'സഭ നേതൃത്വത്തിൻ്റെ നിലപാട് ആശങ്കപ്പെടുത്തുന്നു'; ചേരിതിരിവ് ഉണ്ടാക്കി നേട്ടമുണ്ടാക്കാൻ സംഘപരിവാറിന് കഴിയില്ലെന്ന് അൽമായ മുന്നേറ്റം - almaya munnetam against bjp

author img

By ETV Bharat Kerala Team

Published : Apr 19, 2024, 9:46 PM IST

ALMAYA MUNNETAM AGAINST BJP  ALMAYA MUNNETAM  RIJU KANJUKARAN AGAINST BJP
spoke person of almaya munnetam against bjp ()

മെത്രാന്മാർ ഉറപ്പ് നൽകിയാലും കേരളത്തിലെ സഭാവിശ്വാസികൾ തെരെഞ്ഞെടുപ്പിൽ ബിജെപി അനുകൂല നിലപാട് സ്വികരിക്കില്ലന്ന് അൽമായ മുന്നേറ്റം വക്താവ് റിജു കാഞ്ഞൂക്കാരൻ

റിജു കാഞ്ഞൂക്കാരന്‍റെ പ്രതികരണം

എറണാകുളം: കേരളത്തിലെ മുസ്ലിം ന്യൂനപക്ഷങ്ങൾക്കിടയിൽ ചേരിതിരിവ് ഉണ്ടാക്കി നേട്ടമുണ്ടാക്കാൻ സംഘപരിവാറിന് കഴിയില്ലെന്ന് അൽമായ മുന്നേറ്റം വക്താവ് റിജു കാഞ്ഞൂക്കാരൻ. സാമ്പത്തിക ക്രമക്കേട്, ലൈംഗികാരോപണം എന്നിവകളില്‍ ഉൾപ്പെട്ട ചില മെത്രാന്മാരെ ഭയപ്പെടുത്തി കൂടെ നിർത്തി കൃസ്ത്യൻ സമുദായത്തിൻ്റെ പിന്തുണ നേടാൻ സംഘപരിവാർ ശ്രമിക്കുയാണെന്നും റിജു തുറന്നടിച്ചു.

സംഘപരിവാർ അനുകൂല നിലപാട് സ്വീകരിക്കുന്ന സഭാ നേതൃത്വത്തിൻ്റെ നിലപാടാണ് തങ്ങളെ ആശങ്കപ്പെടുത്തുന്നത്. എന്നാൽ കേരളത്തിലെ സഭാവിശ്വാസികൾ വിവരവും വിദ്യാഭ്യാസമുള്ളവരാണ്. അവർ ഉത്തരേന്ത്യയിൽ നടക്കുന്ന കാര്യങ്ങൾ മനസിലാക്കുന്നുണ്ട്. മെത്രാന്മാർ ഉറപ്പ് നൽകിയാലും കേരളത്തിലെ സഭാവിശ്വാസികൾ തെരെഞ്ഞെടുപ്പിൽ ബി ജെ പി അനുകൂല നിലപാട് സ്വികരിക്കില്ലന്നും റിജു കാഞ്ഞൂക്കാരൻ കൊച്ചിയിൽ ഇടിവി ഭാരതി നോട് പറഞ്ഞു.

തെലുങ്കാനയിൽ വൈദികനെക്കൊണ്ട് ജയ് ശ്രീറാം വിളിപ്പിച്ചതിനെതിരെ മെത്രാൻ സമിതികൾ ശക്തമായ നിലപാട് സ്വീകരിക്കണം. സംഘപരിവാരിനെതിരായ നിലപാട് സ്വീകരിക്കുന്നതിൽ നിന്ന് മെത്രന്മാർ പിന്നോട്ട് പോകുന്നത് കേസുകൾ ഭയന്നാണെന്നും റിജു കാഞ്ഞൂക്കാരൻ അഭിപ്രായപ്പെട്ടു. കേരളത്തിലെ വിശ്വാസികൾ സംഘപരിവാർ അജണ്ട തിരിച്ചറിഞ്ഞവരാണ്. ചില മെത്രാന്മാരുടെ ബിജെപി അനുകൂല നിലപാട് കത്തോലിക്ക വിശ്വാസികൾ തള്ളി കളയും. മണിപ്പൂർ വിഷയത്തിൽപോലും ശക്തമായ നിലപാട് സ്വീകരിക്കാൻ മെത്രാന്മാർക്ക് ഭയമാണെന്നും അദ്ദേഹം ആരോപിച്ചു.

തെലുങ്കാനയിലെ അദിലാബാദിൽ മദർ തെരേസ സ്‌കൂളിൽ ഹൈന്ദവ തീവ്രവാദികൾ വൈദികനെക്കൊണ്ട് ജയ് ശ്രീറാം വിളിപ്പിച്ച സംഭവത്തെ കുറിച്ച് അവിടെയുള്ള വൈദികരിൽ നിന്ന് നേരിട്ട് തങ്ങൾ വിവരങ്ങൾ തേടിയിരുന്നു. ഈ സംഭവം അങ്ങേയറ്റം ആശങ്കയുളവാക്കുന്നതാണ്. ഉത്തരേന്ത്യയിൽ നിന്ന് പുറപ്പെട്ട ക്രിസ്ത്യാനോ ഫോബിയ കേരളത്തിന് തൊട്ടടുത്ത് തെലുങ്കാന വരെ എത്തിയിരിക്കുന്നു എന്നത് ഭീതിയോടെയും കനത്ത അമർഷത്തോടെയുമാണ് വിശ്വാസികൾ കാണുന്നത്.

സ്‌കൂൾ യൂണിഫോം നിർബന്ധമായ സ്‌കൂളിൽ ഹനുമാൻ ദീക്ഷയോടനുബന്ധിച്ച് കാവി വസ്ത്രം ധരിച്ച് സ്‌കൂളിൽ വരുന്നതിന് മാതാപിതാക്കളുടെ അപേക്ഷ വേണമെന്ന് പറഞ്ഞതിനെ വർഗ്ലീയ വൽക്കരിച്ചാണ് തെലുങ്കാനയിൽ അതിക്രമം നടത്തിയത്. സ്‌കൂളിന് മുന്നിൽ സംഘടിച്ചെത്തി ജയ് ശ്രീറാം വിളിക്കുകയും, സ്‌കൂൾ മാനേജരായ വൈദികനെ കയ്യേറ്റം ചെയ്യുകയും, കാവി ഷാൾ അണിയിച്ച് ജയ് ശീറാം വിളിപ്പിക്കുകയുമാണ് ചെയ്‌തത്. തുടർന്ന് വൈദികനെ സ്‌കൂൾ ടെറസിന് മുകളിൽ കയറ്റി നിർത്തി മാപ്പു പറയിക്കുകയും ജയ് ശ്രീറാം വിളിപ്പിക്കുകയും ചെയ്‌തു.

സ്‌കൂളിൽ ജോലി ചെയ്യാനെത്തിയ കന്യാസ്ത്രീകളെ കന്യാസ്ത്രീ വേഷത്തിൽ സ്‌കൂളിൽ കയറ്റില്ല എന്ന് നിർബന്ധം പിടിച്ചതിനെ തുടർന്ന് അവർ തിരിച്ചു പോകേണ്ടി വന്നു. ക്രിസ്ത്യാനികൾക്കെതിരെ രാജ്യത്ത് വ്യാപകമായ അക്രമം നടക്കുന്നതിൻ്റെ തുടർച്ചയാണ് ഇത്. കെസിബിസിയും സിബിസിഐയും ഈ വിഷയത്തിൽ അടിയന്തിരമായ ഇടപ്പെടണമെന്ന് അൽമായ മുന്നേറ്റം ആവശ്യപ്പെട്ടു.

സ്‌ലിം സമുദായത്തെ ശത്രുപക്ഷത്ത് നിർത്തുന്ന കേരള സ്‌റ്റോറി സിനിമ പ്രദർശിപ്പിച്ച് ബിജെപി അനുകൂല സാഹചര്യമുണ്ടാക്കാൻ ശ്രമിക്കുന്നു. ഇതിലൊന്നും കേരളത്തിലെ കത്തോലിക്കാ വിശ്വാസികൾ വീഴില്ല. എന്താണ് ഉത്തരേന്ത്യയിൽ നടക്കുന്നതെന്ന് അവർക്കറിയാമെന്നും റിജു കാഞ്ഞൂക്കാരൻ പറഞ്ഞു.
തെലുങ്കാന വിഷയത്തിൽ രാഷ്ട്രീയ പാർട്ടികൾ ഈ വിഷയത്തിൽ പുലർത്തുന്ന നിസംഗത ഇന്ത്യൻ ജനാധിപത്യത്തിനും മതേതരത്വത്തിനും ആപത്താണെന്നും അൽമായ മുന്നേറ്റം വ്യക്തമാക്കി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.