കേന്ദ്ര ഓര്‍ഡിനന്‍സിനെതിരായ നീക്കം കടുപ്പിച്ച് കെജ്‌രിവാള്‍ ; രാഹുലിനേയും ഖാര്‍ഗെയേയും നേരിട്ടുകാണും
Published: May 26, 2023, 10:51 PM


കേന്ദ്ര ഓര്‍ഡിനന്‍സിനെതിരായ നീക്കം കടുപ്പിച്ച് കെജ്‌രിവാള്‍ ; രാഹുലിനേയും ഖാര്‍ഗെയേയും നേരിട്ടുകാണും
Published: May 26, 2023, 10:51 PM
ഉദ്യോഗസ്ഥരുടെ മേല്‍ ഡല്‍ഹി സര്‍ക്കാരിന് അധികാരം നല്‍കുന്ന സുപ്രീം കോടതി വിധി റദ്ദാക്കാനാണ് കേന്ദ്രം ഓര്‍ഡിനന്‍സിലൂടെ ശ്രമിക്കുന്നത്
ന്യൂഡല്‍ഹി : ഡല്‍ഹിയിലെ ഉദ്യോഗസ്ഥരുടെ നിയന്ത്രണാധികാരം സംസ്ഥാന സര്‍ക്കാരിനാണെന്ന സുപ്രീം കോടതി വിധിക്കെതിരായ കേന്ദ്ര ഓര്‍ഡിനന്‍സിനെതിരെ നീക്കം കടുപ്പിച്ച് ആംആദ്‌മി പാര്‍ട്ടി (എഎപി). വിഷയത്തില്‍, കോൺഗ്രസ് മുന്‍ അധ്യക്ഷൻ രാഹുൽ ഗാന്ധിയുടേയും പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടേയും പിന്തുണ വേണമെന്ന് അരവിന്ദ് കെജ്‌രിവാള്‍ അഭ്യര്‍ഥിച്ചു. ഇരുവരുമായും കൂടിക്കാഴ്‌ച നടത്താനാണ് എഎപി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ കെജ്‌രിവാളിന്‍റെ ലക്ഷ്യം.
രാജ്യത്തുടനീളമുള്ള രാഷ്‌ട്രീയ പാർട്ടികളുടെ പിന്തുണ തേടാനാണ് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ശ്രമം നടത്തുന്നത്. കേന്ദ്ര സർക്കാർ പാസാക്കിയ ജനാധിപത്യ - ഭരണഘടന വിരുദ്ധ ഓർഡിനൻസിനെതിരെ പാർലമെന്‍റില്‍ കോൺഗ്രസിന്‍റെ പിന്തുണ തേടാനും സര്‍ക്കാരിനെതിരായ ആക്രമണം ചർച്ച ചെയ്യാനുമാണ് ശ്രമമെന്ന് കെജ്‌രിവാള്‍ പറഞ്ഞു. കോൺഗ്രസ് അധ്യക്ഷന്‍ ഖാർഗെജിയേയും രാഹുൽ ഗാന്ധിയേയും നേരിട്ടുകണ്ട് സംസാരിക്കാന്‍ ഇന്ന് രാവിലെ വിളിച്ച് സമയം തേടിയിട്ടുണ്ട്. - കെജ്‌രിവാൾ ട്വിറ്ററിൽ കുറിച്ചു.
വിശദീകരണവുമായി വേണുഗോപാല്‍, പിന്നാലെ വിവാദം : ഡല്‍ഹി സര്‍ക്കാരിനെതിരായി കേന്ദ്രം കൊണ്ടുവന്ന ഓർഡിനൻസിനെ കോൺഗ്രസ് എതിർക്കുമെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു. എന്നാൽ, ഇക്കാര്യത്തിൽ തങ്ങൾ ഇതുവരെ നിലപാട് സ്വീകരിച്ചിട്ടില്ലെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി. എഐസിസി സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറി കെസി വേണുഗോപാലാണ് ഈ വാർത്ത നിഷേധിച്ചുകൊണ്ട് രംഗത്തെത്തിയത്. എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാലിന്‍റെ ഈ പ്രതികരണം വിവാദമായിരുന്നു.
കോണ്‍ഗ്രസ് നിലപാട് ബിജെപിയെ സഹായിക്കുന്നതാണെന്ന തരത്തിലാണ് വിമര്‍ശനം ഉയര്‍ന്നത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ നിയമനത്തിൽ ഡൽഹി ഗവണ്‍മെന്‍റിനാണ് അധികാരമെന്നതാണ് സുപ്രീം കോടതി വിധി. ഇതിനെ അട്ടിമറിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ നീക്കം. ഓര്‍ഡിനന്‍സിനെതിരായ നീക്കം ശക്തിപ്പെടുത്താന്‍ സമാന ചിന്താഗതിയുള്ള പാര്‍ട്ടികളുമായി കൂടിയാലോചനകള്‍ നടത്താണ് എഎപിയുടെ സജീവ ഇടപെടല്‍. ഇതിനായി കെജ്‌രിവാൾ വിവിധ പാര്‍ട്ടികളുടെ പിന്തുണയാണ് തേടിയത്. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ, ശിവസേന അധ്യക്ഷൻ ഉദ്ധവ് താക്കറെ, എൻസിപി അധ്യക്ഷൻ ശരദ് പവാർ എന്നിവരുമായി ഈ വിഷയങ്ങളിൽ കൂടിക്കാഴ്‌ച നടത്തിയിരുന്നു.
സുപ്രീം കോടതിയെ സമീപിക്കുമെന്ന് കെജ്‌രിവാള്‍ : ഡല്‍ഹി ഉദ്യോഗസ്ഥരുടെ മേലുള്ള നിയന്ത്രണം വീണ്ടെടുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സിനെതിരെ എഎപി നേതാവും മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാള്‍ രംഗത്ത്. ഈ ബിൽ രാജ്യസഭയിൽ പാസാക്കുന്നില്ലെന്ന് ഉറപ്പാക്കാൻ എല്ലാ രാഷ്ട്രീയ പാർട്ടികളോടും അദ്ദേഹം ആവശ്യപ്പെട്ടു. മെയ് 20നാണ് കെജ്‌രിവാള്‍ രംഗത്തെത്തിയത്. ഇത് വെറുപ്പുളവാക്കുന്ന തമാശയാണെന്നും ഡൽഹി മുഖ്യമന്ത്രി രാജ്യതലസ്ഥാനത്ത് നടന്ന വാർത്താസമ്മേളനത്തിൽ മാധ്യമങ്ങളോട് വ്യക്തമാക്കി.
READ MORE | ഡല്‍ഹി അധികാര തര്‍ക്കം: കേന്ദ്രത്തിന്‍റെ ഓര്‍ഡിനന്‍സ് സുപ്രീം കോടതി വിധിയെ അപമാനിക്കുന്നതെന്ന് കെജ്‌രിവാള്‍
സുപ്രീം കോടതി പുറപ്പെടുവിച്ച വിധിവന്ന് ഒരാഴ്‌ചയ്ക്കകമാണ് കേന്ദ്രം റദ്ദാക്കിയത്. സുപ്രീം കോടതിയെ കേന്ദ്രം പരസ്യമായി വെല്ലുവിളിക്കുകയാണ് ചെയ്യുന്നത്. ഇത് പരമോന്നത കോടതിയുടെ മഹത്വത്തെ അപമാനിക്കുന്നതിന് തുല്യമാണ്. ഈ ഓർഡിനൻസ് കൊണ്ടുവന്ന കേന്ദ്രത്തിന്‍റെ നീക്കം കൃത്യമായി ആസൂത്രണം ചെയ്‌തുള്ളതാണെന്നും കെജ്‌രിവാള്‍ ആരോപിച്ചു.
