'ഐപിഎല്ലിലും രഞ്ജി ട്രോഫിയിലും എന്താണോ കണ്ടത്, അത് തന്നെ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലും ആവര്‍ത്തിക്കും': അജിങ്ക്യ രഹാനെ
Published: Jun 4, 2023, 10:29 AM

18 മാസത്തോളം നീണ്ട ഇടവേളയ്‌ക്ക് ശേഷമാണ് ഇന്ത്യയുടെ മുന്‍ ഉപനായകന്‍ കൂടിയായ അജിങ്ക്യ രഹാനെ ഇന്ത്യന്‍ ജഴ്‌സിയില്‍ കളിക്കാനൊരുങ്ങുന്നത്. ആഭ്യന്തര ക്രിക്കറ്റിലെയും ഐപിഎല്ലിലെയും മികച്ച പ്രകടനമാണ് താരത്തെ വീണ്ടും ടീമിലേക്കെത്തിച്ചത്.
ലണ്ടന്‍:ലോക ടെസറ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലൂടെ ഇന്ത്യന്‍ ടീമില്‍ ഒരിടയ്‌ക്ക് നഷ്‌ടപ്പെട്ടുപോയ സ്ഥാനം തിരിച്ചുപിടിക്കാനുള്ള ഒരുക്കത്തിലാണ് വെറ്ററന്‍ ബാറ്റര്‍ അജിങ്ക്യ രഹാനെ. ആഭ്യന്തര ക്രിക്കറ്റിലെയും ഐപിഎല്ലിലെയും തകര്‍പ്പന്‍ പ്രകടനമാണ് നീണ്ട 18 മാസത്തിന് ശേഷം രഹാനെയ്‌ക്ക് മുന്നില്‍ വീണ്ടും ഇന്ത്യന്‍ ടീമിലേക്കുള്ള വാതില്‍ തുറക്കാന്‍ കാരണമായത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ 2022 ജനുവരിയില്‍ ആയിരുന്നു രഹാനെ അവസാനമായി ഇന്ത്യന്‍ ജഴ്‌സിയണിഞ്ഞ് കളത്തിലിറങ്ങിയത്.
ഒരു മത്സരം കളിച്ച് വിരാട് കോലി മടങ്ങിയ സാഹചര്യത്തില്‍ 2020-21ലെ ഓസ്‌ട്രേലിയന്‍ പരമ്പരയില്‍ അജിങ്ക്യ രഹാനെയ്‌ക്ക് കീഴിലായിരുന്നു ഇന്ത്യന്‍ ടീം ശേഷിക്കുന്ന മത്സരങ്ങള്‍ കളിച്ചത്. തുടര്‍ന്നുള്ള മത്സരങ്ങളില്‍ വമ്പന്‍ തിരിച്ചുവരവ് നടത്തിയ ഇന്ത്യ രഹാനെയ്‌ക്ക് കീഴില്‍ ഓസ്‌ട്രേലിയയില്‍ ഐതിഹാസിക ടെസ്റ്റ് പരമ്പര ജയം നേടുകയും ചെയ്‌തിരുന്നു. ഇതിന് പിന്നാലെ ബാറ്റിങ്ങില്‍ താളം കണ്ടെത്താനാകാതെ പോയതോടെയാണ് താരത്തിന് ടീമിലെ സ്ഥാനം നഷ്‌ടപ്പെട്ടത്.
നിലവില്‍ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഓസ്‌ട്രേലിയയെ നേരിടാനായി ഇംഗ്ലണ്ടിലെത്തിയ ഇന്ത്യന്‍ ടീമിനൊപ്പമാണ് രഹാനെ ഉള്ളത്. ഐപിഎല്‍ ഫൈനലിന് ശേഷമായിരുന്നു രഹാനെ ഇന്ത്യന്‍ ക്യാമ്പില്‍ ചേര്‍ന്ന് പരിശീലനം ആരംഭിച്ചത്. ഇതിനിടെ ബിസിസിഐ ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ ടീമിലേക്കുള്ള തന്‍റെ തിരിച്ചുവരവിനെ കുറിച്ച് ഇന്ത്യയുടെ വെറ്ററന്‍ മധ്യനിര ബാറ്റര്‍ സംസാരിച്ചിരുന്നു.
Also Read :അജിങ്ക്യ രഹാനെ എന്തുകൊണ്ട് വീണ്ടും ഇന്ത്യന്‍ ടീമില്‍; കാരണം ഐപിഎല്‍ മാത്രമല്ല
'ഇന്ത്യന്‍ ടീമിലേക്ക് 18-19 മാസങ്ങള്‍ക്ക് ശേഷമുള്ള മടങ്ങിവരവ് ഏറെ സന്തോഷം നല്‍കുന്നതാണ്. ഇത് വളരെ പ്രത്യേകത നിറഞ്ഞ തിരിച്ചുവരവാണ്. ബാറ്റിങ്ങിലെ മികവ് എനിക്ക് നിലനിര്‍ത്തേണ്ടതുണ്ട്.
ഇന്ത്യന്‍ ടീമിലേക്ക് എത്തുന്നതിന് മുന്‍പ് രഞ്‌ജി ട്രോഫിയിലും ഐപിഎല്ലിലും എങ്ങനെയാണോ ബാറ്റ് ചെയ്‌തത്, അതേ ശൈലിയില്‍ തന്നെ ഇനിയും കളിക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ഏത് ഫോര്‍മാറ്റിലാണ് കളിക്കുന്നത് എന്നതിനെ കുറിച്ച് കൂടുതലൊന്നും ചിന്തിക്കുന്നില്ല. കാര്യങ്ങളെല്ലാം കൂടുതല്‍ ലളിതമാക്കാനായിരിക്കും എന്‍റെ ശ്രമം.
ടീമില്‍ നിന്നും പുറത്തായ സമയം, എന്‍റെ കുടുംബത്തില്‍ നിന്നും വലിയ പിന്തുണയാണ് ലഭിച്ചത്. ഇന്ത്യയ്‌ക്കായി കൂടുതല്‍ കളിക്കാനാണ് ഞാന്‍ ആഗ്രഹിച്ചിരുന്നത്. ഫിറ്റ്‌നസ് ഉള്‍പ്പടെ ശ്രദ്ധിക്കാന്‍ കൂടുതല്‍ കഠിനാധ്വാനം നടത്തേണ്ടി വന്നു.
ഗെയിം പ്ലാനിലും ബാറ്റിങ്ങിലും ശ്രദ്ധ കേന്ദ്രീകരിച്ചു. പിന്നീട് ഞാന്‍ ആഭ്യന്തര ക്രിക്കറ്റിലേക്ക് മടങ്ങി. അവിടെ മുംബൈക്കായി മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചു. അങ്ങനെ വീണ്ടും ഇന്ത്യന്‍ ടീമിലേക്ക് വിളിയെത്തിയപ്പോള്‍ ഞാനും എന്‍റെ കുടുംബവും വളരയേറെ വൈകാരികമായിരുന്നു' -രഹാനെ പറഞ്ഞു. നായകന്‍ രോഹിത് ശര്‍മയും പരിശീലകന്‍ രാഹുല്‍ ദ്രാവിഡും ഇന്ത്യന്‍ ടീമിനെ നല്ല രീതിയിലാണ് കൈകാര്യം ചെയ്യുന്നതെന്നും രഹാനെ കൂട്ടിച്ചേര്‍ത്തു.
അടുത്തിടെ അവസാനിച്ച ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനൊപ്പമായിരുന്നു അജിങ്ക്യ രഹാനെ കളത്തിലിറങ്ങിയത്. ഐപിഎല്‍ കിരീടം നേടിയ ചെന്നൈക്കായി ഫൈനലില്‍ ഉള്‍പ്പടെ മികച്ച പ്രകടനം പുറത്തെടുക്കാന്‍ രഹാനെയ്‌ക്കായി. 14 മത്സരങ്ങളില്‍ നിന്നും 326 റണ്‍സായിരുന്നു താരം അടിച്ചെടുത്തത്.