അതീവഹരം സാഹസം ; സാരിയുടുത്ത് മലകയറി സിപ്പ് ലൈനിലൂടെ പറപറന്ന് സഹോദരിമാർ

അതീവഹരം സാഹസം ; സാരിയുടുത്ത് മലകയറി സിപ്പ് ലൈനിലൂടെ പറപറന്ന് സഹോദരിമാർ
മഹാരാഷ്‌ട്ര താനെ സ്വദേശികളായ എട്ടുവയസുകാരി ഗൃഹിതയും സഹോദരി ഹരിതയുമാണ് പരമ്പരാഗത വസ്‌ത്രമായ നൗവാരി സാരിയുടുത്ത് മലകയറിയത്
താനെ (മഹാരാഷ്‌ട്ര): പ്രകൃതിയെ അറിഞ്ഞ് മലയിടുക്കുകളിലൂടെയും പാറക്കെട്ടുകളിലൂടെയും ഉയരം താണ്ടുകയെന്നത് ഏറെ സാഹസമാണ്. പല ഘടകങ്ങള്‍ ഇതിനൊത്തുവരണമെന്നതുപോലെ ധരിക്കുന്ന വസ്ത്രവും പ്രധാനമാണ്. വസ്ത്രം അനുയോജ്യമല്ലെങ്കില്‍ ഉയരങ്ങളിലേക്ക് വലിഞ്ഞുകയറുകയെന്നത് പലപ്പോഴും അപകടകരമാകും. എന്നാല്‍ സാരിയുടുത്ത് മലകയറുന്നത് ഒന്ന് ആലോചിച്ച് നോക്കൂ.
മഹാരാഷ്‌ട്ര താനെ സ്വദേശികളായ രണ്ട് സഹോദരിമാര്‍ സാരിയുടുത്ത് മലകയറിയിരിക്കുകയാണ്. എട്ടുവയസുകാരി ഗൃഹിതയും സഹോദരി ഹരിതയുമാണ് സാരിയുടുത്ത് ഉയരം താണ്ടിയത്. മഹാരാഷ്‌ട്രയിലെ പരമ്പരാഗത വസ്‌ത്രമായ നൗവാരി സാരിയാണ് ഇരുവരും ധരിച്ചത്.
മലകയറ്റത്തിനുള്ള പ്രൊഫഷണല്‍ ഘടകങ്ങളൊന്നും സ്വീകരിക്കാതെയാണ് സഹോദരിമാർ മഹാരാഷ്‌ട്രയിലെ ഏറ്റവും കഠിനമായ ട്രക്കിംഗുകളിലൊന്ന് പൂര്‍ത്തിയാക്കിയത്. ജീവധൻ ഫോർട്ടാണ് ഇവര്‍ താണ്ടിക്കയറിയത്. ഇത് സമുദ്രനിരപ്പില്‍ നിന്ന് 1145 മീറ്റര്‍ ഉയരത്തിലാണ്. സാരിയുടുത്ത് സിപ്പ് ലൈനിലൂടെ ഇവർ പറക്കുന്നത് കണ്ടാൽ, കാണുന്നവർ പേടിച്ചുപോകും. എന്നാൽ ഇവർക്ക് ഓരോ സാഹസിക യാത്രയും ലഹരിയാണ്.
പർവതാരോഹണം ഏറെ ഇഷ്‌ടപ്പെടുന്ന ഇരുവരും എവറസ്‌റ്റ് ബേസ് ക്യാമ്പിലേക്കുള്ള ട്രക്കിങ് ഉൾപ്പടെ ഇതുവരെ 18 എണ്ണം പൂര്‍ത്തിയാക്കിയിട്ടുണ്ട്. പിതാവ് സച്ചിൻ വിചാരെയാണ് ഇരുവരെയും സാഹസികതയുടെ ലോകത്തേക്ക് എത്തിച്ചത്.
