ETV Bharat / state

കെആർഇഎംഎൽ കമ്പനിക്ക് 51 ഏക്കർ പതിച്ച് നൽകിയ സംഭവം ; കൂടുതൽ തെളിവുകൾ പുറത്ത് വിട്ട് മാത്യു കുഴൽനാടൻ

author img

By ETV Bharat Kerala Team

Published : Mar 2, 2024, 12:12 PM IST

Updated : Mar 2, 2024, 1:35 PM IST

കെആർഇഎംഎൽ കമ്പനിക്ക് ഭൂമി പതിച്ച് നൽകിയ സംഭവത്തിൽ കൂടുതൽ തെളിവുകൾ പുറത്ത് വിട്ട് മാത്യു കുഴൽനാടൻ എംഎൽഎ. തിരുവനന്തപുരത്ത് മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.

Mathew Kuzhalnadan press meet  More Evidence about KREML Company  തിരുവനന്തപുരം  Mathew Kuzhalnadan against gov  cm Pinarayi Vijayan
Mathew Kuzhalnadan Released More Evidence In The Case Of Giving 51 Acres To KREML Company

മാത്യു കുഴല്‍നാടന്‍ പ്രതികരിക്കുന്നു

തിരുവനന്തപുരം : കെആർഇഎംഎൽ കമ്പനിക്ക് 51 ഏക്കർ ഭൂമി പതിച്ച് നൽകിയ സംഭവത്തിൽ ഭൂമി നൽകണമെന്ന ജില്ല സമിതിയുടെ ശുപാർശ റവന്യു വകുപ്പ് തള്ളിയത് ഹൈക്കോടതി റദ്ദാക്കിയെന്ന് മാത്യു കുഴൽനാടൻ എംഎൽഎ. 2023 ഓഗസ്‌റ്റിലാണ് ഈ ഉത്തരവ് വന്നത്. ജില്ല സമിതിയുടെ ശുപാർശ അസ്ഥിരപ്പെടുത്താതെ സർക്കാരിന് അനുകൂലമായ കോടതി വിധിയുണ്ടാകില്ലെന്ന് ചൂണ്ടിക്കാട്ടി റവന്യു മന്ത്രി കെ രാജന് കത്ത് നൽകിയതിന് ശേഷമാണ് വിഷയത്തിൽ കൂടുതൽ ഗവേഷണം നടത്തിയതെന്നും മാത്യു കുഴൽനാടൻ പറഞ്ഞു.

സർക്കാർ ഒത്താശയോട് കൂടി കമ്പനിക്ക് സൗജന്യങ്ങൾ ചെയ്‌ത് കൊടുക്കുന്നുണ്ട്. റവന്യു വകുപ്പ് അനുമതി നിഷേധിച്ചതോടെ മുഖ്യമന്ത്രിക്ക് നിവേദനം നൽകിയെന്നും നിവേദനം പരിഗണിച്ചുള്ള അന്വേഷണത്തിൽ വീണ്ടും അത് തള്ളിയെന്നും മാത്യു കുഴല്‍നാടൻ പറഞ്ഞു. പിന്നാലെ രണ്ടാമതും മുഖ്യമന്ത്രിക്ക് നൽകിയ നിവേദനത്തിൽ ജില്ല കൗൺസിലിൽ പുതുക്കിയ പദ്ധതി വിവരങ്ങൾ നൽകുകയും കമ്പനിക്ക് ഇളവുകൾ നൽകാൻ കെഎസ്ഐഡിസി (കേരള ഇൻഡസ്ട്രിയൽ ഡെവലപ്പ്മെന്‍റ് കോർപറേഷൻ) ജില്ല കൗൺസിലിനോട് ശുപാർശ ചെയ്തെന്നും കെആർഇഎംഎൽ കമ്പനി കോടതിയിൽ നൽകിയ പെറ്റീഷനിൽ വ്യക്തമാക്കുന്നതായി മാത്യു കുഴൽനാടൻ ആരോപിച്ചു.

കോടതിയെ ചാരി രക്ഷപ്പെടാനാണ് സർക്കാർ ശ്രമം. ഭൂമി പതിച്ച് നൽകണമെന്ന ജില്ല സമിതിയുടെ ശുപാർശ തന്നെ സർക്കാർ റദ്ദാക്കണമെന്നും ജില്ല സമിതി ശുപാർശ റദ്ദാക്കിയില്ലെങ്കിൽ കോടതിയെ ചാരി സർക്കാരിന് രക്ഷപ്പെടാമെന്നും മാത്യു കുഴൽനാടൻ ആരോപിച്ചു. തിരുവനന്തപുരത്ത് മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.

'മുഖ്യമന്ത്രിക്കെതിരെ കൂടുതൽ തെളിവുകൾ'; സിഎംആർഎല്ലിന്‍റെ നിവേദനം പുറത്തുവിട്ട് മാത്യു കുഴൽനാടൻ : മാസപ്പടി വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ കൂടുതൽ ആരോപണങ്ങളുമായി മാത്യു കുഴൽനാടൻ എംഎൽഎ. സിഎംആർഎൽ കമ്പനിയെ മുഖ്യമന്ത്രി സഹായിച്ചതിന് തെളിവുകളുണ്ടെന്ന് മാത്യു കുഴൽനാടൻ ഫെബ്രുവരി 17 ന് കൊച്ചിയിലെ വാർത്ത സമ്മേളനത്തിൽ പറഞ്ഞു.

കമ്പനി നഷ്‌ടത്തിലാണെന്നും, ഇൽമനൈറ്റ് ലഭ്യമാക്കാൻ മുഖ്യമന്ത്രിയുടെ ഇടപെടൽ വേണമെന്നും കാട്ടി 2017ൽ മുഖ്യമന്ത്രിക്ക് സിഎംആർഎൽ നിവേദനം സമർപ്പിച്ചിരുന്നു. ഇതിൽ ഒപ്പിട്ടശേഷം ആവശ്യമായ നടപടി സ്വീകരിക്കാൻ പിണറായി വിജയൻ നിർദേശിച്ചതായും നിവേദനത്തിൻ്റെ പകർപ്പ് പുറത്തുവിട്ട് മാത്യു കുഴൽനാടൻ വ്യക്തമാക്കി.

ഈ നിവേദനത്തിൽ നിന്ന് സിഎംആർഎൽ കമ്പനിയുടെ ആവശ്യം എന്തായിരുന്നെന്ന് മനസിലാക്കാൻ കഴിയും. അവർക്ക് വേണ്ട ഇൽമനൈറ്റ് കുറഞ്ഞ വിലയ്ക്ക് ലഭിക്കണമെന്നായിരുന്നു സിഎംആർഎല്ലിൻ്റ ആവശ്യം. തുടര്‍ന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തില്‍ നിർദേശിച്ചത് പ്രകാരം കുട്ടനാടിനെ വെള്ളപ്പൊക്കത്തിൽ നിന്ന് രക്ഷിക്കാനെന്ന പേരിൽ തോട്ടപ്പള്ളി സ്‌പിൽവേയിലെ അഴിമുഖത്തെ മണൽ വാരാൻ അനുമതി നൽകുകയായിരുന്നു.

ഏറ്റവും കുറഞ്ഞ നിരക്കിലാണ് ധാതു ലവണ സാന്നിധ്യമുള്ള മണൽ നൽകിയത്. സംസ്ഥാനത്തിൻ്റെ താല്‍പര്യങ്ങൾ ഹനിച്ചാണ് ഇത്തരമൊരു നടപടി സ്വീകരിച്ചത്. സംസ്ഥാനത്തിൻ്റെ സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യാൻ തോട്ടപള്ളിയിലെ മണൽ വില്‍പനയിലൂടെ കഴിയുമായിരുന്നു. എന്നാൽ ഇതിന്‍റെ ലാഭം നേടിയത് സിഎംആർഎൽ ആണെന്നും, അതിൻ്റെ പ്രതിഫലമാണ് എക്‌സാലോജിക്കിന് ലഭിച്ചതെന്നും കുഴൽനാടൻ ആരോപിച്ചു. 2017 നഷ്‌ടത്തിൽ പ്രവർത്തിച്ച സിഎംആർഎൽ മുഖ്യമന്ത്രി ഇടപെട്ടതിനാലാണ് നാല് വർഷം കൊണ്ട് എഴുപത് ശതമാനം ലാഭത്തിലെത്തിയതെന്നും കുഴൽനാടൻ ആരോപിച്ചു.

ALSO READ : എക്‌സാലോജിക് വിധി തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് സിപിഎമ്മിനേറ്റ കനത്ത പ്രഹരം ; മുഖ്യമന്ത്രിയുടെ കൈകള്‍ ശുദ്ധമല്ലെന്ന്‌ പ്രതിപക്ഷം

Last Updated :Mar 2, 2024, 1:35 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.