ETV Bharat / state

ചിന്നക്കനാല്‍ ഭൂമി കയ്യേറ്റം; നിയമപരമായ നടപടികളെ സ്വാഗതം ചെയ്യുന്നു: മാത്യു കുഴൽനാടൻ - Mathew Kuzhalnadan land issue

author img

By ETV Bharat Kerala Team

Published : Mar 29, 2024, 12:48 PM IST

ചിന്നക്കനാലിലെ ഭൂമി വീണ്ടും അളക്കാനുള്ള റവന്യൂ വകുപ്പിന്‍റെ നടപടികളോട്‌ സഹകരിക്കുമെന്ന്‌ മാത്യു കുഴൽനാടൻ എംഎൽഎ.

MATHEW KUZHALNADAN MLA  LAND ENCROACHMENT CHINNAKANAL  REVENUE DEPARTMENT RE SURVEY  MATHEW KUZHALNADAN LAND ISSUE
MATHEW KUZHALNADAN LAND ISSUE

ഭൂമി കൈയ്യേറ്റം, മാത്യു കുഴൽനാടൻ

ഇടുക്കി : ചിന്നക്കനാലിലെ ഭൂവിഷയത്തിൽ നിയമപരമായ ഏത് നടപടികളോടും സഹകരിക്കുകയും നിയമപരമായ എല്ലാ കാര്യങ്ങളും സ്വാഗതം ചെയ്യുന്നതായും മാത്യു കുഴൽനാടൻ എംഎൽഎ. ചിന്നക്കനാലിലെ ഭൂമി വീണ്ടും അളക്കുന്നതിന് റവന്യൂ വകുപ്പ് തീരുമാനമെടുത്ത കാര്യത്തിൽ അടിമാലിയിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

നേരത്തെ നടത്തിയ അളവെടുപ്പില്‍ പിശകുണ്ടായെന്ന് ചൂണ്ടിക്കാട്ടി ഉടമകള്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് വീണ്ടും നടപടി. ചിന്നക്കനാലില്‍ പുറമ്പോക്ക് ഭൂമി കൈവശപ്പെടുത്തി എന്നതാണ് മാത്യു കുഴല്‍നാടന്‍ എംഎല്‍എക്കെതിരെയുള്ള കേസ്. കഴിഞ്ഞ ജനുവരി 27 നാണ് റവന്യൂ വകുപ്പ് കേസെടുത്തത്. 50 സെന്‍റ് സര്‍ക്കാര്‍ ഭൂമി കൈവശപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് കേസ്.

ചിന്നക്കനാലിലെ റിസോര്‍ട്ടുമായി ബന്ധപ്പെട്ട് 50 സെന്‍റ് ഭൂമി എംഎല്‍എ കൈവശപ്പെടുത്തിയിട്ടുണ്ടെന്ന് വിജിലന്‍സ് നേരത്തെ കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെ വിജിലന്‍സ് കണ്ടെത്തല്‍ ശരിവച്ച് ഉടുമ്പന്‍ചോല ലാന്‍ഡ് റവന്യൂ തഹസില്‍ദാര്‍ ഇടുക്കി ജില്ല കലക്‌ടര്‍ക്ക് റിപ്പോര്‍ട്ടും സമര്‍പ്പിച്ചു.

ഫെബ്രുവരി 8 ന് ലാൻഡ് റവന്യൂ തഹസിൽദാർക്ക് മുന്നിൽ ഹിയറിങ്ങിന് ഹാജരാകണമെന്ന് അറിയിച്ച് നോട്ടിസ് നല്‍കിയിരുന്നു. എന്നാൽ നോട്ടിസ് പ്രകാരം നേരിട്ട് ഹാജരാകാൻ കഴിയില്ലെന്നും അതിനായി ഒരു മാസത്തെ സമയം നീട്ടി നൽകണമെന്നും ആവശ്യപ്പെട്ട് മാത്യു കുഴൽനാടൻ ലാൻഡ് റവന്യൂ തഹസിൽദാർക്ക് അപേക്ഷ സമർപ്പിച്ചു.

ഈ കാലാവധി അവസാനിച്ചതോടെ ഈ മാസം 5 ന് മാത്യു കുഴൽനാടന്‍റെ പാര്‍ട്‌ണര്‍മാരായ സഹോദരൻ ടോം റാന്നി, കാവുങ്കൽ ടോണി എന്നിവർ ഉടുമ്പന്‍ചോല താലൂക്ക് ഓഫിസിലെത്തി ഹിയറിങ്ങിന് ഹാജരായി. നേരത്തെ ഭൂമി അളന്നപ്പോൾ പിശക് ഉണ്ടായിരുന്നുവെന്ന് ഉടമകൾ ചൂണ്ടിക്കാട്ടിയതിനെ തുടര്‍ന്ന്‌ തങ്ങളുടെ സാന്നിധ്യത്തിൽ വീണ്ടും അളക്കണമെന്ന് ഇവർ ആവശ്യപ്പെട്ടു.

ഇതേ തുടർന്നാണ് ഹെഡ് സർവേയറുടെ നേതൃത്വത്തിൽ വീണ്ടും ഭൂമി അളക്കാൻ തീരുമാനിച്ചത്. അടുത്തയാഴ്‌ച ഭൂമി അളന്ന് തിരിക്കുമെന്ന് ഉടുമ്പന്‍ചോല ലാൻഡ് റവന്യൂ തഹസിൽദാർ എ വി ജോസ് അറിയിച്ചു. അളന്ന് തിട്ടപ്പെടുത്തിയ ശേഷം അധിക ഭൂമി കൈവശപ്പെടുത്തിയിട്ടുണ്ടെങ്കിൽ ആ ഭൂമി അടിയന്തരമായി പിടിച്ചെടുക്കാനാണ് റവന്യൂ വകുപ്പിന്‍റെ നീക്കം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.