ഹൈക്കോടതി ഉത്തരവ് മറികടന്നു: റിപ്പബ്ലിക് ദിനാഘോഷം പൂര്‍ണ തോതില്‍ നടത്താതെ തെലങ്കാന
Updated on: 17 hours ago

ഹൈക്കോടതി ഉത്തരവ് മറികടന്നു: റിപ്പബ്ലിക് ദിനാഘോഷം പൂര്‍ണ തോതില്‍ നടത്താതെ തെലങ്കാന
Updated on: 17 hours ago
റിപ്പബ്ലിക് ദിനാഘോഷം വിപുലമായി നടത്തേണ്ടതില്ലെന്ന സർക്കാർ തീരുമാനത്തിന് തിരിച്ചടിയായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്. കേന്ദ്ര മാനദണ്ഡങ്ങൾ അനുസരിച്ച് റിപ്പബ്ലിക് ദിന പരേഡ് പൂർണതോതിൽ നടത്തണമെന്നായിരുന്നു കോടതി ഉത്തരവ്.
ഹൈദരാബാദ്: പ്രോട്ടോകോള്‍ പ്രകാരമുള്ള റിപ്പബ്ലിക് ദിനാഘോഷത്തിൽ നിന്ന് വിട്ടുനിന്ന് തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു. ഗവർണർ തമിഴിസൈ സൗന്ദർരാജൻ ദേശീയ പതാക ഉയർത്തി. കേന്ദ്ര മാനദണ്ഡങ്ങൾ അനുസരിച്ച് റിപ്പബ്ലിക് ദിന പരേഡ് പൂർണതോതിൽ നടത്തണമെന്ന ഹൈക്കോടതി ഉത്തരവിനെ മറികടന്നാണ് റിപ്പബ്ലിക് ദിനാഘോഷത്തിൽ നിന്ന് കെസിആർ വിട്ടുനിന്നത്.
റിപ്പബ്ലിക് ദിനാഘോഷം വിപുലമായി നടത്തേണ്ടതില്ലെന്ന് തെലങ്കാന സർക്കാർ തീരുമാനിച്ചിരുന്നെങ്കിലും ഹൈക്കോടതി ഉത്തരവ് സർക്കാരിന് കനത്ത തിരിച്ചടിയായിരുന്നു. നേരത്തെ രാജ്ഭവനിൽ പതാക ഉയർത്തൽ ചടങ്ങ് സംഘടിപ്പിക്കുമെന്നും മുഖ്യമന്ത്രിയുടെ വീട്ടിൽ ചെറിയ പരിപാടികൾ മാത്രം സംഘടിപ്പിക്കു എന്നായിരുന്നു സംസ്ഥാന സർക്കാർ അറിയിച്ചിരുന്നത്. എന്നാൽ റിപ്പബ്ലിക് ദിനാഘോഷം പൂർണതോതിൽ സംഘടിപ്പിക്കണമെന്നും പരേഡും ഗാർഡ് ഓഫ് ഓണറും അടക്കം റിപ്പബ്ലിക് ദിനപരിപാടിയിൽ ഉൾപ്പെടുത്തണമെന്നുമായിരുന്നു ഹൈക്കോടതിയുടെ കർശന നിർദേശം.
സെക്കന്തരാബാദിലെ പരേഡ് ഗ്രൗണ്ട്‍സിലാണ് സാധാരണ തെലങ്കാനയിൽ റിപ്പബ്ലിക് ദിന പരിപാടികൾ നടക്കാറ്. എന്നാൽ കഴിഞ്ഞ തവണയും കൊവിഡ് വ്യാപനം ചൂണ്ടിക്കാട്ടി സർക്കാർ റിപ്പബ്ലിക് ദിനപരിപാടികൾ വെട്ടിച്ചുരുക്കിയിരുന്നു. തുടര്‍ന്ന് ഗവര്‍ണറും മുഖ്യമന്ത്രിയും അവരവരുടെ ഔദ്യോഗിക വസതികളില്‍ വെവ്വേറെയായാണ് പതാക ഉയര്‍ത്തിയത്.
പരിപാടി നടത്തുന്നുണ്ടോ ഇല്ലയോ എന്നതിൽ അറിയിപ്പെങ്കിലും തരണമെന്നാവശ്യപ്പെട്ട് ഗവർണർ തമിഴിസൈ സൗന്ദർരാജൻ നേരത്തേ മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിന് കത്ത് നൽകിയിരുന്നു. ഇതിന് ഔദ്യോഗികമായി മറുപടിയൊന്നും ലഭിച്ചിരുന്നില്ല. ഇരുവരും തമ്മിലെ അഭിപ്രായ വ്യത്യാസം തുടരുന്നതിനിടെയാണ് സര്‍ക്കാര്‍ ഹൈക്കോടതി ഉത്തരവ് കൂടി മറി കടന്നത്.
