Tollywood Drugs Case : ടോളിവുഡിലെ മയക്കുമരുന്ന് കച്ചവടം : മുന്‍ എംപിയുടെ മകനും സംവിധായകനും അറസ്‌റ്റില്‍, നടന്‍ നവ്‌ദീപ് ഒളിവില്‍

Tollywood Drugs Case : ടോളിവുഡിലെ മയക്കുമരുന്ന് കച്ചവടം : മുന്‍ എംപിയുടെ മകനും സംവിധായകനും അറസ്‌റ്റില്‍, നടന്‍ നവ്‌ദീപ് ഒളിവില്‍
Actor Navdeep and producer absconding : സിനിമ നടൻ നവ്ദീപ്, നിര്‍മ്മാതാവ് രവി ഉപ്പൽപതി, ഹൈദരാബാദിലെ സ്‌നാര്‍ട്ട് പബ് ഉടമ സൂര്യ, മൂന്ന് നൈജീരിയക്കാര്‍ എന്നിവരാണ് മയക്കുമരുന്ന് കടത്തിന്‍റെ മുഖ്യ സൂത്രധാരന്‍മാരെന്ന് ടിഎസ് ന്യാബ് ഡയറക്‌ടർ സിവി ആനന്ദ്
തെലങ്കാന : തെലുഗു സിനിമ മേഖലയിലെ മയക്കുമരുന്ന് കച്ചവടം സിനിമയ്‌ക്കകത്തും പുറത്തും വീണ്ടും കോളിളക്കം സൃഷ്‌ടിച്ചിരിക്കുകയാണ്. അടുത്തിടെ, ഫിലിം ഫൈനാന്‍സിയര്‍ കെ വെങ്കടരത്‌ന റെഡ്ഡി, മയക്കുമരുന്ന് കേസിൽ അറസ്‌റ്റിലായ കാപ ഭാസ്‌കർ ബാലാജി എന്നിവരെ ടിഎസ് എൻഎബി (തെലങ്കാന ആന്‍റി നാർക്കോട്ടിക്‌സ് ബ്യൂറോ) കസ്‌റ്റഡിയില്‍ എടുത്തിരുന്നു. ഇതോടെ സിനിമ മേഖലയിലെ നിരവധി പേരുടെ നൈജീരിയക്കാരുമായുള്ള ബന്ധം പുറത്തുവന്നു (Tollywood Drugs Case).
നേരത്തെ കസ്‌റ്റഡിയില്‍ എടുത്തവരില്‍ നിന്നും ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിൽ മെഹബൂബ് നഗർ മുൻ എംപി വിത്തൽ റാവുവിന്‍റെ മകൻ ദേവ്‌രകൊണ്ട സുരേഷ് റാവു, സംവിധായകൻ അംഗു സുശാന്ത് റെഡ്ഡി, രാം ചന്ദ് എന്നിവരെ കൂടാതെ മൂന്ന് നൈജീരിയക്കാരെ പൊലീസ് അറസ്‌റ്റ് ചെയ്‌തു.
മയക്കുമരുന്ന് കടത്തിനെ കുറിച്ച് വിവരം ലഭിച്ചതിനെ തുടർന്ന് ഓഗസ്‌റ്റ് 31ന് ടിഎസ്എന്‍എബി ഇൻസ്പെക്‌ടർ രാജേഷിന്‍റെ സംഘം ഗുഡിമൽകാപൂർ പൊലീസ് സ്‌റ്റേഷൻ പരിധിയിലെ ഒരു അപ്പാർട്ട്‌മെന്‍റില്‍ താമസിച്ചിരുന്ന ബാലാജിയെ അറസ്‌റ്റ് ചെയ്യുകയായിരുന്നു. മാധാപൂരിലെ ഫ്രഷ് ലിവിംഗ് അപ്പാർട്ട്‌മെന്‍റില്‍ പാർട്ടി സംഘടിപ്പിച്ച കേന്ദ്ര സർക്കാർ ജീവനക്കാരൻ വെങ്കടരത്‌ന റെഡ്ഡിയും അറസ്‌റ്റിലായി. കൊല്ലി റാം ചന്ദിനും മയക്കുമരുന്ന് കടത്തിൽ പങ്കുണ്ടെന്ന് പൊലീസ് അറിയിച്ചു.
അതേസമയം ബാലാജിയിൽ നിന്നും മയക്കുമരുന്ന് വാങ്ങിയ 13 പേർ ഒളിവിലാണെന്നും പൊലീസ് അറിയിച്ചു. മയക്കുമരുന്ന് കടത്തിന്‍റെ മുഖ്യ സൂത്രധാരന്‍മാരായ സിനിമ നടൻ നവ്ദീപ്, ഷാഡോ സിനിമയുടെ നിർമ്മാതാവ് രവി ഉപ്പല്‍പതി, ഹൈദരാബാദിലെ ഗച്ചിബൗളി സ്‌നാര്‍ട്ട് പബ് ഉടമ സൂര്യ, ബഞ്ചാര ഹിൽസിലെ ടെറ കഫെ റെസ്‌റ്റോറന്‍റ് ഉടമ അര്‍ജുന്‍, വിശാഖപട്ടണം സ്വദേശി കലഹർ റെഡ്ഡി, മൂന്ന് നൈജീരിയക്കാര്‍ എന്നിവര്‍ ഒളിവിലാണെന്ന് ടിഎസ് ന്യാബ് ഡയറക്‌ടർ സിവി ആനന്ദ് വ്യാഴാഴ്‌ച മാധ്യമങ്ങളോട് വ്യക്തമാക്കി.
അമോബി, മൈക്കിൾ, തോമസ്, ദേവ്‌രകൊണ്ട സുരേഷ് റാവു (35), ഹൈദരാബാദിൽ നഴ്‌സറി വ്യാപാരിയായ വിശാഖപട്ടണം സ്വദേശി കൊല്ലി റാം ചന്ദ് (37), ഖമ്മം ജില്ലയിലെ സോഫ്‌റ്റ്‌വെയർ ജീവനക്കാരൻ സന്ദീപ് (35), സുശാന്ത് റെഡ്ഡി (36), ഗുണ്ടൂർ ജില്ലയിലെ പ്രാദേശിക പോക്കർ മാനേജർ പഗല്ല ശ്രീകർ കൃഷ്‌ണപ്രണീത് (32) എന്നിവരുടെ ഫോണുകളിലെയും മറ്റ് വിവരങ്ങളുടെയും അടിസ്ഥാനത്തിലായിരുന്നു അറസ്‌റ്റ്.
വെങ്കിടരത്‌ന റെഡ്ഡി, കൂർപതി സന്ദീപ്, സൂര്യ, കലഹർ റെഡ്ഡി, കൃഷ്‌ണപ്രണീത് തുടങ്ങിയവരാണ് ബാലാജിയിൽ നിന്നും മയക്കുമരുന്ന് വാങ്ങിയതെന്നും പാർട്ടികൾ സംഘടിപ്പിച്ചതെന്നും പൊലീസ് വ്യക്തമാക്കി. 'കിക്ക്', 'ബിസിനസ്‌മാന്‍', 'ധമരുകം', 'ലൗലി', 'ഓട്ടോനഗർ സൂര്യ' തുടങ്ങി നിരവധി സിനിമകളുടെ ഫൈനാന്‍സിയറായി പ്രവർത്തിച്ചിരുന്ന ആന്ധ്രാപ്രദേശിലെ ഗുണ്ടുരു നെഹ്‌റുനഗർ സ്വദേശി കെ വെങ്കിട്ടരത്‌ന റെഡ്ഡി, (42) ബാലാജി നടത്തുന്ന പാർട്ടികളില്‍ മയക്കുമരുന്ന് നൽകാറുണ്ടായിരുന്നു.
മയക്കുമരുന്ന് വിൽക്കുന്നതിനായി ബാലാജി, സ്‌നാപ്‌ചാറ്റില്‍ ഗോഡ്‌ഷെഡ് എന്ന പേരില്‍ അക്കൗണ്ട് തുടങ്ങിയിരുന്നു. കേസുമായി ബന്ധപ്പെട്ട് പൊലീസ് കസ്‌റ്റഡിയിലായ ആന്ധ്രാപ്രദേശിലെ നെല്ലൂർ ജില്ലക്കാരനായ കാപ ഭാസ്‌കർ ബാലാജിയെ (34) റാം കിഷോര്‍ ആണ് നൈജീരിയക്കാര്‍ക്ക് പരിചയപ്പെടുത്തിയത്.
ഹൈദരാബാദിലെ മാധാപൂരിലുള്ള ഫ്രഷ് ലിവിംഗ് അപ്പാർട്ട്‌മെന്‍റിൽ സുഹൃത്തുക്കള്‍ക്കൊപ്പം ബാലാജി പാർട്ടികള്‍ നടത്തുന്നത് പതിവായിരുന്നു. നൈജീരിയക്കാരുമായി പരിചയപ്പെട്ട ശേഷം റാം കിഷോർ ബാംഗ്ലൂരിൽ നിന്നും മയക്കുമരുന്ന് കൊണ്ടുവന്ന് പാർട്ടികൾ സംഘടിപ്പിക്കുമായിരുന്നു. ഈ പാർട്ടികളിൽ ടോളിവുഡ് സെലിബ്രിറ്റികളും പങ്കെടുക്കാറുണ്ടായിരുന്നു.
എട്ട് ഗ്രാം കൊക്കെയ്‌ൻ, 50 ഗ്രാം എംഡിഎംഎ, എക്‌സ്‌റ്റസി ഗുളികകൾ (Ecstasy pills), കാറുകൾ, 1.1 കോടി രൂപ വിലമതിക്കുന്ന മൊബൈൽ ഫോണുകൾ എന്നിവ പ്രതികളുടെ പക്കല്‍ നിന്നും അന്വേഷണ സംഘം കണ്ടെടുത്തു. വെങ്കടരത്‌ന റെഡ്ഡിയുടെ ബാങ്ക് അക്കൗണ്ടിൽ 5.5 കോടി രൂപ നിക്ഷേപിച്ചിട്ടുണ്ട്. സുരേഷ് റാവുവിന്‍റെ പക്കൽ നിന്നും നാല് ഗ്രാം മയക്കുമരുന്ന് കണ്ടെത്തുകയും ചെയ്‌തിരുന്നു.
കേസിലെ മറ്റൊരു പ്രധാന കണ്ണിയാണ് നൈജീരിയക്കാരനായ അമോബി ചുക്‌വുധി (29). ബാംഗ്ലൂരിലെ യെഹൽഹാംക് ഫുട്ബോൾ ക്ലബ് അംഗമാണ് (Yehelhamk Football Club member) അമോബി ചുക്‌വുധി. ഓള്‍ ഇന്ത്യ നൈജീരിയ സ്‌റ്റുഡന്‍റ് ആന്‍ഡ് കമ്യൂണിറ്റി അസോസിയേഷന്‍ അംഗമായും ഇയാള്‍ പ്രവര്‍ത്തിച്ചുവരികയായിരുന്നു.
മയക്കുമരുന്ന് കേസുകളിൽ പിടിക്കപ്പെട്ടവർക്ക് ജാമ്യം നൽകുന്നതിനായി ഇയാള്‍ പലപ്പോഴും ഫണ്ട് ശേഖരിക്കുകയും, അവരെ സ്വന്തം രാജ്യങ്ങളിലേക്ക് തിരിച്ചയക്കുകയും ചെയ്‌തിരുന്നു. അമോബിക്കൊപ്പം നൈജീരിയയിൽ നിന്നുള്ള ഇഗ്ബവ്രെ മൈക്കിൾ (32), തോമസ് അനഘ കാലു (49) എന്നിവർ ബെംഗളൂരുവിലും ഹൈദരാബാദിലും പരിചയക്കാർക്ക് മയക്കുമരുന്ന് വില്‍ക്കുകയും ചെയ്‌തിരുന്നു.
