ചര്‍ച്ച തുടരും: ടി.ആര്‍.എസിന്‍റെ ദേശീയ പാര്‍ട്ടി പ്രഖ്യാപനം രാഷ്‌ട്രപതി തെരഞ്ഞെടുപ്പിന് ശേഷം

author img

By

Published : Jun 26, 2022, 7:50 AM IST

KCR to launch National Party after Presidential Elections  TRS launch National Party after Presidential polls  ടിആര്‍എസിന്‍റെ ദേശീയ പാര്‍ട്ടി പ്രഖ്യാപനം രാഷ്‌ട്രപതി തെരഞ്ഞെടുപ്പിന് ശേഷം  തെലങ്കാന രാഷ്‌ട്ര സമിതി ദേശീയ പാര്‍ട്ടി പ്രഖ്യാപനം

രാഷ്‌ട്രപതി തെരഞ്ഞെടുപ്പ് നടക്കുന്ന സമയത്ത് ദേശീയ പാര്‍ട്ടി പ്രഖ്യാപനം ഉചിതമല്ലെന്നാണ് പാര്‍ട്ടി അധ്യക്ഷനും തെലങ്കാന മുഖ്യമന്ത്രിയുമായ കെ ചന്ദ്രശേഖര്‍ റാവുവിന്‍റെ നിലപാട്.

ഹൈദരാബാദ്: രാഷ്‌ട്രപതി തെരഞ്ഞെടുപ്പിന് ശേഷം ടി.ആര്‍.എസ് (തെലങ്കാന രാഷ്‌ട്ര സമിതി) ദേശീയ പാർട്ടിയായി പ്രഖ്യാപിച്ചേക്കും. ദേശീയ പാര്‍ട്ടി പ്രഖ്യാപനം സംബന്ധിച്ച് ഈ സമയം അനുയോജ്യമല്ലെന്ന നിലപാടിലാണ് സംസ്ഥാന മുഖ്യമന്ത്രിയും പാര്‍ട്ടി അധ്യക്ഷനുമായ കെ ചന്ദ്രശേഖര്‍ റാവു. ജൂലൈ 18 നാണ് രാഷ്‌ട്രപതി തെരഞ്ഞെടുപ്പ്.

അതേസമയം, പ്രഖ്യാപനത്തിന് കാലതാമസമുണ്ടെങ്കിലും അതുവരെ ടി.ആര്‍.എസ്‌ ദേശീയ പാര്‍ട്ടിയാക്കുന്നത് സംബന്ധിച്ച പ്രവര്‍ത്തനങ്ങള്‍ തുടരാനാണ് അധ്യക്ഷന്‍റെ നിര്‍ദേശം. ഈ മാസം 10 ന് പ്രഗതി ഭവനിൽവച്ച് മുഖ്യമന്ത്രി, സ്‌പീക്കർ, കൗൺസിൽ ചെയർമാൻ, മന്ത്രിമാർ, പാർട്ടി ലോക്‌സഭ, രാജ്യസഭ എം.പിമാര്‍, എം.എല്‍.എമാര്‍ തുടങ്ങിയവരെ ഉള്‍പ്പെടുത്തി യോഗം ചേര്‍ന്നിരുന്നു. ദേശീയ പാർട്ടി രൂപീകരണ വിഷയമാണ് ചര്‍ച്ചയായത്. തുടര്‍ന്ന്, പാർട്ടി നേതാക്കൾ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചിരുന്നു.

മാധ്യമ രംഗത്തെ പ്രമുഖരുമായും ചര്‍ച്ച: പുതിയ ദേശീയ പാർട്ടി പ്രഖ്യാപനത്തിനുള്ള തയ്യാറെടുപ്പിന്‍റെ ഭാഗമായി, സാമ്പത്തിക വിദഗ്‌ധർ, വിരമിച്ച ഐ.എ.എസ്- ഐ.പി.എസ് ഉദ്യോഗസ്ഥര്‍, വിവിധ മേഖലകളിലെ വിദഗ്‌ധരുമായും കെ ചന്ദ്രശേഖര്‍ റാവു ചർച്ച നടത്തുന്നുണ്ട്. വ്യാഴാഴ്‌ച (23.06.22), ഡൽഹിയിൽ നിന്നുള്ള സാമ്പത്തിക വിദഗ്‌ധരുടെ സംഘവുമായി പ്രഗതിഭവനിൽ വച്ച് കൂടിക്കാഴ്‌ച നടത്തി. വെള്ളിയാഴ്‌ച, ദേശീയ മാധ്യമ രംഗത്തെ പ്രമുഖരുമായും ചർച്ച നടത്തിയെന്നാണ് വിവരം. ജൂലൈ മാസം രണ്ടാമത്തെ ആഴ്‌ച വരെ ചർച്ചകൾ തുടരും.

അതേസമയം, രാഷ്‌ട്രപതി തെരഞ്ഞെടുപ്പിൽ പ്രതിപക്ഷ സ്ഥാനാർഥിയെ പിന്തുണയ്ക്കുമെന്ന് എൻ.സി.പി അധ്യക്ഷൻ ശരദ് പവാറിന് കെ.സി.ആർ ഉറപ്പുനൽകി. പാർട്ടിതല ചർച്ചയ്‌ക്ക് ശേഷം പിന്തുണ സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടായേക്കും. പ്രതിപക്ഷ പാര്‍ട്ടികളുടെ സംയുക്ത രാഷ്‌ട്രപതി സ്ഥാനാര്‍ഥിയായി മുന്‍ കേന്ദ്ര മന്ത്രി യശ്വന്ത് സിന്‍ഹയാണ് മത്സരിക്കുന്നത്.

എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാര്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ ഐകകണ്‌ഠേനയാണ് പ്രതിപക്ഷ പാര്‍ട്ടികൾ സിന്‍ഹയുടെ പേര് അംഗീകരിച്ചത്. എൻ.ഡി.എയുടെ രാഷ്‌ട്രപതി സ്ഥാനാർഥി ദ്രൗപതി മുർമുവാണ്. ഒഡിഷയില്‍ നിന്നുള്ള ബി.ജെ.പി നേതാവായ ഇവര്‍ രാജ്യത്തെ ആദ്യ ആദിവാസി ഗവര്‍ണറായിരുന്നു. നേരത്തെ ഒഡിഷയില്‍ മന്ത്രിയുമായിരുന്നു.

TAGGED:

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.