അയല്‍വാസിയായ സ്‌ത്രീയെ വളര്‍ത്തുനായ കടിച്ച കേസ് ; നടന്‍ ദര്‍ശന്‍ തൂഗുദീപ് പൊലീസ് സ്റ്റേഷനില്‍ ഹാജരായി

അയല്‍വാസിയായ സ്‌ത്രീയെ വളര്‍ത്തുനായ കടിച്ച കേസ് ; നടന്‍ ദര്‍ശന്‍ തൂഗുദീപ് പൊലീസ് സ്റ്റേഷനില്‍ ഹാജരായി
Dog Bite Case In Bengaluru : വളര്‍ത്തുനായയില്‍ നിന്നും അയല്‍വാസിയ്‌ക്ക് ആക്രമണമേറ്റ കേസില്‍ ചോദ്യം ചെയ്യലിനെത്തി നടന്‍ ദര്‍ശന്‍ തൂഗുദീപ്. പൊലീസ് സ്റ്റേഷനിലെത്തിയത് രണ്ടാമത് നോട്ടിസ് ലഭിച്ചതോടെ. യുവതിയ്‌ക്ക് നേരെ നായകളുടെ ആക്രമണമുണ്ടായത് ഒക്‌ടോബര്‍ 28ന്.
ബെംഗളൂരു: വളര്‍ത്തുനായകളുടെ ആക്രമണത്തില്‍ അയല്‍വാസിയായ സ്‌ത്രീയ്‌ക്ക് പരിക്കേറ്റ കേസുമായി ബന്ധപ്പെട്ട് കന്നഡ നടന്‍ ദര്‍ശന്‍ തൂഗുദീപ് പൊലീസ് സ്റ്റേഷനില്‍ ഹാജരായി. ഇന്ന് (നവംബര്‍ 15) രാവിലെ 11.30 ഓടെയാണ് ചോദ്യം ചെയ്യലിനായി താരം രാജരാജേശ്വരി നഗർ പോലീസ് സ്റ്റേഷനിലെത്തിയത്. കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാണിച്ച് പൊലീസ് നേരത്തെ നോട്ടിസ് നല്‍കിയിരുന്നെങ്കിലും ദര്‍ശന്‍ ഹാജരായിരുന്നില്ല. എന്നാല്‍ ഇക്കാര്യം ചൂണ്ടിക്കാട്ടി പൊലീസ് രണ്ടാം തവണയും നോട്ടിസ് നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് താരം ചോദ്യം ചെയ്യലിന് ഹാജരായത് (Kannada Actor Darshan Thugudeep).
ഒക്‌ടോബര്‍ 28നാണ് കേസിനാസ്‌പദമായ സംഭവം. ദര്‍ശന്‍റെ വസതിക്ക് സമീപമുള്ള സ്വകാര്യ ആശുപത്രിയില്‍ സംഘടിപ്പിച്ച പരിപാടിക്കെത്തിയപ്പോഴാണ് യുവതിക്ക് നേരെ നായകളുടെ ആക്രമണമുണ്ടായത്. അമിത ജിന്‍ഡാല്‍ എന്ന യുവതിക്കാണ് നായയുടെ ആക്രമണത്തില്‍ പരിക്കേറ്റത് (Actor Darshan Thugudeep's Dog Bite Case).
പരിപാടിയില്‍ പങ്കെടുക്കാനെത്തിയ യുവതി ദര്‍ശന്‍റെ വസതിക്ക് മുമ്പിലാണ് കാര്‍ പാര്‍ക്ക് ചെയ്‌തിരുന്നത്. പരിപാടിക്ക് ശേഷം വീട്ടിലേക്ക് മടങ്ങാനായി കാറിന് അടുത്ത് എത്തിയപ്പോഴാണ് കാറിനരികെ മൂന്ന് നായകളെ കണ്ടത്. നായകളെ മാറ്റാന്‍ താരത്തിന്‍റെ സഹായികളോട് ആവശ്യപ്പെട്ടെങ്കിലും അവര്‍ വിസമ്മതിച്ചു. തുടര്‍ന്ന് ഇതേ ചൊല്ലി സഹായികളും യുവതിയും തമ്മില്‍ വാക്കേറ്റമുണ്ടായി. ഇതോടെ നായകളെത്തി യുവതിയെ ആക്രമിക്കുകയായിരുന്നു. ഇതിനിടെ നിലത്ത് വീണ യുവതിയുടെ വയറ്റില്‍ നായയുടെ കടിയേറ്റു. പരിക്കേറ്റ യുവതി ആശുപത്രിയില്‍ ചികിത്സ തേടുകയും ചെയ്‌തു ( Actor Darshan appears In Police Station).
ആരോപണവുമായി അമിത ജിന്‍ഡാല്‍: നടന്‍ ദര്‍ശന്‍റെ സഹായികളോട് നായകളെ കാറിനരികെ നിന്നും മാറ്റാന്‍ ആവശ്യപ്പെട്ടിട്ടും മാറ്റിയില്ലെന്ന് യുവതി പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. നായകള്‍ തന്നെ ആക്രമിക്കുമെന്ന് അറിഞ്ഞിട്ടും അവര്‍ നായകളെ സ്ഥലത്ത് നിന്നും മാറ്റാതിരിക്കുകയായിരുന്നുവെന്നും അമിത ജിൻഡാൽ ആരോപിച്ചു.
പൊലീസിനെതിരെയും ആരോപണം: നടന്‍ ദര്‍ശന്‍ തൂഗുദീപിന്‍റെ വളര്‍ത്തു നായകള്‍ ആക്രമിച്ചെന്ന് പരാതി നല്‍കിയിട്ടും വിഷയത്തില്‍ പൊലീസ് നടപടി സ്വീകരിച്ചില്ലെന്ന് അമിത ജിന്‍ഡാല്‍ ആരോപിക്കുന്നു. പൊലീസ് അന്വേഷണം നടത്തി തനിക്ക് നീതി ലഭ്യമാക്കിയില്ലെങ്കില്‍ താന്‍ കോടതിയെ സമീപിക്കും. താനൊരു അഭിഭാഷകയാണ്. ഈ വിഷയത്തില്‍ എങ്ങനെ മുന്നോട്ട് പോകണമെന്ന് എനിക്കറിയാമെന്നും അമിത ജിന്‍ഡാല്‍ പറഞ്ഞു.
