വിരലില്‍ 'മഷി പുരളാന്‍' ഇനി ആറു നാള്‍; മായാ മഷിയുടെ കഥയറിയാം... - Poll Ink Story

author img

By ETV Bharat Kerala Team

Published : Apr 19, 2024, 7:19 PM IST

തെരഞ്ഞെടുപ്പ് മഷി  POLL INK  2024 ലോക്‌സഭാ തെരഞ്ഞെടുപ്പ്  മായാ മഷി
Story of Ink applying in finger after poll ()

കള്ളവേട്ട് തടയുക എന്ന ലക്ഷ്യത്തോടെയാണ് ആദ്യ കാലത്ത് വിരലില്‍ മഷി പുരട്ടുന്ന രീതി ആരംഭിച്ചത്.

തിരുവനന്തപുരം : കന്നി വോട്ട് രേഖപ്പെടുത്തിയ ശേഷം വിരലില്‍ പുരട്ടിയ മഷി അഭിമാനത്തോടെ ഉയര്‍ത്തിപ്പിടിച്ചു നടന്ന ആ നൊസ്‌റ്റാള്‍ജിയ അനുഭവിക്കാത്തവര്‍ ഉണ്ടാകില്ല. ചൂണ്ടു വിരലില്‍ ദിവസങ്ങളോളം മായാതെ ഒട്ടിപ്പിടിച്ചിരിക്കുന്ന ഈ മഷിയെ കുറിച്ച് നമ്മള്‍ ചിന്തിച്ചിട്ടുണ്ടാകില്ല. എന്നാല്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഇതിനു വേണ്ടി എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കി കഴിഞ്ഞു. തെരഞ്ഞെടുപ്പ് കമ്മിഷന്‍ പുറത്തു വിട്ട മായാ മഷി വിശേഷങ്ങളിലേക്ക്...

തെരഞ്ഞെടുപ്പില്‍ പങ്കെടുത്ത് സമ്മതിദാനാവകാശം വിനിയോഗിച്ചതിന്‍റെ അഭിമാന താരമായ ആ മായാമഷിയുടെ യഥാര്‍ത്ഥ പേര് ഇന്‍ഡെലിബിള്‍ ഇങ്ക് എന്നാണ്. 63,100 കുപ്പി അഥവാ വയല്‍ മഷിയാണ് സംസ്ഥാനത്തെ 20 ലോക്‌സഭാ മണ്ഡലത്തിന്‍റെ എല്ലാ പോളിങ് ബൂത്തുകളിലേക്കുമായി ഉപയോഗിക്കുന്നത്.

പ്രധാനമായും കള്ളവേട്ട് തടയുക എന്ന ലക്ഷ്യത്തോടെ ആദ്യ കാലത്ത് ആരംഭിച്ചതാണിതെങ്കിലും കാലം മാറിയിട്ടും അത് മാറ്റമില്ലാതെ തുടരുന്നു. വിരലില്‍ പുരട്ടിയാല്‍ വെറും 40 സെക്കന്‍റ് കൊണ്ട് ഉണങ്ങി വിരലുമായി ഒട്ടിച്ചേരുന്ന ഈ മഷി മാഞ്ഞു പോകാന്‍ ദിവസങ്ങളെടുക്കും.

സംസ്ഥാനത്താകെയുള്ള 25,231 പോളിങ് ബൂത്തുകളിലേക്ക് ആവശ്യമുള്ളതിന്‍റെ രണ്ടര ഇരട്ടി മഷിക്കുപ്പികളാണ് എത്തിച്ചിട്ടുള്ളത്. കര്‍ണാടക സര്‍ക്കാരിന്‍റെ ഉമസ്ഥതയിലുള്ള മൈസുരു പെയിന്‍റ് ആന്‍ഡ് വാര്‍ണിഷ് കമ്പനി(എംവിപിഎല്‍)യില്‍ നിന്നാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍ മഷി വാങ്ങിയിട്ടുള്ളത്. ഇതിന് ആകെ ചെലവായത് 1.30 കോടി രൂപയാണ്.

ഒരു കുപ്പിയില്‍ 10 മില്ലി മഷി

ഓരോ കുപ്പികളിലും വെറും 10 മില്ലി മഷി മാത്രമാണുള്ളത്. ഇതുപയോഗിച്ച് 700 ഓളം വോട്ടര്‍മാരുടെ വിരലുകളില്‍ മഷി പുരട്ടാനാകും. വോട്ട് ചെയ്യാനെത്തുന്ന പൗരന്‍മാരുടെ ഇടത്തെ ചൂണ്ടു വിരലില്‍ ഈ മഷി പുരട്ടുന്നത് രണ്ടാം പോളിങ് ഓഫീസറുടെ ഉത്തരവാദിത്തമാണ്. ആദ്യ പോളിങ് ഓഫീസര്‍, വോട്ടര്‍ യഥാര്‍ഥ വോട്ടറാണെന്ന് തിരിച്ചറിഞ്ഞ് കഴിഞ്ഞാല്‍ രണ്ടാം പോളിങ് ഓഫീസര്‍ വോട്ടറുടെ ഇടത് ചൂണ്ടു വിരല്‍ പരിശോധിച്ച് മഷി പുരണ്ടതിന്‍റെ അടയാളങ്ങളില്ലെന്നുറപ്പാക്കും. തുടര്‍ന്ന് ഇടത് കയ്യിലെ ചൂണ്ട് വിരലിന്‍റെ അഗ്രത്തില്‍ നിന്ന് ആദ്യ സന്ധിവരെ ബ്രഷ് കൊണ്ട് നീളത്തില്‍ മഷി അടയാളം രേഖപ്പെടുത്തുകയാണ് ചെയ്യുന്നത്.

നിര്‍മ്മാണാനുമതി എംവിപിഎല്‍ കമ്പനിക്കു മാത്രം

ഇന്ത്യയില്‍ ഈ മഷി നിര്‍മ്മിക്കാന്‍ അനുവാദമുള്ളത് മൈസുരുവിലെ പെയിന്‍റ് ആന്‍റ് വാര്‍ണിഷ് കമ്പനിക്ക് മാത്രമാണ്. ഇന്ത്യയില്‍ എവിടെ തെരഞ്ഞെടുപ്പ് നടന്നാലും മഷി വാങ്ങാന്‍ മൈസുരുവിലെത്തണം.

1962-ലെ മൂന്നാം ലോക്‌സഭ തെരഞ്ഞെടുപ്പാലാണ് ആദ്യമായി മായാ മഷി വിരലില്‍ പുരട്ടുന്ന പതിവ് ആരഭിക്കുന്നത്. അതിന് ശേഷമുള്ള എല്ലാ തെരഞ്ഞെടുപ്പുകളിലും ഈ മഷി വോട്ടര്‍മാരുടെ വിരലുകളില്‍ പുരട്ടിയിട്ടുണ്ട്. നാഷണല്‍ ഫിസിക്കല്‍ ലബോറട്ടറി ഓഫ് ഇന്ത്യയില്‍ വികസിപ്പിച്ചിട്ടുള്ള ഒരു ഫോര്‍മുലയാണ് ഈ സവിശേഷ വോട്ടിങ് മഷിയില്‍ ഉപയോഗിച്ചിട്ടുള്ളത്.

ഇക്കുറി 2.77 കോടി വോട്ടര്‍മാര്‍

ഇക്കുറി സംസ്ഥാനത്ത് 2,77,49,159 കോടി വോട്ടര്‍മാരാണ് സംസ്ഥാനത്തുള്ളത്. ഒരു വോട്ടര്‍ ഒന്നിലധികം വോട്ട് ചെയ്യുന്നത് തടയുക എന്നതാണ് കൈ വിരലില്‍ മഷി പുരട്ടുന്നതിന്‍റെ ഉദ്ദേശ്യം. കള്ള വോട്ട് തടഞ്ഞ് കുറ്റമറ്റതും സുതാര്യവുമായ തെരഞ്ഞെടുപ്പ് ഉറപ്പു വരുത്തുന്നതിനായി ഉപയോഗിക്കുന്ന മഷിയടയാളം രാജ്യത്തെ തിരഞ്ഞെടുപ്പിന്‍റെ അഭിമാന ചിഹ്നം കൂടിയാണെന്ന് സംസ്ഥാനത്തെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ എം സഞ്ജയ് കൗള്‍ പറഞ്ഞു.

Also Read : ബാലറ്റിലൂടെ തെരഞ്ഞെടുപ്പ് നടത്തണമെന്ന് ആവശ്യം; ഇവിഎം മെഷീൻ തകർത്ത്‌ വോട്ടര്‍ - Voter Broke EVM

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.