
അന്തരിച്ച നടി പർവീൺ ബാബിയുടെ ജീവിതത്തെ ആസ്‌പദമാക്കിയുള്ള തന്‍റെ പുതിയ ചിത്രത്തിന്‍റെ ഒരുക്കങ്ങൾ ആരംഭിച്ച് ഉർവശി റൗട്ടേല
മുംബൈ: തെന്നിന്ത്യയില്‍ ഉൾപ്പടെ നിരവധി ആരാധകരുള്ള ബോളിവുഡ് നടിയാണ് ഉര്‍വശി റൗട്ടേല. ഇപ്പോഴിതാ താരത്തിന്‍റെ പുതിയ സിനിമയുടെ വിശേഷങ്ങളാണ് വാര്‍ത്തകളില്‍ നിറയുന്നത്. അന്തരിച്ച പ്രശസ്‌ത നടി പർവീൺ ബാബിയുടെ ജീവിതത്തെ ആസ്‌പദമാക്കിയുള്ള ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായാണ് ഉര്‍വശി റൗട്ടേല എത്തുന്നത്.
കാൻ 2023 ഫിലിം ഫെസ്റ്റിവലിലും ഐഐഎഫ്എ 2023ലും തകർപ്പന്‍ ലുക്കില്‍ പ്രത്യക്ഷപ്പെട്ട നടിയുടെ പുതിയ ചിത്രത്തിന്‍റെ പ്രഖ്യാപനം ആഘോഷമാക്കുകയാണ് ആരാധകർ. പുതിയ ചിത്രത്തിനായുള്ള ഒരുക്കങ്ങൾ ആരംഭിച്ചു കഴിഞ്ഞതായി ഉർവശി റൗട്ടേല തന്നെയാണ് ആരാധകരുമായി പങ്കുവച്ചത്.
പർവീൺ ബാബി എന്ന ഹാഷ്‌ടാഗോടെ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച പോസ്റ്റ്, ചിത്രം ഇതുവരെ ആരും പറയാത്ത, അറിയാത്ത പർവീൺ ബാബിയുടെ ജീവിതമാകും വരച്ചുകാട്ടുക എന്ന സൂചനയാണ് നല്‍കുന്നത്. 'ബോളിവുഡ് പരാജയപ്പെട്ടു, #ParveenBabi എന്നാൽ ഞാന്‍ നിങ്ങളെ അഭിമാനിതയാക്കും' -വരാനിരിക്കുന്ന ബയോപിക്കിന്‍റെ ചിത്രം പങ്കിട്ടുകൊണ്ട് ഉർവശി റൗട്ടേല കുറിച്ചു. 'ഓം നമഃ ശിവായ്' എന്നും എഴുതിയ താരം 'പുതിയ തുടക്കങ്ങളുടെ മാന്ത്രികതയില്‍ വിശ്വസിക്കൂ' -എന്നും കുറിച്ചു.
സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് വന്നതിന് തൊട്ടുപിന്നാലെ, അഭിനന്ദന സന്ദേശങ്ങളും ലവ് ഇമോജികളും കൊണ്ട് കമന്‍റ് സെക്ഷന്‍ നിറക്കുകയാണ് ആരാധകരും സുഹൃത്തുക്കളും. പർവീൺ ബാബിയെക്കുറിച്ച് സിനിമ ചെയ്യാനുള്ള തീരുമാനത്തിന് നന്ദി പറയുകയാണ് ഒരു ആരാധകൻ. 'പര്‍വീൺ ബാബിയെക്കുറിച്ചുള്ള നിങ്ങളുടെ വരാനിരിക്കുന്ന സിനിമ ഒരു ബ്ലോക്ക്ബസ്റ്ററാകും' -എന്ന് മറ്റൊരു ആരാധകൻ എഴുതി. പർവീൺ ബാബിക്ക് പിന്തുണയുമായി വരുന്ന ആദ്യത്തെ നടിയാണ് ഉർവശിയെന്നും കമന്‍റുണ്ട്.
ഇന്ത്യന്‍ സിനിമയില്‍ ഒരുകാലത്ത് സൗന്ദര്യം കൊണ്ടും പ്രതിഭ കൊണ്ടും നിറഞ്ഞാടിയ അഭിനേത്രി ആയിരുന്നു പര്‍വീണ്‍ ബാബി. 'ദീവാർ', 'അമര്‍ അക്ബര്‍ ആന്‍റണി', 'സുഹാഗു' തുടങ്ങിയ ചലച്ചിത്രങ്ങളിലെ അവരുടെ പ്രകടനങ്ങൾ എടുത്തു പറയേണ്ടതാണ്. എന്നാല്‍ അമിതമായി പുകവലിച്ചും മദ്യപിച്ചും തന്നെ കൊലപ്പെടുത്താന്‍ വരുന്നവരെന്ന് സംശയം തോന്നുന്നവരുടെ പേരില്‍ പൊലീസിലും കോടതികളിലും കേസ് കൊടുത്തും അവസാനിച്ച ജീവിതം കൂടിയാണ് പര്‍വീണ്‍ ബാബിയുടെത്.
ആ കഥ പലർക്കും അത്ര പരിചയം കാണില്ല. അതുകൊണ്ടുതന്നെ ഉർവശിയുടെ പുതിയ ചിത്രം മുന്നോട്ടുവയ്ക്കുന്ന പ്രതീക്ഷകൾ വാനോളമാണ്. ക്രിക്കറ്റ് താരം സലിം ദുരാനിയ്‌ക്കൊപ്പം 'ചരിത്ര' (1973) എന്ന ചിത്രത്തിലൂടെയാണ് പര്‍വീണ്‍ ബാബി സിനിമയിൽ അരങ്ങേറ്റം കുറിച്ചത്.
അമിതാഭ് ബച്ചനൊപ്പമുള്ള 'മജ്ബൂർ' (1974) ആയിരുന്നു അവരുടെ ആദ്യ ഹിറ്റ്. ഇന്ത്യൻ സിനിമയിലെ പതിവ് നായിക സങ്കല്‍പങ്ങളെ പൊളിച്ചു മാറ്റുന്നതില്‍ പർവീൺ ബാബിയുടെ പങ്ക് നിർണായകമാണ്. തന്‍റെ കരിയറിൽ ഉടനീളം ഒരു ഫാഷൻ ഐക്കണായി കണക്കാക്കപ്പെട്ടിരുന്ന പർവീൺ, ടൈം മാസികയുടെ മുൻ പേജിൽ പ്രത്യക്ഷപ്പെട്ട ആദ്യ ബോളിവുഡ് താരം കൂടിയാണ് (1976 ജൂലൈയിൽ).
ഒന്നര പതിറ്റാണ്ടിനിടയില്‍ 50 സിനിമകളില്‍ അഭിനയിച്ച് ജീവിതം ആഘോഷിച്ച പര്‍വീണ്‍ ബാബി കടുത്ത വിഷാദ രോഗത്തിലേക്ക് പിന്നീട് കൂപ്പുകുത്തി വീഴുകയായിരുന്നു. 2005 ജനുവരി 20 ന് മുംബൈയിലെ ഫ്ലാറ്റിൽ വച്ചായിരുന്നു പർവീൺ ബാബിയുടെ അന്ത്യം.
അതേസമയം, നടൻ രൺദീപ് ഹൂഡയ്‌ക്കൊപ്പം 'ഇൻസ്‌പെക്‌ടർ അവിനാഷ്' എന്ന വെബ് സീരീസിലാണ് ഉർവശി ഒടുവില്‍ വേഷമിട്ടത്. ഒടിടി പ്ലാറ്റ്‌ഫോമായ ജിയോ സിനിമയിലാണ് 'ഇൻസ്‌പെക്‌ടർ അവിനാഷ്' സ്ട്രീം ചെയ്യുന്നത്.