ജുഡീഷ്യറിക്ക് മുകളില്‍ ഇടിച്ചിറങ്ങുന്ന ബുൾഡോസർ രാഷ്ട്രീയം, ആരാണ് ജനങ്ങൾക്ക് സംരക്ഷണം നല്‍കുക..

author img

By

Published : Jun 16, 2022, 8:41 PM IST

bulldozer politics

അനധികൃത കെട്ടിടങ്ങൾ ഒഴിപ്പിക്കുമ്പോൾ മുൻകൂർ നോട്ടീസ് നൽകണമെന്നും പ്രതികൾക്ക് അവരുടെ വാദം ഹാജരാക്കാൻ സമയം നൽകണമെന്നും മധ്യപ്രദേശ് ഹൈക്കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. 'Audi Alteram Partem' എന്ന നിയമ പദം അർഥമാക്കുന്നത് എന്തെന്നാല്‍ എതിർഭാഗം കൂടി കേൾക്കാൻ തയ്യാറാകണം എന്നാണ്. ജുഡീഷ്യറിയെ മറികടന്ന് ഭരണകൂടം നിയമത്തെ കൈകാര്യം ചെയ്താൽ, അത് അരാജകത്വത്തിൽ അവസാനിക്കും. BJP governments Bulldozer demolishing drive

ഹൈദരാബാദ്: ഭരണഘടനയ്ക്കും നിയമത്തിനും അനുസൃതമായി എല്ലാ ജനങ്ങളെയും ഭയമോ പ്രീതിയോ സ്നേഹമോ വിരോധമോ കൂടാതെ സേവിക്കുമെന്നാണ് നമ്മുടെ ജനപ്രതിനിധികൾ അധികാരമേറ്റെടുക്കുമ്പോൾ സത്യപ്രതിജ്ഞ ചെയ്യുന്നത്. എന്നാല്‍ നിലവില്‍ നമ്മുടെ രാജ്യത്തെ ചില കാഴ്‌ചകൾ രാഷ്ട്രീയ നേതാക്കൻമാർ ജനപ്രതിനിധികളാകുമ്പോൾ ചെയ്ത പ്രതിജ്ഞ വെറുംവാക്കായിരുന്നുവെന്ന് തോന്നിപ്പോകും. ഭിന്നിപ്പിച്ച് ഭരിക്കുക എന്ന ബ്രിട്ടീഷ് രീതിയും അതിനൊപ്പം അവരെ എതിർക്കുന്നവർക്ക് മേല്‍ ബുൾഡോസറുകൾ ഉപയോഗിക്കുക തുടങ്ങിയ കാര്യങ്ങളിലേക്ക് നമ്മുടെ രാജ്യത്തെ മാറ്റിയെടുത്തിരിക്കുന്നു.
ബി.ജെ.പി ഭരിക്കുന്ന ചില സംസ്ഥാനങ്ങൾ എതിർ പക്ഷത്തുള്ള രാഷ്ട്രീയ പ്രവർത്തകരെയും നേതാക്കൻമാരെയും ഒരു ‘പാഠം പഠിപ്പിക്കുക’ എന്ന ലക്ഷ്യത്തോടെ 'പൊളിച്ചുനീക്കല്‍ (ബുൾഡോസർ)' പ്രവർത്തനങ്ങൾ അഴിച്ചുവിട്ടിട്ടുണ്ട്. മുൻ അലഹബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഗോവിന്ദ് മാത്തൂർ ചൂണ്ടിക്കാണിച്ചതുപോലെ, വളരെ അന്യായമായ ഈ പൊളിച്ചുമാറ്റലുകൾ ന്യൂനപക്ഷങ്ങൾക്കിടയിൽ ഭയം ജനിപ്പിക്കാനാണ്.

യുപിയിൽ പ്രയാഗ്‌രാജിനെ നടുക്കിയ അക്രമത്തിലെ മുഖ്യപ്രതി മുഹമ്മദ് ജാവേദിന്‍റെ വീട് ബുൾഡോസർ ഉപയോഗിച്ച് തകർത്തു. ഭരണകൂടം നിയമത്തിന് മേല്‍ അധികാരം സ്ഥാപിക്കുകയാണ് ഇവിടെ ചെയ്യുന്നത്. വീട് നിയമവിരുദ്ധമായി നിർമ്മിച്ചതാണെന്നും മുൻകൂർ അറിയിപ്പ് നൽകിയ നടപടിക്രമങ്ങൾ പൊളിക്കുന്നതിൽ പാലിച്ചിട്ടുണ്ടെന്നും ബിജെപി ഭരിക്കുന്ന തദ്ദേശ സ്ഥാപനം അവകാശപ്പെടുന്നു.

യഥാർത്ഥത്തിൽ ജാവേദിന്‍റെ ഭാര്യയുടെ പേരിലാണ് പൊളിച്ച വീട്. വീട്ടുനികുതിയും വെള്ളക്കരവും അവർ അടച്ചിരുന്നു. എന്നാല്‍ വീട് പൊളിക്കുക എന്ന ഉദ്ദേശത്തോടെയാണ് മുൻകൂട്ടി നിശ്ചയിച്ച നോട്ടീസുകൾ സൃഷ്ടിച്ചതെന്ന വസ്‌തുതയും പുറത്തുവന്നിട്ടുണ്ട്. യുപിയിലെ സഹരൺപൂരിലും കാൺപൂരിലും ഇത് തന്നെയാണ് ബിജെപി ഭരണകൂടങ്ങൾ ചെയ്‌തത്.

അനധികൃത കെട്ടിടങ്ങൾ ഒഴിപ്പിക്കുമ്പോൾ മുൻകൂർ നോട്ടീസ് നൽകണമെന്നും പ്രതികൾക്ക് അവരുടെ വാദം ഹാജരാക്കാൻ സമയം നൽകണമെന്നും മധ്യപ്രദേശ് ഹൈക്കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. 'Audi Alteram Partem' എന്ന നിയമ പദം അർഥമാക്കുന്നത് എന്തെന്നാല്‍ എതിർഭാഗം കൂടി കേൾക്കാൻ തയ്യാറാകണം എന്നാണ്. ജുഡീഷ്യറിയെ മറികടന്ന് ഭരണകൂടം നിയമത്തെ കൈകാര്യം ചെയ്താൽ, അത് അരാജകത്വത്തിൽ അവസാനിക്കും.

സുപ്രീം കോടതിയിലെയും ഹൈക്കോടതികളിലെയും മുൻ ജഡ്ജിമാരുൾപ്പെടെ 12 പ്രമുഖ നിയമജ്ഞർ ഈ വിഷയത്തില്‍ ഗൗരവമായ ആശങ്ക പ്രകടിപ്പിച്ച്, ബുൾഡോസർ നടപടികൾ ഭരണഘടന നല്‍കുന്ന അവകാശങ്ങൾക്ക് എതിരാണെന്ന് പറഞ്ഞുകൊണ്ട് സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് കത്തെഴുതി. ബുൾഡോസർ നടപടികൾ അവസാനിപ്പിക്കാൻ സുപ്രീംകോടതിയുടെ ഇടപെടൽ അവർ ആവശ്യപ്പെട്ടു. ഭരണകൂടം സ്‌പോൺസർ ചെയ്‌ത അക്രമങ്ങളില്‍ ജുഡീഷ്യറി മാത്രമാണ് ജനങ്ങളുടെ ഏക സംരക്ഷണ കവചം.

അടുത്തിടെ ഖാർഗോണിലെ വർഗീയ കലാപത്തോട് പ്രതികരിക്കവെ, കല്ലെറിയാൻ ഉപയോഗിക്കുന്ന വീടുകൾ തകർന്നു തരിപ്പണമാക്കുമെന്ന് മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിഷാർ മുന്നറിയിപ്പ് നൽകിയിരുന്നു. അക്രമം നടക്കുമ്പോൾ അതിന് ഉത്തരവാദികളായവരെ കണ്ടെത്തണം. അവരുടെ കുറ്റം കോടതികളിൽ തെളിയിക്കപ്പെടുകയും ശിക്ഷിക്കപ്പെടുകയും വേണം. പകരം പല്ലിന് പല്ല്, കണ്ണിന് കണ്ണ് എന്ന നയം രാഷ്ട്രീയ നേതാക്കൻമാരും ജനപ്രതിനിധികളും സ്വീകരിക്കരുത്.

ഗുജറാത്ത് ഡെപ്യൂട്ടി സ്പീക്കർ ജെതാഭായ് അഹിറിനെതിരെ റിസർവ് ഫോറസ്റ്റിൽ കെട്ടിടം പണിയുന്നു എന്നാരോപിച്ച് ഫയൽ ചെയ്ത കേസ് വായിക്കേണ്ടതാണ്. കോടതി ഇയാൾക്ക് നോട്ടീസ് അയച്ചു. ഇത്തരത്തിൽ സ്വാധീനമുള്ള നിരവധി വ്യക്തികൾ കയ്യേറ്റ ആരോപണം നേരിടുന്നു. ഇത്തരം നിയമ ലംഘകർക്കെതിരെ നടപടിയൊന്നും എടുത്തിട്ടില്ലെങ്കിലും പ്രതിഷേധ സ്വരങ്ങൾ കെടുത്താൻ സർക്കാർ ബുൾഡോസറുകൾ വിന്യസിക്കും.

യുപി, മധ്യപ്രദേശ്, ഡൽഹി, ഗുജറാത്ത്, ഉത്തരാഖണ്ഡ്, അസം എന്നിവിടങ്ങളിൽ ബുൾഡോസറുകൾ ജനങ്ങളുടെ മേല്‍ അതിവേഗത്തിൽ ഓടുന്നു. കർണാടകയിൽ നിന്നുള്ള നേതാക്കളും ‘യുപി മോഡൽ’ പിന്തുടരാൻ താൽപ്പര്യപ്പെടുന്നു. മധ്യപ്രദേശിലെ ഉജ്ജയിനിൽ ബുൾഡോസർ ഓടുമ്പോൾ, മുൻ സുപ്രീം കോടതി ജഡ്ജി ദീപക് ഗുപ്ത, "രാഷ്ട്രീയക്കാരും പൊലീസും ഇതുപോലെ നിയമം കൈയിലെടുത്താൽ സാധാരണക്കാരൻ എവിടെ പോകും?" എന്നാണ് ചോദിച്ചത്. എല്ലാവരുടെയും മനസ്സിൽ ഒരേ ചോദ്യം തന്നെ. ഇതിന് ഉത്തരം പറയേണ്ടത് ബിജെപി കേന്ദ്ര നേതൃത്വമാണ്.

(ഈനാടു ദിനപത്രത്തിന്‍റെ മുഖപ്രസംഗം)

(An Eenadu Editorial)

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.