ETV Bharat / health

അപകടകാരിയായ മസ്‌തിഷ്‌ക മുഴയേയും കീഴടക്കാം ; പുതിയ കണ്ടെത്തലുമായി അമേരിക്കന്‍ ഗവേഷകര്‍

author img

By ETV Bharat Kerala Team

Published : Mar 14, 2024, 3:35 PM IST

അതി സങ്കീര്‍ണമായ ക്യാന്‍സര്‍ വിഭാഗമാണ് മസ്‌തിഷ്‌ക മുഴ അഥവ ഗ്ലിയോബ്ലാസ്റ്റോമ. രോഗം വന്നാല്‍ മരണം സുനിശ്ചിതമായിരുന്നു. 12 മുതല്‍ 18 മാസം വരെ മാത്രമേ ഗ്ലിയോബ്ലാസ്റ്റോമ രോഗിക്ക് സാധാരണ ജീവിതം നയിക്കാനാകുമായിരുന്നുള്ളൂ.

brain cancer  Brain Tumor glioblastoma treatment  Brain Tumor treatment  CAR T therapy
brain-tumor-glioblastoma-treatment

വാഷിങ്‌ടണ്‍ : ക്യാന്‍സര്‍ എന്ന് കേള്‍ക്കുമ്പോള്‍ തന്നെ ഭയം എല്ലാവരെയും കീഴ്‌പ്പെടുത്തും. എന്നാല്‍ അര്‍ബുദം വന്നാല്‍ മരണം സുനിശ്ചിതമെന്ന് കരുതി ജീവിച്ചിരുന്ന കാലമൊക്കെ പോയി. ദിനംപ്രതി വളര്‍ന്നുകൊണ്ടിരിക്കുന്ന ആരോഗ്യ രംഗവും സാങ്കേതിക വിദ്യയുമൊക്കെ ക്യാന്‍സര്‍ പോലുള്ള പല മാരക രോഗങ്ങളെയും ചെറുക്കാനും പൂര്‍ണമായി ഭേദമാക്കാനുമുള്ള പല മാര്‍ഗങ്ങളും മരുന്നുകളും പ്രദാനം ചെയ്യുന്നുണ്ട്.

ഏറ്റവും ഒടുവിലായി പുറത്തുവരുന്നത്, ആക്രമണകാരിയായ ബ്രെയിന്‍ ട്യൂമറിനെ ചെറുക്കാനുള്ള പുതിയൊരു മാര്‍ഗം കണ്ടുപിടിക്കപ്പെട്ടു എന്ന വാര്‍ത്തയാണ്. മസാച്യുസെറ്റ്‌സ് ജനറല്‍ ആശുപത്രിയിലെയും പെന്‍സില്‍വാനിയ സര്‍വകലാശാലയിലെയും വിദഗ്‌ധരുടെ സംഘമാണ് തലച്ചോറിലെ ക്യാന്‍സറിനുള്ള മരുന്ന് കണ്ടുപിടിച്ചിരിക്കുന്നത്.

രോഗികളില്‍ നിന്നുള്ള പ്രതിരോധ കോശങ്ങള്‍ ശേഖരിച്ച് അവയെ തലച്ചോറിലെ അര്‍ബുദത്തെ (ഗ്ലിയോബ്ലോസ്റ്റോമ) തിരിച്ചറിയാനും പ്രതിരോധിക്കാനും ശേഷിയുള്ള കോശങ്ങളാക്കി മാറ്റുകയായിരുന്നു (Brain Tumor glioblastoma treatment). ആദ്യഘട്ട പരിശോധനയില്‍ അത്തരം കോശങ്ങള്‍ അര്‍ബുദത്തെ താത്‌കാലികമായി ചുരുക്കി കളഞ്ഞതായി കണ്ടെത്തി (Study on Brain Tumor glioblastoma treatment an CAR-T therapy).

രക്താര്‍ബുദത്തിലും മറ്റും ഉപയോഗിക്കുന്ന CAR-T തെറാപ്പിയുടെ വികസിത രൂപമാണ് ഇത്. മുഴ പോലുള്ള ക്യാന്‍സറുകള്‍ക്ക് ഈ തെറാപ്പി അത്ര ഫലപ്രദമായിരുന്നില്ല. എന്നാല്‍ CAR-T തെറാപ്പിയുടെ പുതിയ പതിപ്പ് മുഴകളുടെ ചികിത്സയ്‌ക്ക് ഫലപ്രദമാണെന്ന് കണ്ടെത്തിയിരിക്കുകയാണ്. പരീക്ഷണങ്ങളുടെ തുടക്ക കാലത്ത് പ്രതീക്ഷയൊന്നും തങ്ങള്‍ക്ക് ഉണ്ടായിരുന്നില്ല എന്നും എന്നാല്‍ ഇപ്പോള്‍ തങ്ങള്‍ക്ക് ശുഭാപ്‌തി വിശ്വാസം ഉണ്ടെന്നും പഠനത്തിന് നേതൃത്വം നല്‍കിയ ഡോ. സ്റ്റീഫന്‍ ബാഗ്ലി പ്രതികരിച്ചു.

അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡന്‍റെ മകന്‍ ബ്യൂ ബൈഡന്‍റെയും ദീര്‍ഘകാലം അരിസോണ സെനറ്റര്‍ ആയിരുന്ന ജോണ്‍ മക്കെയ്‌ന്‍റെയും ജീവന്‍ നഷ്‌ടപ്പെടുത്തിയ ഗ്ലിയോബ്ലാസ്റ്റോമ എന്ന മസ്‌തിക മുഴ അതിവേഗം വളരുന്നതും ചികിത്സിച്ച് ഭേദമാക്കാന്‍ ബുദ്ധിമുട്ടുള്ളതുമാണ്. രോഗ നിര്‍ണയത്തിന് ശേഷം 12 മുതല്‍ 18 മാസം വരെയാണ് സാധാരണ രോഗി ജീവിച്ചിരിക്കുക. പതിറ്റാണ്ടുകള്‍ ഗവേഷണം നടത്തിയിട്ടും ശസ്‌ത്രക്രിയയും റേഡിയേഷനുമല്ലാതെ മറ്റ് മാര്‍ഗങ്ങളൊന്നും കണ്ടെത്തിയിരുന്നില്ല.

പ്രതിരോധ വ്യവസ്ഥയുടെ ടി കോശങ്ങള്‍ രോഗത്തോട് പൊരുതുമെങ്കിലും ക്യാന്‍സറിന്‍റെ കാര്യം വരുമ്പോള്‍ ഈ കോശങ്ങളുടെ ശക്തി ക്ഷയിക്കും. എന്നാല്‍ CAR-T തെറാപ്പി വഴി ഡോക്‌ടര്‍മാര്‍ക്ക് രോഗിയുടെ ടി കോശങ്ങള്‍ ജനിതകമായി പരിഷ്‌കരിക്കാനാകും. ജനിതക മാറ്റം സംഭവിച്ച ഈ കോശങ്ങള്‍ക്ക് ക്യാന്‍സര്‍ കോശങ്ങളെ കണ്ടെത്തി നശിപ്പിക്കാനും സാധിക്കും. എന്നാല്‍ ഗ്ലിയോബ്ലാസ്റ്റോമ പോലുള്ള മാരക ട്യൂമറുകളുടെ കാര്യത്തില്‍ മറ്റ് ക്യാന്‍സറുകളെ അപേക്ഷിച്ച് ടി കോശങ്ങള്‍ക്ക് പരിമിതി ഉണ്ട്. വ്യത്യസ്‌ത ക്യാന്‍സര്‍ കോശങ്ങള്‍ അടങ്ങുന്ന ഒരു സങ്കീര്‍ണത ഗ്ലിയോബ്ലോസ്റ്റോമയ്‌ക്കുണ്ട് എന്നതാണ് കാരണം.

മസാച്യുസെറ്റ്‌സ് ആശുപത്രിയിലെയും പെന്‍സില്‍വാനിയ സര്‍വകലാശാലയിലെയും ഗവേഷകര്‍, ചികിത്സയ്‌ക്ക് ശേഷം ട്യൂമര്‍ വീണ്ടും എത്തിയ രോഗികളിലാണ് പരീക്ഷണം നടത്തിയത്. മസാച്യുസെറ്റ്‌സ് ആശുപത്രിയിലെ ഡോക്‌ടര്‍ മാര്‍ക്കേല മോസിന്‍റെ ലാബില്‍ നടത്തിയ പരീക്ഷണത്തില്‍, CAR-T തെറാപ്പിയിലൂടെ രോഗിയുടെ ടി കോശങ്ങള്‍ എടുത്ത് അവ മറ്റ് തന്മാത്രകളുമായി സംയോജിപ്പിച്ച് സാധാരണ ടി കോശങ്ങളെ ക്യാന്‍സറിനെ പ്രതിരോധിക്കാന്‍ പ്രാപ്‌തമാക്കി.

അതേസമയം പെന്‍സില്‍വാനിയ സര്‍വകലാശാല സംഘം നടത്തിയ പരീക്ഷണം പല ഗ്ലിയോബ്ലോസ്റ്റോമകളിലും കാണപ്പെടുന്ന EGFR പ്രോട്ടീന്‍ മുന്‍ നിര്‍ത്തിയായിരുന്നു. ഇരു സംഘങ്ങളും രോഗികളുടെ തലച്ചോറിലെ ഫ്ലൂയിഡിലേക്ക് കത്തീറ്റര്‍ കടത്തി ചികിത്സ നല്‍കി. മസാച്യുസെറ്റ്‌സ് ആശുപത്രി സംഘം ഗവേഷണം നടത്തിയ രോഗികളില്‍ തലച്ചോറിലെ മുഴകള്‍ അതിവേഗം ചുരുങ്ങുന്നതായി കണ്ടെത്തി. ന്യൂ ഇംഗ്ലണ്ട് ജേണല്‍ ഓഫ് മെഡിസിനില്‍ ഇത് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

പെന്‍സില്‍വാനിയ സര്‍വകലാശാല സംഘം നടത്തിയ പരീക്ഷണത്തിലും രോഗികളില്‍ മുഴ ചുരുങ്ങുന്നതായി കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ചിലരില്‍ വളരെ വേഗത്തില്‍ മാറ്റം കണ്ടപ്പോള്‍ മറ്റുചിലരില്‍ വൈകിയാണ് മാറ്റം പ്രകടമായത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.