380 ജീവനക്കാരെ പിരിച്ചുവിട്ട് സ്വിഗ്ഗി; കൂടുതല്‍ ആളുകളെ ജോലിക്കെടുത്തത് തെറ്റായ തീരുമാനമായെന്ന് സിഇഒ

380 ജീവനക്കാരെ പിരിച്ചുവിട്ട് സ്വിഗ്ഗി; കൂടുതല്‍ ആളുകളെ ജോലിക്കെടുത്തത് തെറ്റായ തീരുമാനമായെന്ന് സിഇഒ
ഓണ്‍ലൈന്‍ ഭക്ഷണ വിതരണ വ്യവസായം തങ്ങള്‍ കണക്കാക്കിയത് പോലെ വളര്‍ച്ച കൈവരിച്ചില്ലെന്ന് സ്വിഗ്ഗി സിഇഒ ശ്രീഹര്‍ഷ മജെറ്റി പറഞ്ഞു.
ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ ഭക്ഷണ വിതരണ കമ്പനിയായ സ്വിഗ്ഗി 380 ജീവനക്കാരെ പിരിച്ചുവിട്ടു. സാമ്പത്തിക പ്രതിസന്ധി കാരണം പുനഃസംഘടനയുടെ ഭാഗമായാണ് പിരിച്ചുവിടല്‍ എന്നാണ് കമ്പനി സിഇഒ ശ്രീഹർഷ മജെറ്റി വ്യക്തമാക്കിയത്. ആവശ്യത്തിലും കൂടുതല്‍ ആളുകളെ ജോലിക്കെടുത്തത് തെറ്റായ തീരുമാനമായിപ്പോയി എന്ന് അദ്ദേഹം പറഞ്ഞു.
കമ്പനിയുടെ മീറ്റ് മാര്‍ക്കറ്റ്‌പ്ലേസ് ഉടന്‍തന്നെ അവസാനിപ്പിക്കുമെന്നും ജീവനക്കാര്‍ക്ക് അയച്ച ഇമെയിലില്‍ അദ്ദേഹം വ്യക്തമാക്കി. ഏറ്റവും കഠിനമായ തീരുമാനമാണ് എടുക്കേണ്ടി വന്നതെന്നും പുറത്താക്കപ്പെട്ട ജീവനക്കാര്‍ക്ക് സഹായം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്‍സ്‌റ്റാമാര്‍ട്ടിലൂടെ ഇറച്ചിവിതരണം നടത്തുന്നത് തുടരും.
ഭക്ഷണവിതരണരംഗത്തെ വിവിധ സെഗ്‌മെന്‍റുകളില്‍ നിക്ഷേപം നടത്തുന്നത് തുടരുമെന്നും അദ്ദേഹം അറിയിച്ചു. അതേസമയം കമ്പനി കണക്കാക്കിയതിനേക്കാള്‍ കുറഞ്ഞനിരക്കിലാണ് ഫുഡ്‌ഡെലിവറി ബിസനസില്‍ ഉണ്ടായ വളര്‍ച്ച നിരക്കെന്നും അദ്ദേഹം പറഞ്ഞു.
ഈ സാഹചര്യത്തില്‍ ലക്ഷ്യംവെച്ച ലാഭം കൈവരിക്കുന്നതിനായി പരോക്ഷമായ ചെലവുകള്‍ കുറയ്‌ക്കേണ്ടതുണ്ട്. ജീവനക്കാരുടെ എണ്ണത്തിലും ശരിയായ അനുപാതം സൂക്ഷിക്കേണ്ടതുണ്ട്. ഓഫീസ് അടക്കമുള്ള അടിസ്ഥാനസൗകര്യങ്ങള്‍ക്കുള്ള ചെലവ് കുറച്ചിട്ടുണ്ട് എന്നും ഇമെയിലില്‍ അദ്ദേഹം വ്യക്തമാക്കി. എപ്ലോയി അസിസ്‌റ്റന്‍സ് പ്ലാന്‍ കൂടാതെ, പുറത്താക്കപ്പെട്ട ജീവനക്കാര്‍ക്ക് അവരുടെ സേവനകാലവധിയും ഗ്രേഡും അനുസരിച്ച് മൂന്ന് മാസം മുതല്‍ ആറ് മാസം വരെയുള്ള ശമ്പളവും സ്വിഗ്ഗി നല്‍കിയിട്ടുണ്ട്.
