃത്യമായി രേഖപ്പെടുത്തിയ ശേഷമാണ് വില്‍പനയ്ക്കായി ഏജന്‍റുമാര്‍ക്ക് നല്‍കുക. ഇതിന്‍റെ വിവരങ്ങള്‍ ലോട്ടറി വകുപ്പ് സൂക്ഷിക്കും. വില്‍ക്കാത്ത ടിക്കറ്റുകളുടെ വിവരങ്ങള്‍ ഏജന്‍റുമാര്‍ നറുക്കെടുപ്പിന് മുമ്പ് തന്നെ വകുപ്പിനെ അറിയിക്കണം. ഈ നമ്പറുകള്‍ നറുക്കെടുപ്പില്‍ നിന്നും ഒഴിവാക്കും.

നറുക്കെടുപ്പും തുടര്‍ന്നുള്ള പ്രക്രിയകളും : ലോട്ടറി ടിക്കറ്റിന്‍റെ നറുക്കെടുപ്പ് തിരുവനന്തപുരത്താകും നടക്കുക. 5000 രൂപ വരെയുള്ള സമ്മാനങ്ങള്‍ ഉടന്‍ തന്നെ മാറാന്‍ കഴിയും. ഈ ചെറിയ സമ്മാനങ്ങള്‍ ലോട്ടറി വില്‍പനക്കാരന്‍റെ അടുത്തുനിന്ന് തന്നെ മാറാം. ഒരു ലക്ഷം രൂപ വരെയുള്ള സമ്മാനത്തുക ജില്ല ലോട്ടറി ഓഫിസില്‍ നിന്ന് മാറാം. മാത്രമല്ല സമ്മാനാര്‍ഹമായ ടിക്കറ്റ് 90 ദിവസത്തിനകം ലോട്ടറി വകുപ്പില്‍ ഹാജരാക്കണമെന്നാണ് നിയമം. സമ്മാനത്തുകയില്‍ നിന്നും നികുതിയും ഏജന്‍റ് കമ്മീഷനും കുറച്ച ശേഷമുള്ള തുകയാണ് ലഭിക്കുക.

Also Read:ലോട്ടറിയെടുക്കാന്‍ ചെലവഴിച്ചത് മൂന്നരക്കോടിയിലേറെ രൂപ, ദിവസവും കുറഞ്ഞത് പത്തെണ്ണം, അടിച്ചത് അപൂര്‍വം, ഭാഗ്യപരീക്ഷണം തുടര്‍ന്ന് രാഘവന്‍

സമ്മാനം ലഭിക്കാന്‍ ഹാജരാക്കേണ്ട രേഖകള്‍ :

1. ഫോം നമ്പര്‍ 8 ന്‍റെ സ്‌റ്റാംപ് ചെയ്‌ത രസീതി

2. ഗസറ്റഡ് അല്ലെങ്കില്‍ നോട്ടറി ഓഫിസര്‍ സാക്ഷ്യപ്പെടുത്തിയ രണ്ട് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ

3. അറ്റസ്‌റ്റ് ചെയ്‌ത സമ്മാനാര്‍ഹമായ ടിക്കറ്റിന്‍റെ ഫോട്ടോസ്‌റ്റാറ്റ് കോപ്പി

4. തിരിച്ചറിയല്‍ രേഖയായ പാസ്‌പോര്‍ട്ട്/ റേഷന്‍ കാര്‍ഡ്/ഇലക്‌ഷന്‍ ഐഡി /ഡ്രൈവിംഗ് ലൈസന്‍സ് /പാന്‍ കാര്‍ഡ് എന്നിവയില്‍ ഒന്നിന്‍റെ അറ്റസ്‌റ്റ് ചെയ്‌ത പകര്‍പ്പ്

5. സമ്മാനത്തുക ബാങ്ക് വഴി മാറ്റി ലഭിക്കാന്‍ മുകളില്‍ പറഞ്ഞ രേഖകള്‍ കൂടാതെ,

(i) സമ്മാനാര്‍ഹനാണെന്ന് തെളിയിക്കുന്ന സാക്ഷ്യപത്രം (ii) ടിക്കറ്റ് ബാങ്ക് സ്വീകരിച്ചതിന്‍റെ സര്‍ട്ടിഫിക്കറ്റ് (iii) ബാങ്കില്‍ നിന്ന് സ്വീകരിക്കുന്നതിന്‍റെ സര്‍ട്ടിഫിക്കറ്റ്.

ടിക്കറ്റ് ആര്‍ക്കും എടുക്കാം : കേരള സര്‍ക്കാര്‍ നടത്തുന്ന ലോട്ടറിയായതിനാല്‍ ആര്‍ക്കും ടിക്കറ്റെടുത്ത് ഭാഗ്യം പരീക്ഷിക്കാം. എന്നാല്‍ സമ്മാനാര്‍ഹര്‍ നിയമപ്രകാരമുള്ള രേഖകള്‍ ഹാജരാക്കണമെന്ന് മാത്രമേയുള്ളൂ. എന്നാല്‍ കേരളത്തിന് പുറത്ത് മറ്റ് സംസ്ഥാനങ്ങളില്‍ കേരള ലോട്ടറി വില്‍പന നടത്താന്‍ നിയമം അനുവദിക്കുന്നില്ല.

അതേസമയം, അന്യസംസ്ഥാനത്ത് നിന്നുള്ളവര്‍ക്ക് കേരളത്തിലെത്തി ഭാഗ്യം പരീക്ഷിക്കുന്നതിന് തടസമില്ല. കഴിഞ്ഞ പൂജ ബംബര്‍ തമിഴ്‌നാട് കന്യാകുമാരി സ്വദേശികള്‍ക്കാണ് ലഭിച്ചത്. ഇവര്‍ തിരുവനന്തപുരത്തെ ലോട്ടറി വകുപ്പില്‍ നേരിട്ടെത്തി രേഖകള്‍ ഹാജരാക്കിയാണ് സമ്മാനം കൈപ്പറ്റിയത്. നിരവധി അന്യസംസ്ഥാന തൊഴിലാളികള്‍ക്കും ലോട്ടറി നറുക്കെടുപ്പുകളില്‍ സമ്മാനം ലഭിച്ചിട്ടുണ്ട്.

Also Read:അധിക നികുതി ബാധ്യതയാകുന്നു; കേരള ലോട്ടറിക്കെതിരെ പരാതിയുമായി കോട്ടയം സ്വദേശിനി

ഏറ്റവും പ്രധാനം 'ടിക്കറ്റ്': ലോട്ടറി നിയമമനുസരിച്ച് ടിക്കറ്റാണ് ഏറ്റവും പ്രധാനം. സമ്മാനാര്‍ഹമായ ടിക്കറ്റ് ലോട്ടറി വകുപ്പില്‍ നേരിട്ടെത്തിച്ചാല്‍ മാത്രമേ സമ്മാനര്‍ഹന് പണം ലഭിക്കുകയുള്ളൂ. അതുകൊണ്ട് തന്നെ ഓണ്‍ലൈനായുള്ള ടിക്കറ്റ് വില്‍പനകളെല്ലാം നിയമവിരുദ്ധമാണ്. ഏജന്‍റുമാരില്‍ നിന്നോ വില്‍പനക്കാരില്‍ നിന്നോ നേരിട്ട് തന്നെ ടിക്കറ്റ് വാങ്ങണം.

ഇപ്പോള്‍ പലരും വാട്‌സ്ആപ്പ് വഴിയും മറ്റും ലോട്ടറികളുടെ ചിത്രങ്ങള്‍ അയച്ച് വാങ്ങുകയും വില്‍ക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ പരസ്പര വിശ്വാസത്തിലുള്ള ഈ ഇടപാടുകള്‍ക്ക് യാതൊരുവിധ നിയമ പരിരക്ഷയുമില്ല. ഇത്തരം ഇടപാടുകള്‍ സംബന്ധിച്ചുള്ള പരാതികള്‍ക്ക് ലോട്ടറി നിയമമനുസരിച്ച് ഒരു തരത്തിലുള്ള പരിരക്ഷയും ലഭിക്കുകയുമില്ല.

Last Updated :Sep 21, 2022, 5:42 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.