മിസ് യൂണിവേഴ്സ് 2023 : ഇന്ത്യയില്‍ നിന്നും ശ്വേത ശാര്‍ദ ; മത്സരം അമേരിക്കയിലെ എല്‍ സാല്വഡോറില്

മിസ് യൂണിവേഴ്സ് 2023 : ഇന്ത്യയില്‍ നിന്നും ശ്വേത ശാര്‍ദ ; മത്സരം അമേരിക്കയിലെ എല്‍ സാല്വഡോറില്
Miss Universe 2023 : മിസ് യൂണിവേഴ്സ് മത്സരം നാളെ അമേരിക്കയിലെ എല്‍ സാല്വഡോറില്. ഇന്ത്യയെ പ്രതിനിധീകരിച്ച് ശ്വേത ശാര്‍ദ. മത്സരം നടക്കുന്നത് ഹോസെ അഡോൾഫോ പിനെഡ അരീനയില്‍.
ഹൈദരാബാദ് : 72ാമത് മിസ് യൂണിവേഴ്സ് മത്സരം നവംബര്‍ 18ന് അമേരിക്കയില്‍ നടക്കും. സെന്‍ട്രല്‍ അമേരിക്കയിലെ എല്‍ സാല്‍വഡോറിലാണ് വേദി. 3,000 പേരെ ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ള ഹോസെ അഡോൾഫോ പിനെഡ അരീനയിലാണ് മത്സരം നടക്കുക.
ഇത്തവണത്തെ മത്സരം ലൈവ് ബാഷുമായി സഹകരിച്ചാണെന്നതും ഏറെ ശ്രദ്ധേയമാണ്. മത്സരത്തിന്റെ സ്ട്രീമിങ് ആക്സസ് ദി റോകു ചാനലിലൂടെ ലഭ്യമാക്കുകയും ചെയ്യും. ഫൈനല്‍ മത്സരം ഇന്ത്യന്‍ കാഴ്ചക്കാര്‍ക്ക് നേരില്‍ കാണാന്‍ മിസ് യൂണിവേഴ്സ് യൂട്യൂബ് ചാനലിലൂടെയും എക്സിലൂടെയും സൗകര്യമൊരുക്കിയിട്ടുണ്ട്.
എല്‍ സാല്വഡോറില് അരങ്ങേറുന്ന മത്സരത്തില്‍ 90 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളാണ് പങ്കെടുക്കുക. മുന്‍ മിസ് യൂണിവേഴ്സ് ഒലിവിയ കുല്പ്പോയ്ക്കൊപ്പം പ്രശസ്ത ടിവി അവതാരകരായ ജീനി മായ് ജെങ്കിന്‍സ്, മരിയ മെനോനോസ് എന്നിവരും പരിപാടിയില്‍ പങ്കെടുക്കും. പ്രശസ്ത അമേരിക്കന്‍ ഗായകനും ഗാനരചയിതാവുമായ ജോൺ ലെജൻഡിന്റെ സംഗീത പരിപാടിയും അരങ്ങേറും.
അടുത്ത മിസ് യൂണിവേഴ്സിന്റെ കിരീടധാരണം ലോകം ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. ജോണ്‍ ലെജന്‍ഡിന്റെ സംഗീതത്തിന് പുറമെ മറ്റ് അത്യാകര്‍ഷകമായ പരിപാടികളും എല്‍ സാല്‍വഡോറിലെ നാളത്തെ രാത്രിയെ കൂടുതല്‍ സുന്ദരമാക്കും.
ഇന്ത്യയില്‍ നിന്നൊരു സുന്ദരി : മിസ് യൂണിവേഴ്സ് മത്സരത്തിലേക്ക് ഇന്ത്യയില്‍ നിന്നും പങ്കെടുക്കുന്നത് ഛത്തീസ്ഗഡ് സ്വദേശി ശ്വേത ശാര്‍ദയാണ്. കടുത്ത മത്സരം നടക്കാനിരിക്കെ ഇന്ത്യയില്‍ നിന്നുള്ള ശ്വേത ശാര്ദയിലേക്ക് ഉറ്റുനോക്കുകയാണ് ഏവരും. 2023ലെ മിസ് ദിവ യൂണിവേഴ്സായി തെരഞ്ഞെടുക്കപ്പെട്ട ശ്വേത ശാര്‍ദ അടുത്തതായി ഉന്നം വയ്ക്കുന്നത് വിശ്വസുന്ദരി പട്ടമാണ്.
വളരെ ചെറുപ്രായത്തില്‍ തന്നെ ഫാഷനോടും മോഡലിങ്ങിനോടും പ്രണയം തോന്നിയ ശ്വേത ശാര്‍ദ തന്റെ സ്വപ്ന സാക്ഷാത്കാരങ്ങള്ക്കായി 16ാമത്തെ വയസിലാണ് മുംബൈയിലേക്ക് ചേക്കേറിയത്. അമ്മയ്ക്കൊപ്പം മുംബൈയിലേക്ക് താമസം മാറിയ ശ്വേത ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും തന്റെ ബിരുദ പഠനം വിജയകരമായി പൂര്‍ത്തിയാക്കി. അതോടൊപ്പം നിരവധി ജനപ്രിയ റിയാലിറ്റി ഷോകളില്‍ പങ്കെടുത്ത് പ്രേക്ഷക മനസില്‍ ഇടം നേടുകയും ചെയ്തു.
ഡാൻസ് ദീവാനെ, ഡാൻസ് പ്ലസ്, ഡാൻസ് ഇന്ത്യ ഡാൻസ് തുടങ്ങിയ റിയാലിറ്റി ഷോകളിലെല്ലാം താരം പങ്കെടുത്തിട്ടുണ്ട്. നര്‍ത്തകി, കൊറിയോഗ്രാഫര്‍, മോഡല്‍ എന്നിങ്ങനെയും മികച്ച് നില്‍ക്കുന്നയാളാണ് ശ്വേത ശാര്‍ദ. ദീപിക പദുകോണ്‍, സല്മാന് ഖാന് തുടങ്ങി മികച്ച ബോളിവുഡ് താരങ്ങളെ അടക്കം ശ്വേത നൃത്തം പഠിപ്പിച്ചിട്ടുമുണ്ട്.
തന്റെ ജീവിതത്തിലെ ഏറ്റവും അഭിമാന നിമിഷങ്ങളാണിതെല്ലാമെന്നാണ് ശ്വേത നേരത്തെ ഒരു ചാനലിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞത്. താര സുന്ദരികളില്‍ തന്നെ ഏറ്റവും കൂടുതല്‍ സ്വാധീനിച്ചിട്ടുള്ളതും താന്‍ ഏറെ ഇഷ്ടപ്പെടുന്നതും സുസ്മിത സെന്നിനെ ആണെന്നും ശ്വേത പറഞ്ഞിട്ടുണ്ട്.
