നിയമസഭ തെരഞ്ഞെടുപ്പ്, മധ്യപ്രദേശില്‍ പോളിങ് പുരോഗമിക്കുന്നു; ഛത്തീസ്‌ഗഡില്‍ 70 സീറ്റുകളിലേക്കും വോട്ടിംഗ്

നിയമസഭ തെരഞ്ഞെടുപ്പ്, മധ്യപ്രദേശില്‍ പോളിങ് പുരോഗമിക്കുന്നു; ഛത്തീസ്‌ഗഡില്‍ 70 സീറ്റുകളിലേക്കും വോട്ടിംഗ്
മധ്യപ്രദേശിലും ഛത്തീസ്‌ഗഡിലും നിയമസഭ തെരഞ്ഞെടുപ്പ് വോട്ടെടുപ്പ് പുരോഗമിക്കുന്നു
ഭോപ്പാല്‍: മധ്യപ്രദേശില്‍ 230 നിയമസഭ മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് പുരോഗമിക്കുന്നു. 2533 സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുള്ളത്. (Madhyapradesh poll) മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ (shivraj singh chauhan), മുന്‍ മുഖ്യമന്ത്രി കമല്‍നാഥ് (kamalnath) അടക്കമുള്ള ഉന്നത രാഷ്ട്രീയ നേതാക്കള്‍ മത്സരരംഗത്തുണ്ട്. ഭരണകക്ഷിയായ ബിജെപിയും പ്രതിപക്ഷമായ കോണ്‍ഗ്രസും തമ്മിലാണ് പ്രധാനമത്സരം.
രാവിലെ ഏഴ് മണിയോടെ 64,626 പോളിംഗ് സ്റ്റേഷനുകളിലും വോട്ടിംഗ് ആരംഭിച്ചതായി തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. മധ്യപ്രദേശില്‍ ഒറ്റഘട്ടമായാണ് മുഴുവന്‍ മണ്ഡലങ്ങളിലേക്കും വോട്ടെടുപ്പ് നടക്കുന്നത്. 47 മണ്ഡലങ്ങള്‍ പട്ടികവര്‍ഗ സംവരണമാണ്. പട്ടിക ജാതിക്കാര്‍ക്കായി 35 സീറ്റുകളും നീക്കി വച്ചിട്ടുണ്ട്.
5.6 കോടിയിലേറെ വോട്ടര്‍മാരാണ് സംസ്ഥാനത്താകെയുള്ളത്. വൈകിട്ട് ആറ് വരെയാണ് വോട്ടെടുപ്പ്. നക്സല്‍ ബാധിത മേഖലകളായ ദിന്കദോദ്രി ജില്ലയിലെ നാല്‍പ്പത് കേന്ദ്രങ്ങളിലും ബാല്‍ഘട്ട് ജില്ലയിലെ ബെയ്ഹര്‍, ലാന്‍ജ്ഹി, പരസ്‌വാഡ സീറ്റുകളിലും മാണ്ട്‌ല ജില്ലയിലെ 55 പോളിംഗ് കേന്ദ്രങ്ങളിലും ബിച്ചിയ മാണ്ട്‌ല സീറ്റുകളിലെ പോളിംഗ് കേന്ദ്രങ്ങളിലും മൂന്ന് മണി വരെ മാത്രമേ വോട്ടെടുപ്പ് ഉണ്ടാകുകയുള്ളൂ.
പോളിംഗ് തുടങ്ങുന്നതിന് ഒന്നരമണിക്കൂര്‍ മുമ്പ് പരീക്ഷണ വോട്ടെടുപ്പ് നടന്നിരുന്നു. അംഗീകൃത പോളിംഗ് ഏജന്‍റുമാരുടെ സാന്നിധ്യത്തിലായിരുന്നു വോട്ടെടുപ്പ്.
ഛത്തീസ് ഗഡിലെ 70 മണ്ഡലങ്ങളിലേക്കും പോളിംഗ് പുരോഗമിക്കുകയാണ്. മാവോവാദി സാന്നിധ്യമുള്ള 20 മണ്ഡലങ്ങളിലേക്ക് നവംബര്‍ ഏഴിന് ആദ്യഘട്ട വോട്ടെടുപ്പ് പൂര്‍ത്തിയായിരുന്നു. ഇരു സംസ്ഥാനങ്ങളിലെയും ഫലം ഡിസംബർ മൂന്നിന് അറിയാം.
