
സെറ്റിൽ വച്ച് പ്രശാന്ത് നീലിന്‍റെ ജന്മദിനം ആഘോഷമാക്കി സലാർ ടീം.
കെജിഎഫ് ചിത്രങ്ങളിലൂടെ പ്രശസ്‌തിയുടെ കൊടുമുടി കയറിയ സംവിധായകന്‍ പ്രശാന്ത് നീലിന് പിറന്നാൾ ആശംസകൾ നേർന്ന് സുഹൃത്തുക്കളും സിനിമാലോകവും. ഞായറാഴ്‌ച ജന്മദിനം ആഘോഷിക്കുന്ന പ്രശാന്ത് നീലിന് ആശംസകളുമായി എത്തിയവരില്‍ മലയാളികളുടെ പ്രിയതാരം പൃഥ്വിരാജുമുണ്ട്.
ഇന്ത്യയെമ്പാടും ആരാധകരുള്ള സംവിധായകന്‍റെ ഏവരും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന, ഏറ്റവും പുതിയ ചിത്രമാണ് 'സലാർ'. ചിത്രത്തില്‍ പൃഥ്വിരാജും പ്രധാന വേഷത്തിലുണ്ട്. 'സലാർ' ടീമിനൊപ്പം പ്രിയ സംവിധായകന് ആശംസകൾ നേരുകയാണ് പൃഥ്വി.
നിങ്ങളിലെ ചെറിയൊരംശം മാത്രമേ ലോകം കണ്ടിട്ടുള്ളൂ എന്ന് പൃഥ്വിരാജ് സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ കുറിച്ചു. വരാനിരിക്കുന്ന വർഷം അതിനെ പിന്തുടർന്നു വരുന്നതിന്‍റെ ടീസറാണെന്നറിയാമെന്നും പൃഥ്വി പറഞ്ഞു.
'ജന്മദിനാശംസകൾ പ്രശാന്ത്! ലോകം ഇതുവരെ നിങ്ങളിലെ ചെറിയൊരംശം മാത്രമേ കണ്ടിട്ടുള്ളൂ.. എനിക്കറിയാം വരാനിരിക്കുന്ന വർഷം അതിനെ പിന്തുടർന്നു വരുന്നതിന്‍റെ ഒരു ടീസർ ആയിരിക്കും! നിങ്ങളോടൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞത് മഹത്തരമാണ്.. ഇനി വരാനുള്ള കാര്യങ്ങൾക്കായി എനിക്ക് കാത്തിരിക്കാനാവില്ല!' -പൃഥ്വിരാജ് കുറിച്ചു.
'സലാറി'ൽ 'വർധരാജ മന്നാർ' എന്ന നെഗറ്റീവ് കഥാപാത്രത്തെയാണ് പൃഥ്വി അവതരിപ്പിക്കുന്നത്. പ്രഭാസാണ് ചിത്രത്തില്‍ നായകനായി എത്തുന്നത്. പ്രഭാസും സംവിധായകന് പിറന്നാളാശംസകൾ അറിയിച്ചിട്ടുണ്ട്.
'ഡാർലിങ് ഫ്രണ്ട്' എന്ന് വിശേഷിപ്പിച്ചു കൊണ്ടാണ് അദ്ദേഹം പ്രശാന്ത് നീലിന് ആശംസകൾ നേർന്നത്. 'സലാറി'ന്‍റെ സെറ്റിൽ വച്ച് അണിയറ പ്രർത്തകർ ചേർന്ന് കഴിഞ്ഞ ദിവസം പ്രശാന്ത് നീലിന്‍റെ ജന്മദിനം ആഘോഷിച്ചിരുന്നു. ഇതിന്‍റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.
അതേസമയം ഈ വർഷം സെപ്റ്റംബർ 28-ന് 'സലാർ' തിയേറ്ററുകളില്‍ എത്തുമെന്നാണ് റിപ്പോർട്ടുകൾ. ഹോംബാലെ ഫിലിംസിന്‍റെ ബാനറിൽ വിജയ് കിരഗണ്ഡൂർ ആണ് ചിത്രം നിർമിക്കുന്നത്. ശ്രുതി ഹാസൻ, ജഗപതി ബാബു എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തില്‍ എത്തുന്നു.
ALSO READ:'സലാർ' അപ്‌ഡേറ്റുകൾക്കായി പിന്നാലെ കൂടി പ്രഭാസ് ആരാധകർ; പ്രശാന്ത് നീലും നിര്‍മാതാവും ട്വിറ്റർ വിട്ടു
രവി ബസ്രുർ ആണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. 'കെജിഎഫി'ന് ഈണം പകർന്നതും രവി ബസ്രുർ ആയിരുന്നു. ആക്ഷന് ഏറെ പ്രാധാന്യമുള്ള 'സലാറി'ന്‍റെ സംഘട്ടന സംവിധാനം നിർവഹിക്കുന്നത് അൻബറിവാണ്.
അടുത്തിടെ സംവിധായകൻ പ്രശാന്ത് നീലും നിർമാതാവ് വിജയ് കിരഗണ്ഡൂർ തങ്ങളുടെ ട്വിറ്റർ അക്കൗണ്ടുകൾ പ്രവർത്തന രഹിതമാക്കിയ വാർത്ത ചർച്ചയായിരുന്നു. സിനിമയെക്കുറിച്ചുള്ള അപ്‌ഡേറ്റുകൾക്കായുള്ള ആരാധകരുടെ നിരന്തര സമ്മർദത്തെ തുടർന്നാണ് പ്രശാന്ത് നീലും വിജയ് കിരഗണ്ഡൂരും ട്വിറ്റർ അക്കൗണ്ടുകൾ പ്രവർത്തന രഹിതമാക്കിയത് എന്നാണ് റിപ്പോർട്ടുകൾ.
അതേസമയം 'ആദിപുരുഷാ'ണ് പ്രഭാസിന്‍റെതായി റിലീസിനൊരുങ്ങുന്ന മറ്റൊരു പ്രധാന ചിത്രം. ഓം റൗട്ട് ആണ് ഈ ബ്രഹ്‌മാണ്ഡ ചിത്രം സംവിധാനം ചെയ്യുന്നത്. 'ആദിപുരുഷി'നൊപ്പം സലാറിന്‍റെ ടീസർ ബിഗ് സ്‌ക്രീനിൽ റിലീസ് ചെയ്യുമെന്ന തരത്തിലുള്ള വാർത്തകൾ നേരത്തെ പുറത്തുവന്നിരുന്നു. ജൂണ്‍ 16നാണ് ആദിപുരുഷ് തിയേറ്ററുകളിലെത്തുക. പ്രഭാസിന് പുറമെ കൃതി സനോൺ, സെയ്‌ഫ് അലി ഖാൻ എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ALSO READ:പ്രഭാസ് ആരാധകർക്ക് ഇരട്ട സമ്മാനം; ആദിപുരുഷിനൊപ്പം സലാർ ടീസർ പുറത്തിറക്കുമെന്ന് റിപ്പോർട്ട്