സെക്കന്ദരാബാദ് സംഘർഷം: അക്രമം സ്വകാര്യ ഡിഫൻസ് അക്കാദമികള്‍ വഴിയെന്ന് റിമാൻഡ് റിപ്പോര്‍ട്ട്

author img

By

Published : Jun 23, 2022, 11:54 AM IST

AGE RESTRICTION A KEY FACTOR IN AGNIPATH PROTESTS  AGNIPATH PROTEST IN SECUNDERABAD POLICE SUBMIT THE REMAND REPORT  SECUNDERABAD POLICE SUBMIT THE REMAND REPORT  AGNIPATH PROTEST IN SECUNDERABAD  havoc in the Secunderabad railway station  അഗ്നിപഥ് പദ്ധതി  അഗ്നിപഥ് പദ്ധതി പ്രതിഷേധം  സെക്കന്തരാബാദ് റെയിൽവേ സ്റ്റേഷനിൽ സംഘർഷം  അഗ്നിപഥ് സെക്കന്തരാബാദ് റെയിൽവേ സ്റ്റേഷനിലെ സംഘർഷത്തിൽ റിമാൻഡ് റിപ്പോർട്ട് സമർപ്പിച്ച് പൊലീസ്  തെലങ്കാനയിലെ സെക്കന്തരാബാദ് റെയിൽവേ സ്റ്റേഷനിലുണ്ടായ പ്രതിഷേധം  അഗ്നിപഥ് പദ്ധതിക്കെതിരെ പ്രതിഷേധം സ്വകാര്യ ഡിഫൻസ് അക്കാദമികൾക്കെതിരെ അന്വേഷണം

ബിഹാര്‍ കലാപത്തിന്‍റെ ക്ലിപ്പുകൾ വാട്സ് ആപ്പില്‍ പ്രചരിപ്പിച്ച് യുവാക്കളെ അക്രമത്തിലേക്ക് പ്രേരിപ്പിക്കുകയായിരുന്നുവെന്ന് റിമാൻഡ് റിപ്പോര്‍ട്ട്

ഹൈദരാബാദ്: തെലങ്കാനയിലെ സെക്കന്ദരാബാദ് റെയിൽവേ സ്റ്റേഷനിലുണ്ടായ പ്രതിഷേധത്തിൽ റിമാൻഡ് റിപ്പോർട്ട് സമർപ്പിച്ച് പൊലീസ്. ബിഹാറിൽ ചെയ്‌തത് പോലെ ബോഗികൾ കത്തിക്കാൻ സമരക്കാരെ പ്രേരിപ്പിച്ചത് സ്വകാര്യ ഡിഫൻസ് അക്കാദമികൾ ആണെന്ന് കോടതിയിൽ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. ഡിഫൻസ് അക്കാദമികൾ റെയിൽവേ സ്റ്റേഷൻ ആക്രമിക്കാൻ സൈനിക മോഹികളെ പ്രകോപിപ്പിക്കുകയും ഗൂഢാലോചന നടത്തിയെന്നുമാണ് റിപ്പോർട്ട്.

ചില അക്കാദമികൾ അഗ്നിപഥ് പദ്ധതിക്കെതിരെ ബിഹാര്‍ കലാപത്തിന്‍റെ ക്ലിപ്പുകൾ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ പോസ്റ്റ് ചെയ്‌തിട്ടുണ്ടെന്നും ഇതിൽ ആകൃഷ്ടരായ യുവാക്കളാണ് ജൂൺ 17ന് റെയിൽവേ സ്റ്റേഷനിൽ നാശം വിതച്ചെന്നും അവർ കൂട്ടിച്ചേർത്തു. റെയിൽവേ സ്റ്റേഷൻ ബ്ലോക്ക്, ഇന്ത്യൻ ആർമി ഗ്രൂപ്പ്, ഹക്കിംപേട്ട് ആർമി സോൾജിയേഴ്‌സ് ഗ്രൂപ്പ്, ചലോ സെക്കന്ദരാബാദ് എആർഒ 3 ഗ്രൂപ്പ്, ആർമി ജിപി 2021 മാർച്ച് റാലി ഗ്രൂപ്പ്, സിഇഇ സോൾജിയേഴ്‌സ് ഗ്രൂപ്പ് തുടങ്ങി നിരവധി വാട്സ്ആപ്പ് ഗ്രൂപ്പുകൾ രൂപീകരിച്ചിട്ടുണ്ട്. അഗ്നിപഥ് വഴി അഗ്നിവീരന്മാരെ റിക്രൂട്ട് ചെയ്യുന്നതിനെ എതിർക്കുന്ന സന്ദേശങ്ങൾ ഈ ഗ്രൂപ്പുകളിൽ പോസ്റ്റ് ചെയ്‌തതായി റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.

കാമറെഡ്ഡി ജില്ലയിലെ എല്ലറെഡ്ഡി സ്വദേശിയായ മധുസൂദനനാണ് പ്രതിഷേധത്തിന് പിന്നിൽ എന്ന് റെയിൽവേ പൊലീസ് പറഞ്ഞു. സായി ഡിഫൻസ് അക്കാദമി ഉടമ അവുലു സുബ്ബറാവുവിന്‍റെ പങ്കിനെക്കുറിച്ചും ഉദ്യോഗസ്ഥർ അന്വേഷിക്കുന്നുണ്ട്. ജൂൺ 16ന് പ്രതിഷേധത്തിനായി സെക്കന്ദരാബാദ് റെയിൽവേ സ്റ്റേഷനിൽ നിന്ന് 10 കിലോമീറ്റർ അകലെ വിവിധ ജില്ലകളിലെ 1500ഓളം യുവാക്കളെ താമസിപ്പിക്കുകയും, അവർക്ക് വേണ്ട സൗകര്യങ്ങൾ ചെയ്‌ത് കൊടുക്കുകയും ചെയ്‌തത് അവുലു സുബ്ബറാവു ആണെന്നാണ് പൊലീസിന്‍റെ സംശയം.

സംഭവത്തിൽ 45 പേരെ ഇതിനകം പൊലീസ് അറസ്റ്റ് ചെയ്‌തു. മറ്റ് 11 പേർ ഒളിവിലാണ്. പ്രതിഷേധക്കാരുടെ കൈവശമുണ്ടായിരുന്ന 43 മൊബൈൽ ഫോണുകൾ പൊലീസ് പിടിച്ചെടുത്തു. രംഗറെഡ്ഡി, കരിംനഗർ, ഖമ്മം, വാറങ്കൽ ജില്ലകളിലെ ഡിഫൻസ് അക്കാദമികളുടെ പ്രതിനിധികൾ കേസിൽ ഉൾപ്പെട്ടതായി കണ്ടെത്തിയിട്ടുണ്ട്. പ്രതികളിൽ ഭൂരിഭാഗവും 20 വയസിനു മുകളിലുള്ളവരാണ്.

റിക്രൂട്ട്മെന്‍റിന്‍റെ പ്രായപരിധി 23 ആക്കിയതിന് പിന്നാലെയായിരുന്നു പ്രക്ഷോഭകർ റെയിൽവേ സ്റ്റേഷനിൽ നാശം വിതച്ചതെന്നും പ്രതിഷേധക്കാർ ലോക്കോമോട്ടീവ് എഞ്ചിനുകൾ കത്തിക്കാൻ ശ്രമിച്ചതാണ് പൊലീസിനെ വെടിവയ്ക്കാൻ പ്രേരിപ്പിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു. സെക്കന്ദരാബാദ് റെയിൽവേ സ്റ്റേഷനിൽ പ്രതിഷേധക്കാര്‍ക്ക് നേരെയുണ്ടായ വെടിവയ്‌പ്പില്‍ ദാമോദർ രാകേഷ് എന്ന യുവാവ് കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു. പരിക്കേറ്റവരെ ഗാന്ധി ആശുപത്രിയിൽ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചിരുന്നു. പരിക്കേറ്റ 13 പേരിൽ 9 പേരെ ഡിസ്‌ചാർജ് ചെയ്‌തു. ഡിസ്‌ചാർജ് ആയവരെ റെയിൽവേ പൊലീസ് കസ്റ്റഡിയിൽ വാങ്ങുമെന്നാണ് വിവരം.

20 കോടി രൂപയുടെ നാശനഷ്‌ടം ഉണ്ടായതായി പൊലീസ് റിപ്പോർട്ടിൽ പറയുന്നു. പൊലീസിന്‍റെ അവകാശവാദങ്ങളെ പിന്തുണയ്ക്കുന്നതിന് മതിയായ തെളിവുകൾ ശേഖരിക്കാൻ കോടതി ഉത്തരവിട്ടു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.