Mass Seize in Chennai Airport : 113 പേര്‍ വഴി കടത്തിയത് 14 കോടിയുടെ സ്വര്‍ണവും ഐഫോണുകളും : കള്ളക്കടത്തിന്‍റെ പുതിയ മാതൃക കണ്ട് ഞെട്ടി ചെന്നൈ വിമാനത്താവളം

Mass Seize in Chennai Airport : 113 പേര്‍ വഴി കടത്തിയത് 14 കോടിയുടെ സ്വര്‍ണവും ഐഫോണുകളും : കള്ളക്കടത്തിന്‍റെ പുതിയ മാതൃക കണ്ട് ഞെട്ടി ചെന്നൈ വിമാനത്താവളം
113 passengers from Oman Smuggled 14 Crore Worth Valuables : കസ്റ്റംസ് ആക്റ്റിലെ പഴുത് മുതലെടുത്ത് രാജ്യാന്തര കള്ളക്കടത്ത് ശൃംഖല. നൂറുകണക്കിനാളുകളെ ഒരേ സമയം കള്ളക്കടത്തിന് ഉപയോഗിക്കുന്നത് അപൂര്‍വ രീതി
ചെന്നൈ : തമിഴ്‌നാട് ചെന്നൈ രാജ്യാന്തര വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് (Customs Officials) തിരക്കുപിടിച്ച ദിനമായിരുന്നു വെള്ളിയാഴ്‌ച. ഒമാനില്‍ നിന്നെത്തിയ യാത്രക്കാരെ പരിശോധിച്ചപ്പോള്‍ അവര്‍ കണ്ടെത്തിയത് രാജ്യാന്തര കള്ളക്കടത്തിന്‍റെ പുത്തന്‍ തന്ത്രം. ഒമാനില്‍ നിന്ന് ഒമാന്‍ എയര്‍ലൈന്‍സില്‍ (Oman Airlines) വന്നിറങ്ങിയ 186 യാത്രക്കാരെയാണ് ചെന്നൈ വിമാനത്താവളത്തില്‍ കസ്റ്റംസ് സംശയം തോന്നി തടഞ്ഞുവെച്ചത് (Mass seize in Chennai Airport).
വിശദമായ പരിശോധനകള്‍ക്ക് ശേഷം ഇവരില്‍ 73 പേരെ വിട്ടയച്ചു. കള്ളക്കടത്ത് ബന്ധം സംശയിച്ച 113 പേരെ വീണ്ടും വിശദമായ ചോദ്യം ചെയ്യലിന് വിധേയമാക്കിയപ്പോഴാണ് കള്ളി വെളിച്ചത്ത് വന്നത്. ശരീരത്തിലെ രഹസ്യ ഭാഗങ്ങളിലടക്കം ഒളിപ്പിച്ചുകടത്തിയ സ്വര്‍ണ ബിസ്‌കറ്റുകളും സ്വര്‍ണക്കുഴമ്പുമടക്കം 13 കിലോഗ്രാം സ്വര്‍ണം, 120 ഐ ഫോണുകള്‍, 84 ആന്‍ഡ്രോയ്‌ഡ് ഫോണുകള്‍, വിലകൂടിയ വിദേശ സിഗററ്റുകള്‍, കുങ്കുമപ്പൂവ്, ലാപ്‌ടോപ്പുകള്‍ തുടങ്ങി ഇത്രയും പേരില്‍ നിന്ന് കണ്ടെടുത്ത കള്ളക്കടത്ത് (Smuggling) സാധനങ്ങളുടെ ആകെ മൂല്യം രാജ്യാന്തര മാര്‍ക്കറ്റില്‍ ഏതാണ്ട് 14 കോടി രൂപയോളം (14 Crore Worth Valuables Smuggled) വരും എന്നാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്.
കസ്റ്റംസ് ആക്‌റ്റ് മുതലെടുത്ത് ആസൂത്രണം : തുടക്കത്തില്‍ ചോദ്യം ചെയ്യലിനോട് സഹകരിക്കാതെ വന്നപ്പോള്‍ കസ്റ്റംസ് ഇവരെ മണിക്കൂറുകളോളം തടഞ്ഞുവെക്കുകയായിരുന്നു. പുറത്തേക്ക് വിടാതെ വിമാനത്താവളത്തിനകത്ത് തന്നെ തുടര്‍ച്ചയായി നടത്തിയ ചോദ്യം ചെയ്യലിലാണ് കള്ളക്കടത്തിന്‍റെ ചുരുളഴിഞ്ഞത്. കസ്റ്റംസ് ആക്‌റ്റ് (Customs Act) അനുസരിച്ച് ഒരു കോടിയില്‍ കൂടുതല്‍ മൂല്യമുള്ള വസ്‌തുക്കള്‍ കള്ളക്കടത്ത് നടത്തുമ്പോഴാണ് അറസ്റ്റ് ചെയ്യാന്‍ വ്യവസ്ഥയുള്ളത്.
ഇതില്‍ കുറഞ്ഞ തുകയ്‌ക്കുള്ള കടത്തുകളില്‍ കേസെടുത്ത് ആളുകളെ ജാമ്യത്തില്‍ വിടുകയാണ് പതിവ്. ഈ പഴുത് മുതലെടുത്താണ് രാജ്യാന്തര കള്ളക്കടത്ത് ശൃംഖല നൂറുകണക്കിനാളുകളെ മറയാക്കി ഇത്തരത്തില്‍ വ്യാപകമായ കള്ളക്കടത്ത് ആസൂത്രണം ചെയ്‌തത്. കള്ളക്കടത്ത് സാധനങ്ങള്‍ പിടിച്ചെടുത്ത ശേഷം 113 പേരെയും ചെന്നൈ വിമാനത്താവളത്തില്‍ നിന്ന് ജാമ്യത്തില്‍ വിട്ടയക്കുകയായിരുന്നു.
വികേന്ദ്രീകൃത രീതിയില്‍ പുതിയ തന്ത്രത്തിലൂടെ ഫലപ്രദമായി വന്‍ കള്ളക്കടത്ത് ആസൂത്രണം ചെയ്‌ത വന്‍ തോക്കുകള്‍ക്ക് വേണ്ടി കസ്റ്റംസ് അധികൃതരും കേന്ദ്ര റവന്യൂ ഇന്‍റലിജന്‍സ് (Directorate Of Revenue Intelligence) വിഭാഗവും അന്വേഷണത്തിലാണ്.
