ETV Bharat / entertainment

'മരപ്പട്ടി സീൻ ഒഴിവാക്കിയാലോ എന്നായി ഞാൻ, പക്ഷേ ദിലീപേട്ടനായിരുന്നു ശരി'; മിഥുൻ മുകുന്ദൻ മനസുതുറക്കുന്നു - Music director Midhun Mukundan

author img

By ETV Bharat Kerala Team

Published : Apr 30, 2024, 7:46 PM IST

DILEEP STARRER PAVI CARETAKER  PAVI CARETAKER REVIEW  ദിലീപ് പവി കെയർടേക്കർ സിനിമ  MIDHUN MUKUNDAN SONGS
Midhun Mukundan

'മെലഡി ഗാനങ്ങൾ തന്നെ വേണമെന്നാണ് സംവിധായകൻ ആവശ്യപ്പെട്ടത്. പ്രതീക്ഷിച്ചത് പോലെ പാട്ടുകളെല്ലാം പ്രേക്ഷകർ ഏറ്റെടുത്തു', ഇടിവി ഭാരതിനോട് മനസുതുറന്ന് 'പവി കെയർടേക്കർ' സിനിമയുടെ സംഗീത സംവിധായകൻ മിഥുൻ മുകുന്ദൻ

സംഗീത സംവിധായകൻ മിഥുൻ മുകുന്ദൻ ഇടിവി ഭാരതിനോട്

ടനും സംവിധായകനുമായ വിനീത് കുമാറിന്‍റെ സംവിധാനത്തിൽ ദിലീപ് പ്രധാന വേഷത്തിൽ എത്തിയ ചിത്രമാണ് 'പവി കെയർടേക്കർ'. അടുത്തിടെയാണ് ഈ ചിത്രം തിയേറ്ററുകളിൽ എത്തിയത്. സിനിമപോലെ അതിലെ ഗാനങ്ങളും പ്രേക്ഷകർ ഏറ്റെടുത്തിരിക്കുകയാണ്. ചിത്രത്തിലെ 'വെണ്ണിലാ കന്യകേ' എന്ന ഗാനമുൾപ്പടെ ഇന്‍റർനെറ്റ് സെൻസേഷനായി മാറിക്കഴിഞ്ഞു.

മിഥുൻ മുകുന്ദനാണ് ഈ സിനിമയുടെ സംഗീത സംവിധാനം നിർവഹിച്ചത്. തന്‍റെ 'പവി കെയർടേക്കർ' വിശേഷങ്ങൾ ഇടിവി ഭാരതുമായി പങ്കുവയ്‌ക്കുകയാണ് മിഥുൻ മുകുന്ദൻ. 'റോഷാക്ക്', 'ഓസ്‌ലർ', പുറത്തിറങ്ങാൻ ഇരിക്കുന്ന മമ്മൂട്ടി ചിത്രം 'ബസൂക്ക' തുടങ്ങിയ ചിത്രങ്ങളുടെ സംഗീത സംവിധായകൻ കൂടിയാണ് ഇദ്ദേഹം. കന്നഡ സിനിമയിൽ നിന്നും മലയാളത്തിലേക്ക് ചേക്കേറിയ മിഥുൻ ഒരുപിടി നല്ല ചിത്രങ്ങളിലൂടെ, ഗാനങ്ങളിലൂടെ മലയാളി മനസിൽ ഇടം നേടുകയാണ്. 'പവി കെയർടേക്കർ' സിനിമയിലെ ഗാനങ്ങൾ ഹിറ്റായതിന് പിന്നാലെ ഇടിവി ഭാരതിനോട് മനസുതുറക്കുകയാണ് മിഥുൻ മുകുന്ദൻ.

'വെണ്ണിലാ കന്യകേ' എന്ന ഗാനം ഹിറ്റാകുമെന്ന് ആദ്യമേ മനസിൽ തോന്നിയിരുന്നുവെന്ന് മിഥുൻ മുകുന്ദൻ പറഞ്ഞു. സിനിമയുടെ നിർണായക ഘട്ടത്തിൽ ഒരുപക്ഷേ സിനിമയുടെ ഗതിതന്നെ നിർണയിക്കുന്ന തരത്തിലുള്ള ഗാനമാണത്. അതുകൊണ്ടുതന്നെ ഗാനം ചിട്ടപ്പെടുത്തുമ്പോൾ അതിന് അത്രയേറെ പ്രാധാന്യം നൽകിയിരുന്നു. സിനിമയ്‌ക്കായി മെലഡി ഗാനങ്ങൾ തന്നെ വേണമെന്നായിരുന്നു സംവിധായകന്‍റെ നിർദേശം. പ്രേക്ഷകർക്ക് കേട്ടുകേട്ട് ഇഷ്‌ടപ്പെടുന്ന തരത്തിലുള്ള പാട്ടുകൾ. പ്രതീക്ഷിച്ചത് പോലെ തന്നെ പാട്ടുകൾ എല്ലാം ജനങ്ങൾ ഏറ്റെടുത്തെന്നും മിഥുൻ പറഞ്ഞു.

മിഥുന്‍റെ വാക്കുകൾ

സിനിമ റിലീസ് ചെയ്‌തതിന് ശേഷമാണ് 'വെണ്ണിലാ കന്യകേ' യൂട്യൂബിലൂടെ പുറത്തുവിട്ടത്. പാട്ട് ആദ്യം തിയേറ്ററിൽ നിന്ന് പ്രേക്ഷകർ കേട്ട് തുടങ്ങണം എന്നായിരുന്നു ചിന്ത. പാട്ട് തിയേറ്ററിൽ ജനങ്ങൾ ഏറെ ആസ്വദിച്ചാണ് കേട്ടതെന്നാണ് അഭിപ്രായങ്ങൾ. വിനായക് ശശികുമാർ എന്ന ഗാനരചയിതാവിനെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല.

പവി കെയർ ടേക്കറിനായി സംഗീതം ഒരുക്കുമ്പോൾ ഏറ്റവും അധികം ഉപയോഗിച്ച ഇൻസ്‌ട്രുമെന്‍റുകൾ ഫ്ലൂട്ടും സ്‌ട്രിങ്‌സുമാണ്. 'വെണ്ണിലാ കന്യക' എന്ന ഗാനത്തിനുവേണ്ടി സ്‌ട്രിങ്‌സെല്ലാം ലൈവ് റെക്കോർഡ് ചെയ്‌തു. ചിത്രത്തിൽ ഒരു പെൺകുട്ടിയുടെ വിഎഫ്‌എക്‌സ് രംഗമുണ്ട്. അവിടെയും ഈ സ്‌ട്രിങ്‌സിന്‍റെ മാജിക് ആസ്വദിക്കാം.

ലൈവ് സ്‌ട്രിങ്‌സ് പരീക്ഷണം: ഒരു സംഗീത സംവിധായകൻ എന്നുള്ള നിലയിൽ ഞാൻ ആദ്യമാണ് ലൈവ് സ്‌ട്രിങ്‌സ് ഉപയോഗിക്കുന്നത്. എന്നെ സംബന്ധിച്ചിടത്തോളം അതൊരു പരീക്ഷണമായിരുന്നു. സംഗീതത്തിന് വേണ്ടി പരീക്ഷണങ്ങൾ നടത്തുന്നത് ആശയത്തിനും ആവിഷ്‌കാരത്തിനും അനുസരിച്ചായിരിക്കും. വെറുതെ പരീക്ഷണങ്ങൾ ചെയ്യാൻ താത്‌പര്യം ഇല്ല.

സംവിധായകൻ വിനീത് കുമാറിന് സംഗീതത്തോടുള്ള ടേസ്‌റ്റ് കൃത്യമായി മനസിലാക്കാൻ സാധിച്ചു. വളരെ കാമും സോഫ്റ്റുമായിട്ടുമുള്ള വ്യക്തിയാണ് വിനീത്. അദ്ദേഹത്തിന്‍റെ ആ സ്വഭാവം പോലെ തന്നെയാണ് സംഗീതത്തോടുള്ള അഭിരുചിയും. ഒരു ഗാനം ചിട്ടപ്പെടുത്താനിരിക്കുമ്പോൾ അരമണിക്കൂറിനുള്ളിൽ കൃത്യമായി ട്യൂൺ ലഭിക്കുകയാണെങ്കിൽ ആ ഗാനം എന്നെ സംബന്ധിച്ചിടത്തോളം ഹിറ്റാണ്, ജനുവിനുമാണ്.

ഈ ചിത്രത്തിൽ സ്ലാപ്‌സ്‌റ്റിക് കോമഡികൾക്ക് വളരെ പ്രാധാന്യമുണ്ട്. പക്ഷേ ഇത്തരം കോമഡികളുടെ പശ്ചാത്തലത്തിൽ പൊതുവെ ഉപയോഗിക്കാറുള്ള സംഗീത ശകലങ്ങൾ ചെയ്യുവാൻ ആകില്ലെന്ന് ആദ്യമേ സംവിധായകനോട് തുറന്നു പറഞ്ഞിരുന്നു. അതിന്‍റെ ആവശ്യമില്ലെന്ന് സംവിധായകനും ഉറപ്പ് തന്നു. കന്നഡ ചിത്രമായ 'ഗരുഡഗമന ഋഷഭ വാഹന'യിലെ മെലഡി ഗാനം കേട്ടിട്ടാണ് വിനീത് എന്നെ സമീപിക്കുന്നത്. അതേ സ്വഭാവത്തിലുള്ള സംഗീതം ഈ ചിത്രത്തിന് വേണ്ടി ഒരുക്കിയാൽ മതിയെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

ദിലീപ് അത്ഭുതപ്പെടുത്തി: ദിലീപിന്‍റെ റൊമാൻസും ഇമോഷണൽ രംഗങ്ങളും ഈ സിനിമയിൽ എന്നെ വല്ലാതെ അത്ഭുതപ്പെടുത്തി. ദിലീപിന്‍റെ കോമഡി ടൈമിങ്ങിനെ കുറിച്ച് എടുത്തു പറയേണ്ട കാര്യമില്ലല്ലോ. സിനിമയുടെ അണിയറ പ്രവർത്തകരോട് എന്തും തുറന്നു പറയാനുള്ള സ്വാതന്ത്ര്യം ഉണ്ടായിരുന്നു. ചിത്രത്തിൽ ഒരു മരപ്പട്ടി സീൻ ഉണ്ട്. ആ രംഗം എന്നെ സംബന്ധിച്ചിടത്തോളം ഒരു കല്ലുകടിയായിരുന്നു. പക്ഷേ ദിലീപ് ആ രംഗം ഒഴിവാക്കാൻ പാടില്ലെന്ന് ഉറപ്പിച്ച് പറഞ്ഞു. ശരിക്കും ദിലീപ് പറഞ്ഞതായിരുന്നു ശരി. സിനിമ തിയേറ്ററിൽ എത്തിയപ്പോൾ എന്‍റെ സംശയം പാഴായി, ആളുകളെ ഏറ്റവുമധികം രസിപ്പിച്ച സീനീയിരുന്നു അത്. ആ രംഗത്തിൽ ദിലീപിന്‍റെ പ്രകടനം എടുത്തു പറയേണ്ടതായിരുന്നു.

റീ ക്രിയേഷന്‍റെ മാജിക്: 'ഓസ്‌ലറി'ൽ 'പൂമാനമേ' എന്ന ഗാനം റീ ക്രിയേറ്റ് ചെയ്‌തിരുന്നു. 'പവി കെയർടേക്കറി'ൽ 'മോഹം കൊണ്ടു ഞാൻ' എന്ന ആളുകളുടെ എക്കാലത്തെയും പ്രിയപ്പെട്ട ഗാനം ഉപയോഗിച്ചിട്ടുണ്ട്. സംവിധായകൻ ഈ ഗാനത്തെക്കുറിച്ച് പറഞ്ഞിരുന്നു. ഇത്തരം സാഹചര്യങ്ങളിൽ ആദ്യം ഞാൻ ഒരു പ്രേക്ഷകനായാകും ചിന്തിക്കുക.

സംവിധായകന്‍റെ നരേഷൻ കഴിഞ്ഞശേഷം രണ്ടുദിവസത്തോളം 'മോഹം കൊണ്ടു ഞാൻ' മൂളി നടന്നു. ചിത്രത്തിൽ ആ ഗാനം കേൾക്കുമ്പോൾ ദിലീപ് അവതരിപ്പിച്ച പവി എന്ന കഥാപാത്രത്തിന്‍റെ സന്തോഷം തന്നെയാണ് പ്രേക്ഷകരുടെ മുഖത്തും ഉണ്ടാവുക. മലയാളത്തിലെ ഏറ്റവും മികച്ച മെലഡിയാണത്. എന്താ കോമ്പോസിഷൻ!. ആ ഗാനത്തിന്‍റെ സൗന്ദര്യലഹരിയിൽ മുഴുകി ഒരുപാട് ദിവസം ഇരുന്നു എന്ന് പറയുന്നത് അതിശയോക്തിയല്ല.

'മോഹം കൊണ്ടു ഞാൻ' എന്ന പോർഷൻ വന്നശേഷം സിനിമയിലെ ബാഗ്രൗണ്ട് സ്കോറിൽ അതേ ഫീൽ തന്നെ കൊണ്ടുവരാൻ ശ്രമിച്ചിട്ടുണ്ട്. റീ ക്രീയേറ്റ് ചെയ്യുക എന്നതുകൊണ്ട് അർത്ഥമാക്കുന്നത് ഒരു മൂഡ് ക്രിയേറ്റ് ചെയ്‌ത് ലളിതമായി ഒരു പ്രോഗ്രാം അറേഞ്ച്മെന്‍റും നടത്തി എന്നതാണ്. അതിനപ്പുറം ആ ഗാനത്തെ വികലമാക്കാൻ ഒരുതരത്തിലും ശ്രമിച്ചിട്ടില്ല. ഒരിക്കലും ശ്രമിക്കുകയുമില്ല.

Also Read: അൽത്താഫിന് മൈക്ക് അലർജി, അനാർക്കലിയുടെ 'കോമഡി ഗുരു'; കളർഫുളായി 'മന്ദാകിനി' ട്രെയിലർ ലോഞ്ച്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.