ETV Bharat / sports

ഈഡനിലും രക്ഷയില്ല, തോറ്റ് മടങ്ങി മുംബൈ; ജയത്തോടെ പ്ലേ ഓഫിലേക്ക് മാര്‍ച്ച് ചെയ്‌ത് നൈറ്റ് റൈഡേഴ്‌സ് - KKR vs MI Match Result

author img

By ETV Bharat Kerala Team

Published : May 12, 2024, 7:26 AM IST

ഐപിഎല്ലില്‍ മുംബൈ ഇന്ത്യൻസിനെതിരായ ജയത്തോടെ പ്ലേ ഓഫിന് യോഗ്യത നേടി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്.

KOLKATA KNIGHT RIDERS  IPL 2024  MUMBAI INDIANS  IPL PLAY OFF
KKR VS MI (IANS)

കൊല്‍ക്കത്ത: ഐപിഎല്‍ പതിനേഴാം പതിപ്പില്‍ പ്ലേ ഓഫ് ഉറപ്പിക്കുന്ന ആദ്യ ടീമായി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. ഈഡൻ ഗാര്‍ഡൻസില്‍ മുംബൈ ഇന്ത്യൻസിനെ 18 റണ്‍സിന് തോല്‍പ്പിച്ചാണ് കെകെആര്‍ മുന്നേറ്റം. മഴയെ തുടര്‍ന്ന് 16 ഓവറാക്കി വെട്ടിച്ചുരുക്കിയ മത്സരത്തില്‍ കൊല്‍ക്കത്ത ഉയര്‍ത്തിയ 158 റണ്‍സ് പിന്തുടര്‍ന്ന മുംബൈയ്‌ക്ക് എട്ട് വിക്കറ്റ് നഷ്‌ടത്തില്‍ 139 റണ്‍സ് നേടാനെ സാധിച്ചുള്ളു.

158 റണ്‍സ് വിജയലക്ഷ്യത്തിലേക്കുള്ള മുംബൈയുടെ തുടക്കം ഭേദപ്പെട്ടതായിരുന്നു. ഒന്നാം വിക്കറ്റില്‍ രോഹിത് ശര്‍മ - ഇഷാൻ കിഷൻ ജോഡികള്‍ 6.5 ഓവറില്‍ 65 റണ്‍സ് അടിച്ചെടുത്തു. 22 പന്തില്‍ 40 റണ്‍സ് നേടിയ ഇഷാൻ കിഷനെ പുറത്താക്കി സുനില്‍ നരെയ്‌നാണ് കെകെആറിന് ആദ്യ ബ്രേക്ക് ത്രൂ സമ്മാനിച്ചത്.

തൊട്ടടുത്ത ഓവറില്‍ രോഹിത് ശര്‍മയും പുറത്തായി. 24 പന്തില്‍ 19 റണ്‍സായിരുന്നു രോഹിതിന്‍റെ സമ്പാദ്യം. വരുണ്‍ ചക്രവര്‍ത്തിയാണ് മുംബൈ ഓപ്പണറുടെ വിക്കറ്റ് നേടിയത്.

പിന്നാലെയെത്തിയ സൂര്യകുമാര്‍ യാദവിനെ (14 പന്തില്‍ 11) ആന്ദ്രേ റസല്‍ വീഴ്‌ത്തിയതോടെ 10.5 ഓവറില്‍ 87-3 എന്ന നിലയിലേക്ക് മുംബൈ വീണു. അവസാന അഞ്ച് ഓവറില്‍ 70 റണ്‍സായിരുന്നു മുംബൈയ്‌ക്ക് ജയിക്കാൻ വേണ്ടിയിരുന്നത്. എന്നാല്‍, തുടരെ വിക്കറ്റുകള്‍ വീഴ്‌ത്തി കൊല്‍ക്കത്ത മുംബൈയെ പ്രതിരോധത്തിലാക്കി.

12-ാം ഓവറില്‍ ഹാര്‍ദികിനെ (2) വരുണ്‍ ചക്രവര്‍ത്തിയാണ് പുറത്താക്കിയത്. അടുത്ത ഓവറില്‍ റസല്‍ ടിം ഡേവിഡിനെയും (0) മടക്കി. നേഹല്‍ വധേര (3) റണ്‍ഔട്ടായി മടങ്ങുമ്പോള്‍ 14 ഓവറില്‍ 117-6 എന്ന നിലയിലായിരുന്നു മുംബൈ.

തിലക് വര്‍മയും (17 പന്തില്‍ 32) നമാൻ ധിറും (6 പന്തില്‍ 17) ചേര്‍ന്ന് തകര്‍ത്തടിക്കാൻ ശ്രമിച്ചെങ്കിലും അവസാന ഓവറില്‍ ഇരുവരെയും വീഴ്‌ത്തി ഹര്‍ഷിത് റാണ കൊല്‍ക്കത്തയുടെ ജയം ഉറപ്പിക്കുക്കയായിരുന്നു. മത്സരം അവസാനിക്കുമ്പോള്‍ മുംബൈയുടെ അൻഷുല്‍ കാംബോജും (2) പിയൂഷ് ചൗളയുമായിരുന്നു (1) ക്രീസില്‍.

മഴയെ തുടര്‍ന്ന് വൈകിയാരംഭിച്ച മത്സരത്തില്‍ ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്‌ത കൊല്‍ക്കത്ത 7 വിക്കറ്റ് നഷ്‌ടത്തിലാണ് 157 റണ്‍സ് നേടിയത്. വെങ്കടേഷ് അയ്യര്‍ (21 പന്തില്‍ 41), നിതീഷ് റാണ (23 പന്തില്‍ 33) എന്നിവരുടെ പ്രകടനങ്ങളാണ് കൊല്‍ക്കത്തയ്‌ക്ക് പൊരുതാവുന്ന സ്കോര്‍ സമ്മാനിച്ചത. മുംബൈയ്‌ക്ക് വേണ്ടി ബുംറയും ചൗളയും രണ്ട് വിക്കറ്റ് വീതം നേടി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.