ഭിന്നശേഷിക്കാരിയെ രക്തസ്രാവത്തോടെ കണ്ടെത്തിയ സംഭവം ; 14 കാരി കൂട്ടബലാത്സംഗത്തിനിരയായിട്ടില്ലെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്

author img

By

Published : Jan 15, 2022, 8:31 AM IST

alwar girl found injured latest  alwar girl not raped medical report  mentally challenged girl found injured latest  rajasthan minor girl rape latest  അല്‍വാര്‍ ഭിന്നശേഷിക്കാരി ബലാത്സംഗം  രാജസ്ഥാന്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ബലാത്സംഗം  അല്‍വാര്‍ പെണ്‍കുട്ടി ബലാത്സംഗം മെഡിക്കല്‍ റിപ്പോര്‍ട്ട്  അല്‍വാര്‍ എസ്‌പി തേജസ്വനി ഗൗതം

ചൊവ്വാഴ്‌ച രാത്രി തിജാര മേല്‍പ്പാലത്തില്‍ രക്തംവാർന്ന നിലയിലാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്

ജയ്‌പൂര്‍ : രാജസ്ഥാനിലെ അല്‍വാറില്‍ തിജാര മേല്‍പ്പാലത്തില്‍ കടുത്ത രക്തസ്രാവത്തോടെ കണ്ടെത്തിയ പ്രായപൂര്‍ത്തിയാകാത്ത ഭിന്നശേഷിക്കാരിയായ പെണ്‍കുട്ടി ബലാത്സംഗത്തിനിരയായിട്ടില്ലെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്. പതിനാലുകാരി വീട്ടില്‍ നിന്ന് നഗരത്തിലേക്ക് തനിച്ചാണ് വന്നതെന്ന് അന്വേഷണത്തില്‍ വ്യക്തമായതായി പൊലീസ് അറിയിച്ചു.

ചൊവ്വാഴ്‌ച രാത്രി തിജാര മേല്‍പ്പാലത്തില്‍ രക്തംവാർന്ന നിലയിലാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. സ്വകാര്യ ഭാഗത്ത് പരിക്കുകളേറ്റ പെണ്‍കുട്ടി ബലാത്സംഗത്തിനിരയായെന്നായിരുന്നു പൊലീസിന്‍റെ പ്രാഥമിക നിഗമനം. ആശുപത്രിയില്‍ പ്രവേശിപ്പിച്ച പെൺകുട്ടി രണ്ടര മണിക്കൂർ നീണ്ട റെക്‌റ്റം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയയായതായി ഡോക്‌ടർമാർ അറിയിച്ചു.

സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടത്താൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് നിർദേശം നൽകിയിരുന്നു. തുടര്‍ന്ന് അൽവാർ പൊലീസ് സൂപ്രണ്ട് പ്രത്യേക സംഘത്തെ നിയോഗിച്ചു.

25 കിലോമീറ്ററോളം തനിയെ സഞ്ചരിച്ചു

പെണ്‍കുട്ടിയുടെ ശരീരത്തിലെ മുറിവുകളൊന്നും തന്നെ പെണ്‍കുട്ടി ബലാത്സംഗത്തിനിരയായെന്ന് സൂചിപ്പിക്കുന്നില്ലെന്ന് അല്‍വാര്‍ എസ്‌പി തേജസ്വനി ഗൗതം പറഞ്ഞു. മെഡിക്കല്‍ വിദഗ്‌ധരുടെ റിപ്പോര്‍ട്ടിന്‍റേയും കണ്ടെത്തലുകളുടേയും അടിസ്ഥാനത്തില്‍ ബലാത്സംഗത്തിന് യാതൊരു സാധ്യതയുമില്ലെന്നാണ് മനസിലാക്കുന്നതെന്ന് എസ്‌പി വിശദീകരിച്ചു.

എന്നാല്‍ പെൺകുട്ടിക്ക് എങ്ങനെയാണ് ഇത്രയും ഗുരുതരമായ പരിക്കുകൾ പറ്റിയതെന്ന് പൊലീസിന് ഇതുവരെ കണ്ടെത്താനായിട്ടില്ല. പെൺകുട്ടി തന്‍റെ ഗ്രാമത്തിൽ നിന്ന് 25 കിലോമീറ്ററോളം ഒരു ഓട്ടോറിക്ഷയിൽ സഞ്ചരിച്ച് അൽവാർ നഗരത്തിലെത്തി, തുടർന്ന് തിജാര മേല്‍പ്പാലത്തിലെത്തുകയായിരുന്നു.

മറ്റ് 8-10 യാത്രക്കാർക്കൊപ്പമാണ് പെൺകുട്ടി യാത്ര ചെയ്‌തത്. ഓട്ടോറിക്ഷ പരിശോധിച്ച ഫോറൻസിക് വിദഗ്‌ധരുടെ സംഘം സംശയാസ്‌പദമായ ഒന്നും വാഹനത്തില്‍ നിന്ന് കണ്ടെത്തിയിട്ടില്ല. ഡ്രൈവറെ ചോദ്യം ചെയ്‌തിട്ടുണ്ടെന്നും സഹയാത്രികരെ ഉടന്‍ ചോദ്യം ചെയ്യുമെന്നും എസ്‌പി വ്യക്തമാക്കി.

പെണ്‍കുട്ടിക്ക് എങ്ങനെ പരിക്കുകളുണ്ടായി?

വിവിധ സ്ഥലങ്ങളിൽ നിന്ന് ശേഖരിച്ച സിസിടിവി ദൃശ്യങ്ങളിൽ പെണ്‍കുട്ടി തനിച്ച് നടക്കുന്നത് വ്യക്തമാണ്. എന്നാല്‍ പെണ്‍കുട്ടി പാലത്തില്‍ ഗുരുതരാവസ്ഥയില്‍ കിടക്കുന്നത് ഒരു ക്യാമറയിലും പതിഞ്ഞിട്ടില്ലെന്നും എസ്‌പി കൂട്ടിച്ചേർത്തു. മുഖ്യമന്ത്രി കേസ് നിരീക്ഷിച്ചുവരികയാണെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.

വിഷയത്തിൽ രാഷ്ട്രീയ പാർട്ടികൾ അനാവശ്യ പ്രസ്‌താവനകൾ നടത്തരുതെന്നും അന്വേഷണം പൂർത്തിയാക്കാൻ പൊലീസിനെ അനുവദിക്കണമെന്നും അതിന് ശേഷം മാത്രമേ അഭിപ്രായം പറയൂവെന്നും ഗെലോട്ട് കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്‌തിരുന്നു. ഡിഐജി തലത്തിലുള്ള ഉദ്യോഗസ്ഥന്‍റെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ അന്വേഷണത്തിന് അയച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

ശിശു മനശാസ്ത്രജ്ഞനും വിദഗ്‌ധരും പെൺകുട്ടിയുമായി ആശയവിനിമയം നടത്തിയെന്നും പെണ്‍കുട്ടിയില്‍ നിന്ന് വിവരങ്ങള്‍ തേടുന്നതിനായി ഒരു ചോദ്യാവലി തയ്യാറാക്കി വരികയാണെന്നും പൊലീസ് അറിയിച്ചു.

Also read: അതിക്രൂരം, പൈശാചികം: വായില്‍ തുണി തിരുകി ബന്ധിച്ച് മകൻ അമ്മയെ ബലാത്സംഗം ചെയ്തു

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.