ETV Bharat / sports

സഞ്ജുവും 'ക്ലീൻ ബൗള്‍ഡ്'; ലോകകപ്പ് സ്ക്വാഡില്‍ ഇടം പിടിച്ചവര്‍ക്ക് ഇത് 'കഷ്‌ടകാലം' - Sanju Samson Bowled Against Bhuvi

author img

By ETV Bharat Kerala Team

Published : May 3, 2024, 9:05 AM IST

സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തില്‍ നേരിട്ട മൂന്നാം പന്തിലാണ് സഞ്ജു സാംസണ്‍ പുറത്തായത്. രാജസ്ഥാൻ റോയല്‍സ് ഇന്നിങ്‌സിലെ ആദ്യ ഓവറില്‍ ഭുവനേശ്വര്‍ കുമാര്‍ ആയിരുന്നു സഞ്ജുവിനെ ക്ലീൻ ബൗള്‍ഡാക്കിയത്.

BHUVNESHWAR KUMAR  SRH VS RR  IPL 2024  സഞ്ജു സാംസണ്‍ വിക്കറ്റ്
SANJU SAMSON BOWLED AGAINST BHUVI (Sanju Samson (IANS))

ഹൈദരാബാദ് : വരാനിരിക്കുന്ന ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമില്‍ ഇടം പിടിച്ചതിന് പിന്നാലെ ഐപിഎല്ലില്‍ കളിക്കാനിറങ്ങിയ ആദ്യ മത്സരത്തില്‍ നിരാശപ്പെടുത്തി രാജസ്ഥാൻ റോയല്‍സ് ക്യാപ്‌റ്റൻ സഞ്ജു സാംസണ്‍. ഉപ്പലിലെ രാജീവ് ഗാന്ധി അന്താരാഷ്‌ട്ര സ്റ്റേഡിയത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തില്‍ രാജസ്ഥാനായി മൂന്നാം നമ്പറില്‍ ക്രീസിലെത്തിയ സഞ്ജു റണ്‍സ് ഒന്നും എടുക്കാതെയാണ് പുറത്തായത്. ഭുവനേശ്വര്‍ കുമാറിന്‍റെ തകര്‍പ്പൻ ഇൻസ്വിങ് ഡെലിവറിയ്‌ക്ക് മുന്നില്‍ മറുപടി നല്‍കാൻ ആകാതെ ക്ലീൻ ബൗള്‍ഡായാണ് സഞ്ജു മടങ്ങിയത്.

മത്സരത്തില്‍ 202 റണ്‍സ് പിന്തുടര്‍ന്നിറങ്ങിയ രാജസ്ഥാൻ റോയല്‍സിന് മത്സരത്തിന്‍റെ ആദ്യ ഓവറില്‍ തന്നെ ഓപ്പണര്‍ ജോസ് ബട്‌ലറെ നഷ്‌ടമായിരുന്നു. നേരിട്ട ആദ്യ പന്തിലായിരുന്നു ബട്‌ലറുടെ പുറത്താകല്‍. ഇതോടെയാണ് മൂന്നാമനായി സഞ്ജു സാംസണ്‍ ക്രീസിലേക്ക് എത്തിയത്.

മത്സരത്തില്‍ മൂന്ന് പന്ത് മാത്രമായിരുന്നു സഞ്ജുവിന്‍റെ ആയുസ്. ഭുവനേശ്വര്‍ കുമാറിന്‍റെ ആദ്യ ഓവറില്‍ നേരിട്ട ആദ്യത്തെ രണ്ട് പന്തിലും സഞ്ജുവിന് റണ്‍സ് നേടാൻ സാധിച്ചിരുന്നില്ല. ഇതിന് പിന്നാലെയായിരുന്നു റോയല്‍സ് ക്യാപ്റ്റന്‍റെ മിഡില്‍ സ്റ്റമ്പ് തെറിപ്പിച്ച തകര്‍പ്പൻ ബോള്‍ ഭുവി എറിഞ്ഞത്. ഐപിഎല്‍ പതിനേഴാം പതിപ്പില്‍ സഞ്ജു സാംസണിന്‍റെ ആദ്യ ഡക്കാണിത്.

അതേസമയം, ടി20 ലോകകപ്പ് സ്ക്വാഡ് പ്രഖ്യാപനത്തിന് ശേഷം ടീമില്‍ ഉള്‍പ്പെട്ട മിക്കവരുടെയും പ്രകടനം ആരാധകരെ നിരാശപ്പെടുത്തുന്നതാണ്. ലോകകപ്പ് ടീം പ്രഖ്യാപനം കഴിഞ്ഞ് മണിക്കൂറുകള്‍ക്ക് ശേഷം നടന്ന മത്സരങ്ങളില്‍ ഇന്ത്യൻ ക്യാപ്‌റ്റൻ രോഹിത് ശര്‍മ, വൈസ് ക്യാപ്‌റ്റൻ ഹാര്‍ദിക് പാണ്ഡ്യ, സ്റ്റാര്‍ ബാറ്റര്‍ സൂര്യകുമാര്‍ യാദവ് എന്നിവരെല്ലാം നിരാശപ്പെടുത്തിയിരുന്നു.

ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിനെതിരായ മത്സരത്തില്‍ നാല് റണ്‍സ് ആയിരുന്നു മുംബൈ ഇന്ത്യൻസിന്‍റെ രോഹിത് ശര്‍മയ്‌ക്ക് നേടാൻ സാധിച്ചത്. സൂര്യകുമാര്‍ യാദവ് ആറ് പന്തില്‍ 10 റണ്‍സ് നേടിയായിരുന്നു പുറത്തായത്. ഹാര്‍ദിക് പാണ്ഡ്യ ഗോള്‍ഡൻ ഡക്ക് ആകുകയായിരുന്നു.

ഇതിന് പിന്നാലെ ചെന്നൈ പഞ്ചാബ് മത്സരത്തിലും ഇന്ത്യയുടെ ലോകകപ്പ് സ്ക്വാഡിലെ അംഗങ്ങള്‍ നിരാശപ്പെടുത്തി. മത്സരത്തില്‍ ഗോള്‍ഡൻ ഡക്ക് ആയിരുന്നു ചെന്നൈയുടെ വെടിക്കെട്ട് ബാറ്റര്‍ ശിവം ദുബെ. ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ ബാറ്റിങ്ങിനിറങ്ങി നാല് റണ്‍സ് മാത്രം അടിച്ചപ്പോള്‍ ബൗളിങ്ങില്‍ മൂന്ന് ഓവര്‍ പന്ത് എറിഞ്ഞ് വിക്കറ്റ് ഒന്നും നേടാതെ 22 റണ്‍സും വഴങ്ങിയിരുന്നു.

Also Read : ബാറ്റിങ് മാത്രമല്ല, ബൗളിങ്ങിലുമുണ്ട് പിടി; രാജസ്ഥാൻ റോയല്‍സിനെ പൂട്ടി സണ്‍റൈസേഴ്‌സ് ഹൈദരാബാദ് - SRH Vs RR Result

ഇതേ മത്സരത്തില്‍ ലോകകപ്പ് സ്ക്വാഡില്‍ ഇന്ത്യയുടെ മൂന്നാം പേസറായ അര്‍ഷ്‌ദീപ് സിങ് നാല് ഓവറില്‍ 52 റണ്‍സായിരുന്നു വഴങ്ങിയത്. ഇതിന് പിന്നാലെയാണ് രാജസ്ഥാൻ റോയല്‍സിലുള്ള ഇന്ത്യൻ ലോകപ്പിലെ സ്ക്വാഡിലെ താരങ്ങളും നിറം മങ്ങിയ പ്രകടനം കാഴ്‌ചവച്ചത്. മത്സരത്തില്‍ സ്‌പിന്നര്‍ യുസ്‌വേന്ദ്ര ചാഹല്‍ നാല് ഓവറില്‍ 62 റണ്‍സാണ് വിട്ടുകൊടുത്തത്. അര്‍ധസെഞ്ച്വറി നേടിയ യശസ്വി ജയ്‌സ്വാളിന്‍റെ പ്രകടനം മാത്രമായിരുന്നു ആരാധകര്‍ക്ക് ആശ്വാസമായത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.