കശ്‌മീരില്‍ മാത്രമല്ല കണ്ടെയ്‌നറിലും വിളയും 'ചുവന്ന പൊന്ന്' ; 'അതിവിദഗ്‌ധമായി' കുങ്കുമപ്പൂ കൃഷി ചെയ്‌ത് ശൈലേഷ്

author img

By

Published : Nov 24, 2022, 8:19 PM IST

Saffron  Saffron Cultivated in Container  Software Engineer  Shailesh Modak  Nasik  ഇച്ഛാശക്തി  സ്വര്‍ണം  എഞ്ചിനീയര്‍  കുങ്കുമപ്പൂവ്  കുങ്കുമ  കണ്ടയ്‌നറില്‍  കശ്‌മീരിലെ പാംപോറില്‍  സോഫ്‌റ്റ്‌വയർ  പൂനെ  ശൈലേഷ്

ഇന്ത്യയില്‍, കശ്‌മീരിലെ പാംപോറില്‍ മാത്രമുണ്ടാകുന്ന കുങ്കുമപ്പൂവ് കണ്ടെയ്‌നറില്‍ വിളയിച്ച് മുൻ സോഫ്‌റ്റ്‌വെയർ എഞ്ചിനീയര്‍ ശൈലേഷ് മോദക്

പൂനെ : കശ്‌മീരിലെ പാംപോറില്‍ മാത്രം വിളയുന്ന 'ചുവന്ന സ്വര്‍ണം' കണ്ടെയ്‌നറില്‍ വളര്‍ത്തി യുവാവ്. ഗ്രാമിന് 300 മുതല്‍ 1500 രൂപ വരെ വിലയുള്ളതും ഡിമാന്‍ഡിന് ഒട്ടും കുറവില്ലാത്തതുമായ കുങ്കുമപ്പൂവാണ് നാസിക്കിൽ നിന്നുള്ള മുൻ സോഫ്‌റ്റ്‌വെയർ എഞ്ചിനീയറായ ശൈലേഷ് മോദക് കണ്ടെയ്‌നറില്‍ വിരിയിച്ചത്. ആഭ്യന്തര ആവശ്യത്തിന്‍റെ മൂന്ന് മുതല്‍ നാല് ശതമാനം വരെ മാത്രമേ രാജ്യത്ത് ഇവ കൃഷി ചെയ്യുന്നുള്ളൂ. ഇതിനായി വിദേശ മാര്‍ക്കറ്റില്‍ വലിയ രീതിയില്‍ പണം ഒഴുകുന്നുണ്ടെന്ന് മനസിലാക്കിയതോടെയാണ് ശൈലേഷിന് ഈ ആശയമുദിച്ചത്. തുടര്‍ന്ന് കൃഷിയിലേക്ക് ഇറങ്ങിയപ്പോള്‍ 'ചുവന്ന പൊന്ന്' നൂറുമേനി വിളയുകയും ചെയ്‌തു.

'കുങ്കുമപ്പൂവ്' വന്ന വഴി : ആറ് വർഷം മുമ്പാണ് ശൈലേഷ് എയറോപോണിക് രീതിയില്‍ (സസ്യത്തിന്‍റെ വേരുകളിലേക്ക് പോഷക ലായനി മൂടൽമഞ്ഞിന്‍റെ രൂപത്തിൽ പ്രസരണം ചെയ്യുന്ന കാര്‍ഷിക സാങ്കേതികവിദ്യ) കുങ്കുമപ്പൂവിന്‍റെ കൃഷി പരീക്ഷിക്കുന്നത്. ഇതിനായി കശ്‌മീരിലെ പാംപോറില്‍ നിന്നും 12 കിലോ കുങ്കുമ കിഴങ്ങുകള്‍ എത്തിച്ച് കണ്ടെയ്‌നറില്‍ ഏകദേശം 320 ചതുരശ്ര അടി വിസ്‌തീർണത്തില്‍ നട്ടുപിടിപ്പിച്ചു. പൂനെയിലെ വാർജെ പ്രദേശത്ത് നിര്‍ത്തിയിട്ട കണ്ടെയ്‌നറില്‍ ഒരു ട്രേയിൽ 400 മുതൽ 600 വരെ കിഴങ്ങുകള്‍ എന്ന നിലയിലായിരുന്നു ഇവ നട്ടത്.

പാടത്തെ കൃഷിയല്ല, എസിയിലെ കൃഷി : കൃഷിയെക്കുറിച്ച് കൂടുതല്‍ മനസിലാക്കാനായി കശ്‌മീരിലെത്തി കുങ്കുമ കർഷകരുമായും ശൈലേഷ് സംവദിച്ചു. ഇതിനെ തുടര്‍ന്ന് കൃഷിക്ക് അനുയോജ്യമായ തണുത്ത അന്തരീക്ഷത്തിനായി എയർ സർക്കുലേറ്റർ, ചില്ലർ, എസി, ഡീഹ്യൂമിഡിഫയർ എന്നിവയ്‌ക്ക് പുറമെ കണ്ടെയ്‌നറിലെ ഈര്‍പ്പം വര്‍ധിപ്പിക്കുന്നതിനായി കല്‍ക്കരി ഉപയോഗിച്ചുള്ള സാങ്കേതിക വിദ്യയും ശൈലേഷ് ഉപയോഗിച്ചു. നിലവിലെ കൃഷിയിലൂടെ ഒന്നര കിലോയോളം കുങ്കുമപ്പൂ വിളയിക്കാമെന്ന പ്രതീക്ഷയിലാണ് ശൈലേഷ്. ഗ്രാമിന് 499 രൂപ എന്ന നിലവിലെ മാര്‍ക്കറ്റ് വിലയനുസരിച്ചാണെങ്കില്‍ 7.5 ലക്ഷം രൂപയാകും ലഭിക്കുക. എന്നാല്‍ കൃഷി ഒന്നുകൂടി കൊഴുത്താല്‍ ഇത് വര്‍ധിക്കും. അതേസമയം ഇതുവരെ എട്ടുലക്ഷം രൂപയാണ് കൃഷിയിനത്തില്‍ ശൈലേഷിന് ചെലവായിട്ടുള്ളത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.