ETV Bharat / state

വീട്ടിലെ വോട്ടിൽ വീണ്ടും പരാതി ; അന്വേഷിക്കാൻ നിർദേശം - Vote at Home Complaint

author img

By ETV Bharat Kerala Team

Published : Apr 21, 2024, 7:24 AM IST

Updated : Apr 21, 2024, 1:11 PM IST

92കാരനെ കബളിപ്പിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറി വോട്ട് ചെയ്‌തെന്നാണ് യുഡിഎഫ് പരാതി

FAKE VOTE  UDF COMPLAINT AGAINST CPM  LOKSABHA ELECTION 2024  VOTE FROM HOME ALLEGATIONS
Vote at Home

യുഡിഎഫ് കാസർകോട് മണ്ഡലം സ്ഥാനാർഥിയുടെ ഏജന്‍റ് എം ജമാൽ മാധ്യമങ്ങളോട്

കാസർകോട് : വീട്ടിലെ വോട്ടിൽ വീണ്ടും പരാതി. കാസർകോട് മണ്ഡലത്തിലെ പയ്യന്നൂരിൽ സിപിഎമ്മിനെതിരെ പരാതിയുമായി യുഡിഎഫ് രംഗത്തെത്തി. 92കാരനെ കബളിപ്പിച്ച് സഹായി ഒപ്പിട്ട് വാങ്ങി ബ്രാഞ്ച് സെക്രട്ടറി വോട്ട് ചെയ്‌തെന്നാണ് പരാതി. പയ്യന്നൂർ കോറോമിലാണ് സംഭവം.

കോറോമിലെ 92കാരൻ മാധവൻ വെളിച്ചപ്പാടിന്‍റെ വോട്ട് സിപിഎം ബ്രാഞ്ച് സെക്രട്ടറി വി വി സുരേഷ് ചെയ്‌തെന്നാണ് പരാതി. കാസർകോട് ജില്ല കലക്‌ടർ കെ ഇമ്പശേഖറിനാണ് ഇത് സംബന്ധിച്ച് പരാതി നൽകിയത്. സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട്‌ ഹാജരാക്കാൻ അസി. റിട്ടേർണിങ് ഓഫിസറോട് ആവശ്യപ്പെട്ടിട്ടുണ്ട്. വീഡിയോ ഹാജരാക്കാനും നിർദേശമുണ്ട്.

വോട്ടറെകൊണ്ട് കംപാനിയൻ ഫോമിൽ ഒപ്പിട്ട് വാങ്ങിയാണ് ബ്രാഞ്ച് സെക്രട്ടറി വോട്ട് ചെയ്‌തതെന്ന് യുഡിഎഫ് കാസർകോട് മണ്ഡലം സ്ഥാനാർഥിയുടെ ഏജന്‍റ് എം ജമാൽ ആരോപിച്ചു. ഇതിന് ഉദ്യോഗസ്ഥർ കൂട്ട് നിന്നെന്നും സംഭവത്തിൽ കർശന നടപടി സ്വീകരിക്കണമെന്നും ജമാൽ ആവശ്യപ്പെട്ടു. കള്ള വോട്ട് ചെയ്യുന്നവർക്കെതിരെ നടപടി വേണമെന്ന് പറഞ്ഞ അദ്ദേഹം കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ചെയ്‌ത കാര്യങ്ങൾ സിപിഎം വീണ്ടും ആവർത്തിക്കുകയാണെന്നും പറഞ്ഞു.

നേരത്തെ കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരി പാറക്കടവിൽ സിപിഎം നേതാവ് 92 വയസുകാരിയുടെ വോട്ട് രേഖപ്പെടുത്തിയതായി പരാതി ഉയർന്നിരുന്നു. വീട്ടിൽ തന്നെ വോട്ട് ചെയ്യുന്ന സംവിധാനത്തിൽ ദേവി എന്ന 92 വയസുകാരി വോട്ട് ചെയ്യാൻ ശ്രമിക്കുന്നതിനിടെയായിരുന്നു സംഭവം. കപ്പോത്ത്കാവ് മുൻ ബ്രാഞ്ച് സെക്രട്ടറിയും ബൂത്ത് ഏജൻ്റുമായ ഇ കെ ഗണേഷൻ വോട്ട് ചെയ്‌തുവെന്നാണ് പരാതി.

സംഭവത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. തുടർന്ന് പോളിങ് ഉദ്യോഗസ്ഥർക്കെതിരെ സസ്‌പെൻഷൻ നടപടി സ്വീകരിക്കുകയും ചെയ്‌തു. സ്‌പെഷ്യൽ പോളിങ് ഓഫിസർ, പോളിങ് അസിസ്റ്റന്‍റ് മൈക്രോ ഒബ്‌സർവർ, സ്‌പെഷ്യൽ പൊലീസ് ഓഫിസർ, വീഡിയോഗ്രാഫർ എന്നിവരെയാണ് കണ്ണൂർ ജില്ല കലക്‌ടർ അരുൺ കെ വിജയൻ സസ്‌പെൻഡ് ചെയ്‌തത്.

മരിച്ചവർക്ക് പകരം ജീവിച്ചിരിക്കുന്നവരെ വോട്ടർപട്ടികയിൽ നിന്നും
ഒഴിവാക്കി : അതിനിടെ മരിച്ചവർക്ക് പകരം ജീവിച്ചിരിക്കുന്നവരെ വോട്ടർപട്ടികയിൽ നിന്നും ഒഴിവാക്കിയതായും പരാതി ഉയരുന്നുണ്ട്. കാസര്‍കോട് വെസ്റ്റ് എളേരി പഞ്ചായത്തിലാണ് ജീവിച്ചിരിക്കുന്ന 14 വോട്ടര്‍മാരെ മരിച്ചുവെന്ന കാരണം പറഞ്ഞ് ഒഴിവാക്കിയത്. വോട്ടര്‍പട്ടിക ശുദ്ധീകരണ പ്രക്രിയയിലെ ഗുരുതര പിഴവിനെതിരെ നിയമ നടപടിക്കൊരുങ്ങുകയാണ് യുഡിഎഫ്.

വെസ്റ്റ് എളേരി പഞ്ചായത്തിലുണ്ടായ സംഭവത്തില്‍ വോട്ടര്‍മാരും ശക്തമായ പ്രതിഷേധത്തിലാണ്. തങ്ങളെല്ലാം മരിച്ചുവെന്ന് കാരണം പറഞ്ഞാണ് വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കിയതെന്ന് വോട്ടർമാർ പറയുന്നു. മരിച്ചവരെ നീക്കുന്നതിന് പകരം അവരുടെ ബന്ധുക്കളായ ജീവിച്ചിരിക്കുന്ന 14 പേരെ നീക്കുകയായിരുന്നു.

മരിച്ച അമ്മയെ നീക്കം ചെയ്യാന്‍ അപേക്ഷ നല്‍കിയപ്പോള്‍ മകനെ ആണ് പട്ടികയില്‍ നിന്ന് ഒഴിവാക്കിയത്. ഭര്‍ത്താവിന് പകരം നീക്കിയത് ഭാര്യയുടെ പേരും പിതാവിന് പകരം മകനെയും വോട്ടര്‍ പട്ടികയിൽ നിന്ന് തെറ്റായി നീക്കം ചെയ്‌തിട്ടുണ്ട്. ഇതിന് പിന്നില്‍ രാഷ്‌ട്രീയമുണ്ടെന്നും ഇവർ ആരോപിക്കുന്നു.

ALSO READ: കുന്ദമംഗലത്ത് ആളു മാറി വോട്ട് ചെയ്‌ത സംഭവം: നാല് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

Last Updated :Apr 21, 2024, 1:11 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.