ആയുഷിയുടേത് ദുരഭിമാനക്കൊലയെന്ന് യുപി പൊലീസ്; കൊലപ്പെടുത്തിയത് പിതാവ്

author img

By

Published : Nov 21, 2022, 8:19 PM IST

Aayushi murder  honour killing  ആയുഷിയുടെ കൊലപാതകം  ആയുഷിയുടെ മൃതദേഹം  ആയുഷി കൊലപാതകം അന്വേഷണം  investigation into Aayushi murder case  crime news  ക്രൈം വാര്‍ത്തകള്‍

ആയുഷിയുടെ മൃതദേഹം ഒരു ട്രോളിബാഗില്‍ യുപിയിലെ മധുരയ്‌ക്ക് സമീപം യമുന എക്‌പ്രസ്‌വേ റോഡരികില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിരുന്നു

മഥുര (ഉത്തര്‍പ്രദേശ്): 21 വയസുള്ള ആയുഷി യാദവിന്‍റെ കൊലപാതകം ദുരഭിമാന കൊലയെന്ന് യുപി പൊലീസ്. ആയുഷിയെ കൊലപ്പെടുത്തിയത് സ്വന്തം അച്‌ഛന്‍ നിദേഷ് യാദവാണെന്നും ഇയാളെ കസ്‌റ്റഡിയില്‍ എടുത്തിരിക്കുകയാണെന്നും പൊലീസ് അറിയിച്ചു. ആയുഷിയുടെ മൃതദേഹം ഉത്തര്‍പ്രദേശിലെ മധുരയില്‍ യമുന എക്‌സ്പ്രസ്‌വെ റോഡരികില്‍ ഒരു ട്രോളി ബാഗില്‍ നവംബര്‍ 18ന് കണ്ടെത്തിയിരുന്നു.

ആയുഷിയെ കൊലപ്പെടുത്താനായി ഉപയോഗിച്ച തോക്ക് കണ്ടെത്തിയെന്ന് പൊലീസ് പറഞ്ഞു. വീട്ടുകാരെ അറിയിക്കാതെ ആയുഷി കുറച്ച് ദിവസം വീട് വിട്ടുപോയെന്നും ഇതാണ് ആയുഷിയുടെ പിതാവിനെ ക്ഷുഭിതനാക്കിയതെന്നും ചോദ്യം ചെയ്യലില്‍ വീട്ടുകാര്‍ സമ്മതിച്ചതായി പൊലീസ് പറഞ്ഞു. നവംബര്‍ 17ന് ആയുഷി ഡല്‍ഹിയിലെ ബദര്‍പൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മൊഡ്ബാന്‍ഡ് ഗ്രാമത്തിലെ വസതിയില്‍ തിരിച്ചെത്തിയപ്പോള്‍ പിതാവ് വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു.

എവിടെയാണ് ആയുഷി പോയതെന്നതിനെപ്പറ്റിയുള്ള വിശദാംശങ്ങള്‍ പൊലീസ് നല്‍കിയിട്ടില്ല. കൊലപ്പെടുത്തിയ അന്ന് തന്നെ നിദേഷ്‌ യാദവ് യമുനാ എക്‌സ്‌പ്രസ്‌വേയില്‍ ആയുഷിയുടെ മൃതദേഹം ട്രോളി ബാഗിലാക്കി ഉപേക്ഷിക്കുകയായിരുന്നു. തന്‍റെ കുടുംബത്തിന്‍റെ 'അഭിമാനം' സംരക്ഷിക്കാന്‍ തനിക്ക് തന്‍റെ മകളെ കൊലപ്പെടുത്തേണ്ടി വന്നു എന്ന് വികാരാധീനനായി നിദേഷ് യാദവ് ചോദ്യം ചെയ്യലില്‍ സമ്മതിച്ചതായി പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.

ആയുഷിയുടെ കൊലപാതകത്തെകുറിച്ച് അമ്മയ്‌ക്കും സഹോദരനും അറിയാമായിരുന്നു എന്നും പൊലീസ് പറഞ്ഞു. ഫോണുകള്‍ പിന്തുടര്‍ന്നും, സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചുമാണ് പ്രതിയിലേക്ക് എത്തിച്ചേരാന്‍ കഴിഞ്ഞത്. ആയുഷിയെ തിരിച്ചറിയുന്നതിനായി ഡല്‍ഹിയിലെ വിവിധ ഭാഗങ്ങളില്‍ പൊലീസ് പോസ്‌റ്ററുകള്‍ പതിച്ചിരുന്നു.

പേര് വെളിപ്പെടുത്താത്ത ഒരു വ്യക്തിയാണ് ഫോട്ടോ ആയുഷിയുടെതാണെന്ന് പൊലീസിനോട് ഫോണിലൂടെ വ്യക്തമാക്കിയത്. അമ്മയും സഹോദരനും ആയുഷിയുടെ മൃതദേഹം മോര്‍ച്ചറിയില്‍ എത്തി തിരിച്ചറിഞ്ഞു. ഉത്തര്‍പ്രദേശിലെ ഖൊരഖ്‌പൂരില്‍ നിന്നുള്ള കുടുംബം നിദേഷ്‌ യാദവിന് ജോലി ലഭിച്ചതിനെ തുടര്‍ന്നാണ് ഡല്‍ഹിയിലേക്ക് കുടിയേറിയത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.