കേന്ദ്രസര്‍ക്കാര്‍ ഇടപെട്ടു, രാജ്യത്ത് ഭക്ഷ്യ എണ്ണകളുടെ വില കുറയുന്നു

author img

By

Published : Jun 23, 2022, 1:08 PM IST

Major edible oil brands have cut prices  central government initiatives to cut prices of edible oil  edible oil import of india  central government actions to hoarding  രാജ്യത്ത് ഭക്ഷ്യ എണ്ണകളുടെ വില കുറയുന്നു  ഭക്ഷ്യ എണ്ണയുടെ വിലക്കയറ്റം നിയന്ത്രിക്കാനുള്ള നടപടികള്‍  ഇന്ത്യയുടെ ഭക്ഷ്യ എണ്ണ ഇറക്കുമതി

ഇറക്കുമതി ചുങ്കം കുറച്ചതും പൂഴ്‌ത്തിവെപ്പിനെതിരായ മിന്നല്‍ പരിശോധനകളുമാണ് ഭക്ഷ്യ എണ്ണകളുടെ വില കുറയാന്‍ കാരണമെന്ന് കേന്ദ്ര സര്‍ക്കാര്‍.

ന്യൂഡല്‍ഹി: രാജ്യത്ത് ഭക്ഷ്യ എണ്ണകളുടെ വില കുറയുന്നു. പ്രധാനപ്പെട്ട ഭക്ഷ്യ എണ്ണ ബ്രാന്‍ഡുകള്‍ ഒരു ലിറ്ററിന് 10 മുതല്‍ 15 രൂപവരെ കുറച്ചെന്ന് കേന്ദ്ര ഉപഭോക്‌തൃകാര്യ ഭക്ഷ്യ പൊതുവിതരണ മന്ത്രാലയം അറിയിച്ചു. വിവിധ തലങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ നടത്തിയ ഇടപെടലിന്‍റെ ഫലമായാണ് വിവിധയിനം ഭക്ഷ്യ എണ്ണകളുടെ വില കുറയ്‌ക്കാന്‍ സാധിച്ചതെന്ന് മന്ത്രാലയം അറിയിച്ചു. റഷ്യ - യുക്രൈന്‍ യുദ്ധത്തെ തുടര്‍ന്ന് ഭക്ഷ്യ എണ്ണകളുടെ വില വലിയ രീതിയില്‍ ഉയര്‍ന്നിരുന്നു.

വനസ്‌പതി, സോയാബീന്‍ എണ്ണ, സൂര്യകാന്തി എണ്ണ, പാമോയില്‍ എന്നിവയുടെ വില കഴിഞ്ഞ മൂന്ന് ദിവസമായി കുറഞ്ഞുവരികയാണ്. വരും ദിവസങ്ങളില്‍ വില ഇനിയും കുറയുമെന്ന് മന്ത്രാലയം അറയിച്ചു. ഭക്ഷ്യ എണ്ണകളുടെ വില കുറയുന്നത് മൊത്തത്തിലുള്ള വിലക്കയറ്റത്തില്‍ ശമനം വരുത്തുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് സെക്രട്ടറി സുതാന്‍ഷു പാണ്ഡെ പറഞ്ഞു.

ഫോര്‍ച്യൂണ്‍ റിഫൈന്‍ഡ് സണ്‍ഫ്ലവര്‍ ഓയിലിന്‍റെ ഒരു ലിറ്റര്‍ പാക്കറ്റിന് 220 രൂപയില്‍ നിന്നും 210 രൂപയായി കുറച്ചു. ഫോര്‍ച്യൂണ്‍ ബ്രാന്‍ഡിന്‍റെ തന്നെ സോയബീന്‍, കാച്ചി ഗാനി ഓയിലിന് ഒരു ലിറ്റര്‍ പാക്കറ്റിന് 205 രൂപയില്‍ നിന്ന് 195 രൂപയായി കുറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ ഇറക്കുമതി ചുങ്കം കുറച്ചതും പൂഴ്‌ത്തി വയ്‌ക്കലിനെതിരെ നടപടി സ്വീകരിച്ചതുമാണ് ഭക്ഷ്യ എണ്ണകളുടെ വില കുറയാന്‍ കാരണം.

പൂഴ്‌ത്തി വയ്പ്പ് കണ്ടെത്തുന്നതിനായി മഹാരാഷ്ട്ര, രാജസ്ഥാന്‍, ഗുജറാത്ത്, മധ്യപ്രദേശ്, ഉത്തര്‍ പ്രദേശ്, പശ്ചിമ ബംഗാള്‍, തെലങ്കാന, കര്‍ണാടക എന്നീ സംസ്ഥാനങ്ങളിലെ വിവിധ വ്യാപാര സ്ഥാപനങ്ങളില്‍ രണ്ട് ഘട്ടങ്ങളിലായി മിന്നല്‍ പരിശോധന നടത്തിയെന്ന് കേന്ദ്ര ഭക്ഷ്യ പൊതുവിതരണ വകുപ്പ് ജോയിന്‍റ് സെക്രട്ടറി പാര്‍ഥ എസ് ദാസ് വ്യക്തമാക്കി. ആദ്യ ഘട്ടത്തില്‍ 156 സ്ഥാപനങ്ങളിലും രണ്ടാം ഘട്ടത്തില്‍ 84 സ്ഥാപനങ്ങളിലുമാണ് മിന്നല്‍ പരിശോധന നടത്തിയത്.

മിന്നല്‍ പരിശോധനകള്‍ പൂഴ്‌ത്തി വയ്പ്പ് കുറച്ചു: ആദ്യ ഘട്ടത്തിലെ പരിശോധനയില്‍ 53 വ്യാപാരസ്ഥാപനങ്ങളാണ് പൂഴ്‌ത്തി വയ്ക്കുന്നതായി കണ്ടെത്തിയതെങ്കില്‍ രണ്ടാം ഘട്ടത്തില്‍ ഇത് 12ആയി കുറഞ്ഞെന്ന് അധികൃതര്‍ അറിയിച്ചു. പൂഴ്‌ത്തി വയ്ക്കുന്ന വ്യാപാര സ്ഥാപനങ്ങള്‍ക്കെതിരെ അവശ്യ വസ്‌തു നിയമ പ്രകാരം നടപടികള്‍ സ്വീകരിക്കണമെന്ന് സംസ്ഥാന സര്‍ക്കാറുകളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രാലയം അറിയിച്ചു. നടപടികള്‍ സ്വീകരിക്കുമ്പോള്‍ വിതരണ ശൃംഖലകളെ ബാധിക്കാതെ നോക്കണമെന്ന നിര്‍ദേശം സംസ്ഥാനങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്.

പാചക എണ്ണകളുടെ വില കുറയ്‌ക്കാനായി അസംസ്‌കൃത സോയാബീന്‍, സൂര്യ കാന്തി എണ്ണകളുടെ ഇറക്കുമതിക്ക് താരിഫ് റേറ്റ് കോട്ട (Tariff Rate Quota) അനുവദിച്ച് കേന്ദ്ര സര്‍ക്കാര്‍ വിഞ്ജാപനം ഇറക്കിയിട്ടുണ്ട്. ഇതുപ്രകാരം 2022-23, 2023-24 സാമ്പത്തിക വര്‍ഷങ്ങളില്‍ 20 ലക്ഷം മെട്രിക് ടണ്‍ വീതം ഇവ ഇറക്കുമതി ചെയ്യുന്നതിന് ചുങ്കം ഏര്‍പ്പെടുത്തില്ല.

കഴിഞ്ഞ ഒരു വര്‍ഷമായി നിരന്തരം വര്‍ധിച്ചുകൊണ്ടിരിക്കുന്ന പാചക എണ്ണയുടെ വില നിയന്ത്രിക്കാനായി അസംസ്‌കൃത പാമോയില്‍, സോയാബീന്‍, സൂര്യകാന്തി എണ്ണകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന അടിസ്ഥാന നികുതിയായ 2.5 ശതമാനം പൂര്‍ണമായി ഒഴിവാക്കിയിരുന്നു. ഈ എണ്ണകളുടെ കാര്‍ഷിക സെസ് 5 ശതമാനമായി കുറയ്‌ക്കുകയും ചെയ്‌തു.

സംസ്‌കരിച്ച സോയാബീന്‍ എണ്ണയുടേയും സൂര്യ കാന്തി എണ്ണയുടേയും അടിസ്ഥാന നികുതി 32.5 ശതമാനത്തില്‍ നിന്ന് 17.5 ശതമാനമായി കുറച്ചിരുന്നു. സംസ്‌കരിച്ച പാമോയിലിന്‍റെ അടിസ്ഥാന നികുതി 17.5 ശതമാനത്തില്‍ നിന്ന് 12.5 ശതമാനമായി കുറയ്‌ക്കുകയും ചെയ്‌തു. സംസ്‌കരിച്ച പാമോയിലിന്‍ ഇറക്കുമതിക്ക് ചുങ്കം ചുമത്താതിരിക്കുന്നത് ഈ വര്‍ഷം അവസാനം വരെ നീട്ടി. വിപണിയില്‍ വേണ്ടത്ര ലഭ്യത ഉറപ്പുവരുത്തുന്നതിന് വേണ്ടി ഭക്ഷ്യ എണ്ണകളും എണ്ണകുരുക്കളും സംഭരിച്ചുവെക്കുന്നതിനുള്ള നിയന്ത്രണം 2022 ഡിസംബര്‍ 31വരെയാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.