ETV Bharat / sports

രോഹിത് ഇനി മുംബൈക്കൊപ്പമുണ്ടാവുമോ?; മറുപടിയുമായി പരിശീലകന്‍ മാര്‍ക്ക് ബൗച്ചര്‍ - Mark Boucher on Rohit Sharma

author img

By ETV Bharat Kerala Team

Published : May 18, 2024, 4:25 PM IST

ഐപിഎല്‍ 17-ാം സീസണിന്‍റെ തുടക്കത്തില്‍ രോഹിത്തിന് മികച്ച പ്രകടനം പുറത്തെടുക്കാന്‍ കഴിഞ്ഞുവെന്ന് മുംബൈ ഇന്ത്യന്‍സ് പരിശീലകന്‍ മാര്‍ക്ക് ബൗച്ചര്‍.

MI VS LSG  IPL 2024  രോഹിത് ശര്‍മ  മുംബൈ ഇന്ത്യന്‍സ്
MARK BOUCHER ROHIT SHARMA (IANS)

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്‍റെ 17-ാം സീസണില്‍ പോയിന്‍റ് ടേബിളിന്‍റെ അവസാന സ്ഥാനത്താണ് മുംബൈ ഇന്ത്യന്‍സിന് ഫിനിഷ് ചെയ്യാന്‍ കഴിഞ്ഞത്. കടലാസിലെ കണക്കില്‍ കരുത്തരാണെങ്കിലും സീസണിലെ 14 മത്സരങ്ങളില്‍ പത്ത് എണ്ണത്തിലും ടീം തോല്‍വി വഴങ്ങി. മുംബൈ ഇന്ത്യന്‍സിനൊപ്പം മുന്‍ നായകന്‍ രോഹിത് ശര്‍മ ഉണ്ടാവുമോയെന്നാണ് ആരാധകര്‍ ഇനി ഉറ്റുനോക്കുന്നത്.

ഇപ്പോഴിതാ വിഷയത്തില്‍ പ്രതികരിച്ചിരിക്കുകയാണ് മുംബൈ ഇന്ത്യന്‍സിന്‍റെ പരിശീലകന്‍ മാര്‍ക്ക് ബൗച്ചര്‍. ഇന്നലെ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിനെതിരായ മത്സരത്തിന് ശേഷമുള്ള വാര്‍ത്ത സമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനാണ് മുംബൈ പരിശീലകന്‍ മറുപടി നല്‍കിയത്. രോഹിത്തിന്‍റെ ഭാവി തീരുമാനിക്കുന്നത് അദ്ദേഹം തന്നെയാണെന്നാണ് ബൗച്ചര്‍ പറയുന്നത്.

"എന്നെ സംബന്ധിച്ചിടത്തോളം, രോഹിത് ശര്‍മയുടെ ഭാവി തീരുമാനിക്കുന്നത് അദ്ദേഹം തന്നെയാണ്. അടുത്ത വര്‍ഷം നടക്കാനിരിക്കുന്നത് മെഗാ താരലേലമാണ്. എന്താണ് സംഭവിക്കുന്നതെന്ന് ആര്‍ക്കറിയാം"- ബൗച്ചര്‍ പറഞ്ഞു.

ഐപിഎല്‍ 17-ാം സീസണില്‍ രോഹിത് ശര്‍മയുടെ പ്രകടനത്തെക്കുറിച്ചും ബൗച്ചര്‍ സംസാരിച്ചു. സീസണില്‍ താരത്തിന്‍റെ പ്രകടനത്തെ രണ്ടായി ഭാഗിക്കാം. മികച്ച തുടക്കമായിരുന്നു ലഭിച്ചത്.

ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ അദ്ദേഹം സെഞ്ചുറി നേടി. സത്യസന്ധമായി പറഞ്ഞാല്‍ തുടര്‍ന്നും ഇത്തരം പ്രകടനങ്ങളായിരുന്നു ഞങ്ങള്‍ പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ പിന്നീട് ആ മികവ് പുലര്‍ത്താന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല.

ഇത് ടി20 ക്രിക്കറ്റിന്‍റെ സ്വഭാവമാണ്. തുടക്കം മുതല്‍ ആക്രമിച്ച് കളിക്കാനായിരുന്നു അദ്ദേഹം ശ്രമിച്ചത്. നിർഭാഗ്യവശാൽ വലിയ സ്‌കോറുകള്‍ നേടാന്‍ കഴിഞ്ഞില്ല. അതു ടീമിനും ഗുണകരമായിരുന്നില്ല. എന്നാല്‍ ഇന്നലെ ലഖ്‌നൗവിനെതിരെ മികച്ച പ്രകടനം നടത്തിയാണ് അദ്ദേഹം സീസണ്‍ അവസാനിപ്പിച്ചത്.

കഴിഞ്ഞ ദിവസം രാത്രിയില്‍ രോഹിത്തുമായി സംസാരിച്ചിരുന്നു. ഈ സീസണിലെ പ്രകടനം ഞങ്ങള്‍ അവലോകനം ചെയ്തു. ഇനി എന്താണ് അടുത്തതെന്ന് ഞാന്‍ അദ്ദേഹത്തോട് ചോദിച്ചിരുന്നു.

ALSO READ: ഹാര്‍ദിക്കിനെ വിലക്കി ബിസിസിഐ, ഒപ്പം കനത്ത പിഴയും; കാരണമിതാണ്...... - Hardik Pandya Fined

ടി20 ലോകകപ്പ് എന്നാണ് രോഹിത് മറുപടി നല്‍കിയതെന്നും ബൗച്ചര്‍ കൂട്ടിച്ചേര്‍ത്തു. ഇടയ്‌ക്ക് നിറം മങ്ങിയെങ്കിലും ലഖ്‌നൗവിനെതിരെ അര്‍ധ സെഞ്ചുറി നേടിയതോടെ സീസണില്‍ മുംബൈ ഇന്ത്യന്‍സിന്‍റെ ടോപ് സ്‌കോററാവാന്‍ രോഹിത്തിന് കഴിഞ്ഞിരുന്നു. ലഖ്‌നൗവിനെതിരെ 38 പന്തില്‍ 10 ബൗണ്ടറികളും മൂന്ന് സിക്‌സറും സഹിതം 68 റണ്‍സായിരുന്നു രോഹിത് അടിച്ചത്. ഇതോടെ സീസണിലെ 14 മത്സരങ്ങളില്‍ നിന്നും 150 പ്രഹര ശേഷിയില്‍ 417 റണ്‍സാണ് രോഹിത്തിന്‍റെ സമ്പാദ്യം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.