ETV Bharat / state

മാത്യു കുഴൽനാടനെതിരെ സിപിഎം പടയൊരുക്കം: 'ഭൂമി വാങ്ങിയത് കയ്യേറ്റഭൂമിയെന്ന് അറിഞ്ഞുകൊണ്ട്'; സി വി വർഗീസ് - CPM AGAINST MATHEW KUZHALNADAN

author img

By ETV Bharat Kerala Team

Published : May 12, 2024, 5:04 PM IST

മാസപ്പടി അന്വേഷണം ആവശ്യപ്പെട്ടുള്ള മാത്യു കുഴൽനാടൻ്റെ ഹർജി കോടതി തള്ളിയതിന് പിന്നാലെയാണ് ഭൂമികയ്യേറ്റത്തിനെതിരെ സമരവുമായി മുന്നോട്ട് പോകാൻ സിപിഎം ഇടുക്കി ജില്ല നേതൃത്വം തീരുമാനിച്ചത്. കുഴൽനാടന്‍റെ ഭൂമി ഏറ്റെടുത്ത് ഭൂരഹിതർക്ക് വിതരണം ചെയ്യണമെന്നാണ് സിപിഎം ആവശ്യപ്പെടുന്നത്.

CHINNAKKANAL LAND ISSUE  MATHEW KUZHALNADAN LAND ISSUE  മാത്യു കുഴൽനാടനെതിരെ സിപിഎം  ചിന്നക്കനാൽ ഭൂമികയ്യേറ്റം
C V Varghese Against Mathew Kuzhalnadan (Source: ETV Bharat Reporter)

മാത്യു കുഴൽനാടനെതിരെ പടയൊരുക്കവുമായി സിപിഎം (Source: ETV Bharat Reporter)

ഇടുക്കി : മാത്യു കുഴൽനാടൻ്റെ ഭൂമിയിലേക്ക് പ്രതിഷേധം സംഘടിപ്പിക്കാൻ സിപിഎം നീക്കം. മാന്യത ഉണ്ടെങ്കിൽ ഭൂമി വിട്ടു നൽകണമെന്ന് ജില്ല സെക്രട്ടറി സി വി വർഗീസ്. ഭൂപ്രശ്‌നങ്ങൾ സങ്കീർണമാക്കി കോടീശ്വരനായി മാറിയ ആളാണ് മാത്യു കുഴൽനാടനെന്നും അദ്ദേഹത്തിന്‍റെ വരുമാനം സംബന്ധിച്ച് അന്വേഷിക്കണമെന്നും സി വി വർഗീസ് പറഞ്ഞു.

ഭൂമിക്കച്ചവടത്തിൽ മാത്യു കുഴൽനാടൻ അവസാന വാക്കാകാൻ ശ്രമിക്കുന്നുവെന്നും സിപിഎം വിമർശിച്ചു. മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണ വിജയനും എതിരായ കേസിൽ കോടതിയിൽ നിന്നും മാത്യു കുഴൽനാടൻ തിരിച്ചടി ഏറ്റുവാങ്ങിയതിന് തൊട്ടുപിന്നാലെയാണ് അദ്ദേഹത്തിനെതിരെ പടപ്പുറപ്പാടുമായി സിപിഎം ഇടുക്കി ജില്ല നേതൃത്വം രംഗത്തെത്തിയിരിക്കുന്നത്. കുഴൽനാടൻ ഭൂമി വാങ്ങിയത് കയ്യേറ്റ ഭൂമിയാണെന്ന് അറിഞ്ഞുകൊണ്ടുതന്നെയെന്ന് സിപിഎം ജില്ല സെക്രട്ടറി ആവർത്തിച്ചു.

ജില്ലയിലെ ഭൂപ്രശ്‌നങ്ങൾ കോടതിയിൽ എത്തിച്ചത് മാത്യു കുഴൽനാടൻ തന്നെയെന്നും അദ്ദേഹം പറഞ്ഞു. ഇടുക്കിയോട് മാത്യു കുഴൽനാടൻ ചെയ്‌തു വച്ചിരിക്കുന്നത് വലിയ പാതകമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കുഴൽനാടന്‍റെ ഭൂമി ഏറ്റെടുത്ത് ഭൂരഹിതർക്ക് വിതരണം നടത്തണമെന്നതാണ് സിപിഎം നിലപാട്. പാർട്ടി ജില്ല കമ്മിറ്റി കൂടിയാലോചിച്ച് സമരപരിപാടികൾക്ക് രൂപം നൽകുമെന്നും ജില്ല സെക്രട്ടറി സി വി വർഗീസ് പറഞ്ഞു.

Also Read: മാസപ്പടിക്കേസ്‌; വിധി നിരാശജനകവും അപ്രതീക്ഷിതവും, മേൽകോടതിയിൽ അപ്പീൽ പോകുമെന്ന് മാത്യു കുഴൽനാടൻ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.