ഗൃഹലക്ഷ്മി പദ്ധതി : ഇനി മുതല്‍ ചാമുണ്ഡേശ്വേരി ദേവിക്കും പ്രതിമാസം 2000 രൂപ

ഗൃഹലക്ഷ്മി പദ്ധതി : ഇനി മുതല്‍ ചാമുണ്ഡേശ്വേരി ദേവിക്കും പ്രതിമാസം 2000 രൂപ
Goddess Chamundeshwari also a beneficiary of gruhalakshmi scheme : ചാമുണ്ഡേശ്വരി ദേവിയും ഗൃഹലക്ഷ്മി പദ്ധതിയില്‍,പ്രതിമാസം രണ്ടായിരം രൂപ അക്കൗണ്ടില്‍
ബെംഗളൂരു : കര്‍ണാടക സര്‍ക്കാരിന്‍റെ വനിത ശാക്തീകരണ പദ്ധതിയായ ഗൃഹലക്ഷ്മിയുടെ(Gruhalekshmi scheme) ഗുണഭോക്താവായി മൈസൂരിന്‍റെ ദേവത ചാമുണ്ഡേശ്വരിയും. എപിഎല്‍, ബിപിഎല്‍ വ്യത്യാസമില്ലാതെ സംസ്ഥാനത്തെ ഗൃഹനാഥമാര്‍ക്ക് 2000 രൂപവീതം പ്രതിമാസം നല്‍കുന്ന സര്‍ക്കാര്‍ പദ്ധതിയാണ് ഗൃഹലക്ഷ്മി.
പദ്ധതിയിലുള്‍പ്പെടുത്തി ചാമുണ്ഡേശ്വരി ദേവിക്കും എല്ലാ മാസവും രണ്ടായിരം രൂപ അനുവദിക്കും. ഇക്കാര്യം ആവശ്യപ്പെട്ട് താന്‍ ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിന് കത്തെഴുതിയതായി നിയമസഭാംഗവും കോണ്‍ഗ്രസ് മീഡിയ സെല്‍ ഉപാധ്യക്ഷനുമായ ദിനേഷ് ഗൂളിഗൗഡ അറിയിച്ചിരുന്നു.
കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ കൂടിയായ ശിവകുമാര്‍ തന്‍റെ ആവശ്യം അംഗീകരിച്ചതായും പണം എല്ലാമാസവും ചാമുണ്ഡേശ്വരി ക്ഷേത്രത്തിന്‍റെ അക്കൗണ്ടില്‍ നിക്ഷേപിക്കണമെന്ന് വനിത ശിശുക്ഷേമമന്ത്രി ലക്ഷ്മി ഹെബ്ബാള്‍ക്കറിനോട് നിര്‍ദ്ദേശിച്ചിരുന്നതായും അദ്ദേഹം വ്യക്തമാക്കി.
ഓഗസ്റ്റ് മുപ്പതിനാണ് കര്‍ണാടക സര്‍ക്കാര്‍ ഗൃഹലക്ഷ്മി പദ്ധതിക്ക് തുടക്കമിട്ടത്. കൊട്ടാര നഗരമായ മൈസൂരുവിലെ ചാമുണ്ഡേശ്വരി ക്ഷേത്രത്തില്‍ 2000 രൂപ നിക്ഷേപിച്ച് കൊണ്ടായിരുന്നു പദ്ധതി ഉദ്ഘാടനം ചെയ്തത്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന സ്ത്രീകളെ ശാക്തീകരിക്കുക(Empowerment of Women) എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്.
ചാമുണ്ഡേശ്വരി ദേവിക്ക് ആദ്യ ഗഡു നല്‍കിക്കൊണ്ട് പദ്ധതിയുടെ വിജയത്തിനായി മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ശിവകുമാറും പ്രാര്‍ത്ഥന നടത്തുകയും ചെയ്തിരുന്നു. ഇതാണിപ്പോള്‍ ക്ഷേത്ര അക്കൗണ്ടിലേക്ക് എല്ലാമാസവും രണ്ടായിരം രൂപ അനുവദിക്കുന്ന തരത്തില്‍ ആക്കിയത്.
