അസം മേഘാലയ അതിര്‍ത്തിയിലെ വെടിവെപ്പില്‍ വനം ഉദ്യോഗസ്ഥനടക്കം ആറ് പേര്‍ കൊല്ലപ്പെട്ടു

author img

By

Published : Nov 22, 2022, 9:43 PM IST

timber smuggling assam meghalaya border  Assam Meghalaya border firing  അസം മേഘാലയ അതിര്‍ത്തിയിലെ വെടിവെപ്പില്‍  മേഘാലയിലെ ഏഴ് ജില്ലകളില്‍  അസം മേഘാലയ അതിര്‍ത്തിയില്‍  disputed border of Assam Meghalaya  dispute between Assam Meghalaya  അസം മേഘാലയ തര്‍ക്കം  അസം മേഘാലയ അതിര്‍ത്തി സംഘര്‍ഷം

സംഭവത്തെ തുടര്‍ന്ന് മേഘാലയയിലെ ഏഴ് ജില്ലകളില്‍ മൊബൈല്‍ ഇന്‍റര്‍നെറ്റ് സേവനം നിര്‍ത്തിവച്ചു. അനധികൃതമായി മുറിച്ച മരങ്ങള്‍ കടത്തികൊണ്ടുപോകുകയായിരുന്ന ട്രക്ക് തടഞ്ഞതാണ് സംഘര്‍ഷത്തിന് കാരണമായത്

ഗുവാഹത്തി (അസം): തര്‍ക്കം നിലനില്‍ക്കുന്ന അസം മേഘാലയ അതിര്‍ത്തിയില്‍ ഉണ്ടായ വെടിവെപ്പില്‍ ഒരു വനം വകുപ്പ് ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ ആറ് പേര്‍ കൊല്ലപ്പെട്ടു. അനധികൃതമായി മുറിക്കപ്പെട്ട മരങ്ങള്‍ കടത്തപ്പെട്ട വാഹനം അസമിന്‍റെ വനം ഉദ്യോഗസ്ഥര്‍ തടഞ്ഞതാണ് സംഘര്‍ഷത്തിന് കാരണം. പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായേയും അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മയേയും ടാഗ്‌ ചെയ്‌തുകൊണ്ടുള്ള ട്വീറ്റില്‍ മേഘാലയ മുഖ്യമന്ത്രി കോണ്‍റാഡ് സാങ്‌മ ആരോപിക്കുന്നത് അസം പൊലീസും വനം ഉദ്യോഗസ്ഥരും മേഘാലയയില്‍ പ്രവേശിച്ച് പ്രകോപനമില്ലാതെ വെടിവെച്ചു എന്നാണ്.

എന്നാല്‍ അസമിലെ വെസ്‌റ്റ് കര്‍ബി ആങ്‌ലോങ് ജില്ലയില്‍ വച്ചാണ് അനധികൃതമായി മുറിച്ച മരങ്ങള്‍ കടത്തികൊണ്ടുപോകുകയായിരുന്ന ട്രക്ക് തങ്ങളുടെ ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ തടഞ്ഞതെന്ന് അസം അധികൃതര്‍ വ്യക്തമാക്കി. ട്രക്ക് തടഞ്ഞതിനെ തുടര്‍ന്ന് മേഘാലയ ഭാഗത്ത് നിന്ന് വന്ന ജനക്കൂട്ടം തങ്ങളുടെ വനം ഉദ്യോഗസ്ഥരെയും പൊലീസിനെയും ആക്രമിച്ചെന്നും ഇതേതുടര്‍ന്നാണ് സ്ഥിതി നിയന്ത്രണത്തില്‍ കൊണ്ടുവരാനായി വെടിവെക്കേണ്ട സാഹചര്യം ഉണ്ടായതെന്നും അസം അധികൃതര്‍ വ്യക്തമാക്കി.

മരണപ്പെട്ട അഞ്ച് പേര്‍ മേഘാലയയിലെ വെസ്‌റ്റ് ജയ്‌തിയ ഹില്‍സ്‌ ജില്ലയിലെ മുക്രോ ഗ്രാമത്തില്‍ നിന്നുള്ളവരാണ്. കൊല്ലപ്പെട്ട ഒരാള്‍ അസം ഫോറസ്‌റ്റ് ഉദ്യോഗസ്ഥനുമാണെന്ന് മേഘാലയ മുഖ്യമന്ത്രി പറഞ്ഞു. സംഭവത്തില്‍ നീതി ഉറപ്പാക്കാനായി മേഘാലയ സര്‍ക്കാറിന്‍റെ ഭാഗത്ത് നിന്ന് നടപടികള്‍ ഉണ്ടാകുമെന്നും കോണ്‍റാഡ് സാങ്‌മ പറഞ്ഞു. അതേസമയം മേഘാലയയിലെ ഏഴ് ജില്ലകളില്‍ അടുത്ത 48 മണിക്കൂര്‍ നേരത്തേക്ക് മൊബൈല്‍, ഇന്‍റര്‍നെറ്റ് സേവനം അധികൃതര്‍ നിര്‍ത്തിവച്ചു.

അസമും മേഘാലയയും തമ്മില്‍ ദീര്‍ഘനാളത്തെ അതിര്‍ത്തി തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. ചര്‍ച്ചയിലൂടെ ചില ഭാഗങ്ങളിലെ തര്‍ക്കം പരിഹരിച്ചെങ്കിലും അതിര്‍ത്തിയിലെ പല ഭാഗങ്ങളും ശരിയായി അടയാളപ്പെടുത്തിയിട്ടില്ല.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.