എന്താണ് ബോണ്ടുകള്‍; നിക്ഷേപകര്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെ?

author img

By

Published : Jun 27, 2022, 1:18 PM IST

What are bonds and how to invest them  check out the credit rating of bonds before investing in them  Companies issue bonds to raise money from the market  but ratings are conducted by third parties  Agencies like Crisil Icra and CARE give ratings to bonds  AAA’ means the highest rating  while ‘D’ implies the lowest rating  എന്താണ് ബോണ്ടുകള്‍  ബോണ്ടുകളില്‍ നിക്ഷേപിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യം  എന്താണ് ബോണ്ട് പ്രൈസ്  എന്താണ് ബോണ്ട് യീല്‍ഡ്  എന്താണ് ബോണ്ട് ഫേയിസ് വാല്യു

ബോണ്ടുകളുടെ ക്രെഡിറ്റ് റേറ്റിങ്ങും, ബോണ്ട് പ്രൈസ്, ബോണ്ട് യീല്‍ഡ്, കൂപ്പണ്‍ റേറ്റ് തുടങ്ങിയ കാര്യങ്ങളും എന്താണെന്ന് നിക്ഷേപകര്‍ അറിഞ്ഞിരിക്കണം.

ഹൈദരാബാദ്: നിക്ഷേപത്തിന് സ്ഥിരതയുള്ള റിട്ടേണ്‍ ലഭിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ ബോണ്ടുകളില്‍ നിക്ഷേപിക്കുന്നതാണ് ഉചിതം. പല കമ്പനികളും ബോണ്ടുകള്‍ ഇറക്കി വിപണിയില്‍ നിന്ന് കടമെടുക്കാറുണ്ട്. പല ആളുകളും കരുതുന്നത് ബോണ്ടുകള്‍ ബാങ്കുകളിലെ സ്ഥിര നിക്ഷേപങ്ങള്‍ക്ക് സമാനമാണെന്നാണ്.

എന്നാല്‍ സ്ഥിര നിക്ഷേപവും ബോണ്ടുകളും തമ്മില്‍ പല വ്യത്യാസങ്ങളും ഉണ്ട്. ബോണ്ടുകള്‍ തെരഞ്ഞെടുക്കുമ്പോള്‍ സ്വീകരിക്കേണ്ട മുന്‍ കരുതലുകള്‍ എന്തൊക്കെയാണെന്ന് നോക്കാം.

ക്രെഡിറ്റ് റേറ്റിങ്: ബോണ്ടുകള്‍ തെരഞ്ഞെടുക്കുമ്പോള്‍ ആദ്യം പരിഗണിക്കേണ്ടത് അവയുടെ ക്രെഡിറ്റ് റേറ്റിങ്ങാണ്. ഒരു ബോണ്ട് എത്രമാത്രം സുരക്ഷിതമാണെന്ന കാര്യം ക്രെഡിറ്റ് റേറ്റിങ്ങിലൂടെ മനസിലാക്കാന്‍ സാധിക്കും. ക്രെഡിറ്റ് റേറ്റിങ് നിശ്ചയിക്കുന്നത് മൂന്നാമതൊരു ഏജന്‍സിയാണ്. അതുകൊണ്ട് തന്നെ ക്രെഡിറ്റ് റേറ്റിങ്ങ് വിശ്വാസ്യയോഗ്യമാണ്.

ക്രിസില്‍, ഐസിആര്‍എ, സിഎആര്‍ഇ തുടങ്ങിയ ഏജന്‍സികള്‍ ബോണ്ടുകള്‍ക്ക് റേറ്റിങ് നല്‍കുന്നു. ഏറ്റവും ഉയര്‍ന്ന റേറ്റിങ് 'എഎഎ'യും ഏറ്റവും താഴ്‌ന്ന റേറ്റിങ് 'ഡി'യുമാണ്. ഡി റേറ്റിങ് സൂചിപ്പിക്കുന്നത് പ്രസ്‌തുത ബോണ്ട് ഇറക്കിയ കമ്പനിയുടെ സാമ്പത്തിക നില മോശമാണെന്നും നിക്ഷേപകര്‍ക്ക് മുതലും പലിശയും കൊടുക്കാന്‍ ആ കമ്പനിക്ക് സാധിക്കാതെ വരാനുള്ള സാധ്യത കൂടുതലാണെന്നുമാണ്. അതുകൊണ്ട് തന്നെ ഇത്തരം ബോണ്ടുകളില്‍ നിക്ഷേപിക്കാതിരിക്കുന്നാതാണ് ഉചിതം.

സര്‍ക്കാര്‍ ബോണ്ടുകളാണ് ഏറ്റവും സുരക്ഷിതം. ഈ ബോണ്ടുകള്‍ക്ക് സര്‍ക്കാര്‍ ഗ്യാരണ്ടി നില്‍ക്കും എന്നുള്ളതുകൊണ്ട് തന്നെ ഏറ്റവും ഉയര്‍ന്ന എഎഎ റേറ്റിങ്ങുള്ള കോര്‍പ്പറേറ്റ് ബോണ്ടുകളേക്കാളും ഇവ സുരക്ഷിതമാണ്.

അതേസമയം ബോണ്ടുകളുടെ റേറ്റിങ്ങും അവയുടെ പലിശയും തമ്മിലുള്ള ബന്ധം മനസിലാക്കിയിരിക്കണം. ഉയര്‍ന്ന റേറ്റിങ്ങുള്ള ബോണ്ടുകളുടെ പലിശ നിരക്ക് കുറവായിരിക്കും എന്നാല്‍ താഴ്‌ന്ന റേറ്റിങ്ങുള്ള ബോണ്ടുകളില്‍ നിക്ഷേപിച്ചാല്‍ ലഭിക്കുന്ന പലിശ നിരക്ക് കൂടുതലായിരിക്കും. ഉദാഹരണത്തിന് പത്ത് വര്‍ഷ കാലവധിയുള്ള സര്‍ക്കാര്‍ ബോണ്ടുകള്‍ക്ക് വാര്‍ഷിക പലിശ 6.5ശതമാനം ലഭിക്കുമ്പോള്‍ അതേകാലവധിയുള്ള കോര്‍പ്പറേറ്റ് ബോണ്ടുകള്‍ക്ക് 7.5 ശതമാനം വാര്‍ഷിക പലിശ ലഭിക്കുന്നു. സര്‍ക്കാര്‍ ബോണ്ടിന് കോര്‍പ്പറേറ്റ് ബോണ്ടുകളേക്കാള്‍ റേറ്റിങ് കൂടുതലായതാണ് ഇതിന് കാരണം.

ബോണ്ടുകളുമായി ബന്ധപ്പെട്ട്‌ ചില വാക്കുകള്‍ അറിയേണ്ടതുണ്ട്. ബോണ്ടിന്‍റെ മുഖവില, ബോണ്ട്‌ പ്രൈസ്, കൂപ്പണ്‍ റേറ്റ്, ബോണ്ട് ഈല്‍ഡ് എന്നിവയാണ് അതില്‍ പ്രധാനം.

ബോണ്ടിന്‍റെ മുഖ വിലയും കൂപ്പണ്‍ റേറ്റും: ബോണ്ടിറക്കുമ്പോള്‍ കമ്പനി നിശ്ചയിക്കുന്ന വിലയാണ് അതിന്‍റെ മുഖവില എന്ന് പറയുന്നത്. ഈ മുഖവിലയുടെ ഒരു നിശ്ചത ശതമാനത്തെ അടിസ്ഥാനമാക്കിയാണ് കൂപ്പണ്‍ റേറ്റ് നിശ്ചയിക്കപ്പെടുന്നത്. ബോണ്ട് കൈവശം വെക്കുന്ന ആള്‍ക്ക് ലഭിക്കുന്ന വാര്‍ഷിക പലിശയാണ് കൂപ്പണ്‍ റേറ്റ്.

ഉദാഹരണത്തിന് 1,000 രൂപ മുഖവിലയുള്ള ഒരു ബോണ്ടിന്‍റെ കൂപ്പണ്‍ റേറ്റ് ഒരു ശതമാനമാണെങ്കില്‍ അതിനര്‍ഥം നിക്ഷേപകന് ഒരു വര്‍ഷം പത്ത് രൂപ പലിശയിനത്തില്‍ ലഭിക്കുമെന്നാണ്. ബോണ്ടുകള്‍ക്ക് ഒരു നിശ്ചിത കാല പരിധിയുണ്ടാവും. ഈ കാല പരിധി പൂര്‍ത്തിയാവുമ്പോഴാണ് നിക്ഷേപകന് മുതലും കൂപ്പണ്‍ റേറ്റ് പ്രകാരമുള്ള പലിശയും ചേര്‍ത്തുള്ള തുക ലഭിക്കുക.

ബോണ്ട് പ്രൈസ്: ബോണ്ടുകളുടെ സെക്കൻഡറി മാര്‍ക്കറ്റിലെ വിലയാണ് ബോണ്ട് പ്രൈസ് എന്നത്. ഈ വില മാറികൊണ്ടിരിക്കും. കേന്ദ്ര ബാങ്കുകള്‍ (ഇന്ത്യയിലാണെങ്കില്‍ റിസര്‍വ് ബാങ്ക്) റിപ്പോ നിരക്കില്‍ വരുത്തുന്ന മാറ്റമാണ് ബോണ്ട് വിലയില്‍ ഏറ്റകുറച്ചിലുകള്‍ ഉണ്ടാക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നത്.

ഉദാഹരണത്തിന് റിപ്പോ നിരക്ക് ഒരു നിശ്ചിത ശതമാനമുള്ളപ്പോള്‍ ഒരു കമ്പനി അഞ്ച് വര്‍ഷം കാലവധിയുള്ള ആയിരം രൂപ മുഖവിലയുള്ള ബോണ്ട് 5 ശതമാനം കൂപ്പണ്‍ റേറ്റില്‍ ഇറക്കി എന്നിരിക്കട്ടെ. ഇതിന് ശേഷം റിപ്പോ നിരക്ക് കുറഞ്ഞതിന്‍റെ ഭാഗമായി നേരത്തെയിറക്കിയ ബോണ്ടിന്‍റെ അതെ മുഖവിലയും കാലവധിയുമുള്ള ബോണ്ട് 4 ശതമാനം കൂപ്പണ്‍ റേറ്റിന് ഇറക്കിയാല്‍, കമ്പനി ആദ്യം ഇറക്കിയ ബോണ്ടിനായിരിക്കും ആവശ്യക്കാര്‍ കൂടുതല്‍. അതുകൊണ്ട് തന്നെ സെക്കന്‍ഡറി മാര്‍ക്കറ്റില്‍ ഇവയുടെ വില കൂടും.

അതായത് ബോണ്ട് പ്രൈസും നിലവിലെ പലിശ നിരക്കും തമ്മില്‍ വിപരീത അനുപാതമാണ് നിലനില്‍ക്കുന്നത്. പലിശ നിരക്ക് കുറയുമ്പോള്‍ ബോണ്ട് പ്രൈസ് കൂടുകയും പലിശ നിരക്ക് കൂടുമ്പോള്‍ ബോണ്ട്പ്രൈസ് കുറയുകയും ചെയ്യുന്നു.

ബോണ്ട് യീല്‍ഡ്: നേരത്തെ പറഞ്ഞത് പോലെ ബോണ്ടിന്‍റെ കൂപ്പണ്‍ റേറ്റ് ബോണ്ടിന്‍റെ കാലവധി തീരുന്നത് വരെ മാറില്ല. അതായത് കേന്ദ്ര ബാങ്കുകള്‍ വരുത്തുന്ന പുതിയ പലിശയ്‌ക്ക് അനുസൃതമായി അത് മാറില്ല. എന്നാല്‍ ബോണ്ട് യീല്‍ഡ് മാറികൊണ്ടിരിക്കും. ബോണ്ടിന്‍റെ കൂപ്പണ്‍ റേറ്റിനെ നിലവിലെ ബോണ്ടിന്‍റ വിപണി വില കൊണ്ട് ഹരിച്ചാല്‍ കിട്ടുന്നതാണ് ബോണ്ട് യീല്‍ഡ്.

കൂളബിള്‍ ബോണ്ടുകള്‍: ബോണ്ടിന്‍റെ നിശ്ചയിക്കപ്പെട്ട കാലപരിധി തീരുന്നതിന് മുമ്പ് ബോണ്ട് കൈവശം വച്ചയാളില്‍ നിന്ന് അതുവരെയുള്ള പലിശയും മുതലും കൊടുത്ത് ബോണ്ടിറക്കിയ കമ്പനിക്ക് തിരിച്ചുവാങ്ങാന്‍ സാധിക്കുന്ന ബോണ്ടുകളാണ് കൂളബിള്‍ ബോണ്ടുകള്‍. വിപണിയില്‍ പലിശനിരക്ക് കുറയുമ്പോള്‍ കൂടിയ കൂപ്പണ്‍ റേറ്റുള്ള ബോണ്ടുകള്‍ പിന്‍വലിച്ച് കുറഞ്ഞ കൂപ്പണ്‍ റേറ്റുള്ള ബോണ്ടുകള്‍ പകരമായി ഇറക്കി പലിശ ഭാരം കുറയ്‌ക്കാന്‍ സാധിക്കുമെന്നാണ് കൂളബിള്‍ ബോണ്ടുകള്‍ കൊണ്ടുള്ള കമ്പനികളുടെ നേട്ടം. ഇത്തരം ബോണ്ടുകള്‍ക്ക് മറ്റ് ബോണ്ടുകളെ അപേക്ഷിച്ച് കൂപ്പണ്‍ റേറ്റ് കൂടുതലായിരിക്കും.

കാലവധി തീരുന്നതിന് മുമ്പ് ബോണ്ടുകള്‍ തിരികെ നല്‍കി അതുവരെയുള്ള പലിശയും മുതലും കൈപ്പറ്റാന്‍ അവസരമുള്ള ബോണ്ടുകളും നിലവിലുണ്ട്. ഇത്തരം ബോണ്ടുകളുടെ കൂപ്പണ്‍ റേറ്റ് മറ്റ് ബോണ്ടുകളെ അപേക്ഷിച്ച് കുറവായിരിക്കും. അത്യാവശ്യ സമയങ്ങളില്‍ ഇത്തരം ബോണ്ടുകളെ പണമാക്കി മാറ്റാന്‍ സാധിക്കുമെന്നതാണ് നിക്ഷേപകരെ സംബന്ധിച്ചുള്ള നേട്ടം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.