ബാനര്‍ കീറി, പോസ്റ്ററില്‍ കരി ഓയില്‍ ഒഴിച്ചു ; പഠാന്‍ പ്രദര്‍ശിപ്പിച്ച തിയേറ്ററുകള്‍ ആക്രമിച്ച് സംഘപരിവാര്‍, 30 പേര്‍ പിടിയില്‍

ബാനര്‍ കീറി, പോസ്റ്ററില്‍ കരി ഓയില്‍ ഒഴിച്ചു ; പഠാന്‍ പ്രദര്‍ശിപ്പിച്ച തിയേറ്ററുകള്‍ ആക്രമിച്ച് സംഘപരിവാര്‍, 30 പേര്‍ പിടിയില്‍
പഠാന്‍ റിലീസിന് മുന്‍പേ പുറത്തിറങ്ങിയ പാട്ടിനെച്ചൊല്ലിയുള്ള വിവാദം, ചിത്രം പുറത്തിറങ്ങിയതിന് ശേഷവും തുടരുന്ന കാഴ്‌ചയാണ് കര്‍ണാടകയില്‍ ഇന്നുണ്ടായത്
ബെലഗാവി : ഷാരൂഖ് ഖാനും ദീപിക പദുകോണും പ്രധാന കഥാപാത്രങ്ങളായെത്തിയ 'പഠാൻ' സിനിമ പ്രദര്‍ശിപ്പിച്ച തിയേറ്ററുകള്‍ ആക്രമിച്ച് സംഘപരിവാര്‍ സംഘടനകള്‍. ഇന്ന് റിലീസ് ചെയ്‌ത ചിത്രം പ്രദര്‍ശിപ്പിച്ച ബെലഗാവിയിലെ തിയേറ്ററുകളില്‍ സ്ഥാപിച്ചിരുന്ന ബാനറുകളും പോസ്റ്ററുകളും പ്രതിഷേധക്കാര്‍ നശിപ്പിച്ചു. തിയേറ്റര്‍ കെട്ടിടത്തില്‍ പതിച്ച പോസ്റ്ററുകളില്‍ തീവ്രഹിന്ദുത്വ അനുഭാവികള്‍ കരി ഓയില്‍ ഒഴിക്കുകയും ചെയ്‌തു.
ബെലഗാവിയിലെ സ്വരൂപ്, നർത്തകി തിയേറ്ററുകൾക്കുനേരെയാണ് ആക്രമണം. സംഭവത്തില്‍ 30 പേരെയാണ് ഖദേബസാർ പൊലീസ് അറസ്റ്റുചെയ്‌തത്. സിനിമ തിയേറ്ററുകൾക്ക് നേരെ ആക്രമണം ഉണ്ടാവാനുള്ള സാധ്യത കണക്കിലെടുത്ത് പൊലീസ് സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്. സിനിമയുടെ റിലീസില്‍ എതിർപ്പ് പ്രകടിപ്പിച്ച ബെലഗാവി സൗത്ത് ബിജെപി എംഎൽഎ അഭയ് പാട്ടീൽ, പ്രദർശനം പിൻവലിക്കാൻ വിതരണക്കാരോട് ആവശ്യപ്പെട്ടു.
'പെണ്‍കുട്ടികള്‍ക്കും എതിര്‍പ്പുണ്ട്': 'ജനങ്ങളുടെ വികാരം മനസിലാക്കി സിനിമയുടെ പ്രദർശനം സ്വമേധയാ പിൻവലിക്കണം. സിനിമ പ്രദർശിപ്പിച്ച് സമൂഹത്തിന്‍റെ സമാധാനാന്തരീക്ഷം കെടുത്തരുത്. നിരവധി പെൺകുട്ടികള്‍ ചിത്രത്തിനെതിരെ എതിർപ്പ് അറിയിച്ചിട്ടുണ്ട്. അതിനാൽ പ്രദർശനത്തിൽ നിന്ന് വിതരണക്കാർ പിന്മാറണം.'- എംഎൽഎ ആവശ്യപ്പെട്ടു.
പഠാന്‍ സിനിമ റിലീസ് ചെയ്യുന്നതിന് മുന്‍പേ സാമൂഹ്യ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയ 'ബേഷരം രംഗ്' പാട്ടിനെതിരെ സംഘപരിവാര്‍ വലിയ പ്രതിഷേധമുയര്‍ത്തിയിരുന്നു. ഗാനത്തില്‍, ദീപിക പദുകോണ്‍ കാവി നിറത്തിലുള്ള ബിക്കിനി ധരിച്ച് ഷാരൂഖ് ഖാനുമായി നൃത്തം ചെയ്‌തതായിരുന്നു പ്രകോപനം. ഈ രംഗം മാറ്റിയാണ് ചിത്രം റിലീസ് ചെയ്‌തതെങ്കിലും സംഘപരിവാര്‍ പ്രതിഷേധം തുടരുകയാണുണ്ടായത്.
