നവകേരള സദസിൽ പരാതി പ്രളയം; കാസർകോട് മണ്ഡലത്തിൽ മാത്രം 3450 പരാതികൾ

നവകേരള സദസിൽ പരാതി പ്രളയം; കാസർകോട് മണ്ഡലത്തിൽ മാത്രം 3450 പരാതികൾ
Navakerala Sadas Kasaragod Kerala: ജനങ്ങളുമായി നേരിട്ട് സംവദിക്കാനും പ്രശ്നങ്ങള്‍ പരിഹരിക്കാനുമുള്ള സര്‍ക്കാര്‍ ശ്രമം വിജയിക്കുന്നു. നവകേരള സദസില്‍ പരാതികളുടെ പ്രളയമാണ്. ജനങ്ങള്‍ക്ക് നവകേരള സദസിനോടുളള വിശ്വാസമാണ് പ്രകടമാക്കുന്നതെന്ന് സര്‍ക്കാര്‍
കാസർകോട്: നവകേരള സദസിൽ പരാതി പ്രളയം (Navakerala Sadas Kasaragod Kerala). കാസര്‍കോട് ജില്ലയില്‍ അഞ്ചു മണ്ഡലങ്ങളിലായി ഇതുവരെയായി പതിനായിരത്തിലധികം പരാതികളാണ് ലഭിച്ചത്.നായന്മാര്മൂല ചെങ്കള പഞ്ചായത്ത് സ്റ്റേഡിയത്തില്‍ നടന്ന കാസര്‍കോട് നിയോജക മണ്ഡലം നവകേരള സദസിന്റെ ഭാഗമായി സജ്ജീകരിച്ച പരാതി കൗണ്ടറുകളില്‍ പൊതുജനങ്ങളില്‍ നിന്നും സ്വീകരിച്ചത് 3450 പരാതികളാണ് . രാവിലെ എട്ട് മുതല്‍ തന്നെ പരാതി കൗണ്ടറുകളില്‍ പരാതികളുമായി പൊതുജനം എത്തിത്തുടങ്ങിയിരുന്നു. സ്ത്രീകള്‍, ഭിന്നശേഷിക്കാര്‍, മുതിര്‍ന്ന പൗരന്മാര് എന്നിവര്‍ക്ക് പരാതികള്‍ നല്കാന് പ്രത്യേക സൗകര്യം ഏര്‍പ്പെടുത്തിയിരുന്നു. 22 പരാതി കൗണ്ടറുകളാണ് വേദിക്ക് സമീപമായി സജ്ജീകരിച്ചത്. തദ്ദേശ റോഡ് വികസനം ഉള്‍പ്പെടെയുള്ള പൊതു പരാതികളും ലൈഫ് ഭവന പദ്ധതി, വിവിധ ക്ഷേമ പദ്ധതികളിലേക്കുള്ള അപേക്ഷകള്‍, ഭൂമി പ്രശ്നങ്ങള്‍ തുടങ്ങി വിവിധ വിഷയങ്ങളിലുള്ള പരാതികളാണ് ലഭിച്ചത്. പരാതികള്‍ പരിശോധിച്ച് തുടര്‍ നടപടികള്‍ക്കായി പോര്‍ട്ടലിലൂടെ നല്‍കും. ഒരാഴ്ച മുതല്‍ ഒന്നര മാസത്തിനകം പരാതികള്‍ തീര്‍പ്പാക്കും. പരാതി കൈപ്പറ്റുന്ന ജില്ലാതല ഉദ്യോഗസ്ഥര്‍ രണ്ടാഴ്ചയ്ക്കകം ഈ പരാതി തീര്‍പ്പാക്കി വിശദമായ മറുപടി നല്കി അപ്ലോഡ് ചെയ്യും. കൂടുതല്‍ നടപടികള്‍ ആവശ്യമുള്ള പരാതികള്‍ പരമാവധി നാല് ആഴ്ചക്കുള്ളില്‍ തീര്‍പ്പാക്കും.
കാഞ്ഞങ്ങാട് നവകേരള സദസിൽ ഇതുവരെ ലഭിച്ചത് 2800 ഓളം പരാതികളാണ്. ഉദുമയിലും3733 ഓളം പരാതികൾ എത്തി. തൃക്കരിപ്പൂരിലും സ്ഥിതി സമാനമായിരുന്നു. ക്ഷേമ പെൻഷൻ, സ്വന്തമായൊരു വീട്, ലോൺ തിരിച്ചടവ് മുടങ്ങി ജപ്തി ഭീഷണി, എന്റോസള്ഫാന് ദുരിത ബാധിതർ അടക്കം നവകേരള സദസിന്റെ പരാതി കൗണ്ടറുകളിലേക്ക് എത്തി.ഇന്നലെ മഞ്ചേശ്വത്ത് നിന്നും 1908 പരാതികൾ ലഭിച്ചിരുന്നു.
