ETV Bharat / bharat

ആറ് ജില്ലകളില്‍ പോളിങ് ശതമാനം 'പൂജ്യം'; കിഴക്കൻ നാഗാലാന്‍ഡിലുള്ളവര്‍ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാനുള്ള കാരണമറിയാം - NAGALAND ELECTION BOYCOTT

author img

By ETV Bharat Kerala Team

Published : Apr 20, 2024, 8:48 AM IST

ലോക്‌സഭ തെരഞ്ഞെടുപ്പിന്‍റെ ആദ്യഘട്ടത്തില്‍ ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനമായ നാഗാലാൻഡിൻ്റെ ഒരു ചെറിയ കോണിലുള്ള ആളുകൾ തങ്ങളുടെ വോട്ടവകാശം ഉപയോഗിക്കേണ്ടതില്ലെന്ന് തീരുമാനിച്ചിരുന്നു. എന്താണ് അവർ അങ്ങനെ ഒരു തീരുമാനം എടുക്കാൻ കാരണമെന്ന് അറിയാം.

LOK SABHA POLLS  LOK SABHA ELECTION 2024  ENPO  ELECTION COMMISSION
കിഴക്കൻ നാഗാലാൻഡ് ഈ വർഷത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചു

ന്യൂഡൽഹി: 16,579 ചതുരശ്ര കിലോമീറ്റർ വിസ്‌തീർണമുള്ള ഒരു വടക്കുകിഴക്കൻ ഇന്ത്യൻ സംസ്ഥാനമാണ് നാഗാലാൻഡ്. 16 ജില്ലകളാണ് ഈ സംസ്ഥാനത്തിലുള്ളത്. സംസ്ഥാന അസംബ്ലിയിൽ 60 സീറ്റുകളും.

എന്നിരുന്നാലും, സംസ്ഥാനത്തെ ജനങ്ങളെ പ്രതിനിധീകരിക്കാൻ ലോക്‌സഭയിൽ ഒരു സീറ്റ് മാത്രമേയുള്ളൂ. എന്നിട്ടും, ഈ വർഷത്തെ ലോക്‌സഭ തെരഞ്ഞെടുപ്പിന്‍റെ ആദ്യ ഘട്ടത്തില്‍ ഇന്നലെ (ഏപ്രിൽ 19) നടന്ന വോട്ടെടുപ്പില്‍ കിഴക്കൻ നാഗാലാൻഡിലെ ആറ് ജില്ലകളില്‍ നിന്നും ആരും തന്നെ തങ്ങളുടെ വോട്ടവകാശം വിനിയോഗിക്കാൻ എത്തിയിരുന്നില്ല.

''--'' ഇങ്ങനെയായിരുന്നു കിഴക്കൻ നാഗാലാൻഡിലെ കിഫിർ, ലോങ്‌ലെങ്, മോൺ, നോക്ലാക്, ഷാമതോർ, ടുൻസാങ് എന്നീ ആറ് ജില്ലകളിലും പോളിങ് ബൂത്തുകളിലേക്ക് വരുന്ന ആളുകളുടെ വിവരങ്ങൾ ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ വോട്ടർ ടേൺഔട്ട് ആപ്പ് പ്രതിഫലിപ്പിച്ചത്.

തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാൻ കാരണം? : പ്രാദേശിക ജനതയെ പ്രതിനിധീകരിച്ച് ഈസ്‌റ്റ് നാഗാലാൻഡ് പീപ്പിൾസ് ഓർഗനൈസേഷൻ (ENPO) ആവശ്യപ്പെട്ട പ്രകാരം ഫ്രോണ്ടിയർ നാഗാലാൻഡ് ടെറിട്ടറി (FNT) എന്ന പേരിൽ സ്വയംഭരണാധികാരമുള്ള കൗൺസിൽ രൂപീകരിക്കുമെന്ന വാഗ്‌ദാനം ഇന്ത്യ ഗവൺമെന്‍റ് നിറവേറ്റിയിട്ടില്ല.

എന്താണ് ENPO? : നാഗാലാൻഡിന്‍റെ കിഴക്കൻ ജില്ലകളിൽ താമസിക്കുന്ന നാഗ ഗോത്രങ്ങളെ പ്രതിനിധീകരിക്കുന്ന ഒരു പ്രമുഖ സിവിൽ സൊസൈറ്റി സംഘടനയാണ് ഇഎൻപിഒ. നാഗാലാൻഡിന്‍റെ കിഴക്കൻ മേഖലയിലെ മോൺ, തുൻസാങ്, കിഫിർ, ലോങ്‌ലെങ്, നോക്ലക്, ഷാമാറ്റോർ എന്നീ ജില്ലകൾ ഉൾപ്പെടുന്ന നാഗാ ഗോത്രങ്ങളുടെ അവകാശങ്ങൾക്കും താൽപ്പര്യങ്ങൾക്കും വേണ്ടി വാദിക്കുന്നതിനായി 1972 ലാണ് ഇത് രൂപീകരിച്ചത്. കിഴക്കൻ നാഗകൾ എന്നറിയപ്പെടുന്ന ഈ ഗോത്രങ്ങൾക്ക് സംസ്ഥാനത്തെ മറ്റ് നാഗ ഗോത്രങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ വ്യത്യസ്‌തമായ സാംസ്‌കാരിക സ്വത്വങ്ങളും ഭാഷകളും പാരമ്പര്യങ്ങളും ഉണ്ട്.

കിഴക്കൻ നാഗാ ഗോത്രങ്ങളുടെ സാമൂഹിക - സാമ്പത്തിക, സാംസ്‌കാരിക, രാഷ്‌ട്രീയ താൽപ്പര്യങ്ങൾ പ്രോത്സാഹിപ്പിക്കുകയും സംരക്ഷിക്കുകയും ചെയ്യുക എന്നതാണ് ഇഎൻപിഒ യുടെ പ്രാഥമിക ലക്ഷ്യങ്ങൾ. ഈ ഗോത്രങ്ങളുടെ തനതായ ഐഡന്‍റിറ്റികൾ, ആചാരങ്ങൾ, പാരമ്പര്യങ്ങൾ എന്നിവ സംരക്ഷിക്കുന്നതിനൊപ്പം അവരുടെ വികസനത്തിനും മൊത്തത്തിലുള്ള ക്ഷേമത്തിനും വേണ്ടി വാദിക്കുകയും ചെയ്യുന്നു.

കൊന്യാക് യൂണിയൻ, സാങ്തം യൂണിയൻ, ഖിയാംനിയുങ്കൻ യൂണിയൻ, ചാങ് യൂണിയൻ തുടങ്ങിയ കിഴക്കൻ നാഗ ഗോത്രങ്ങളെ പ്രതിനിധീകരിക്കുന്ന വിവിധ ഗോത്ര യൂണിയനുകളും സംഘടനകളും ഇഎൻപിഒ യിൽ ഉൾപ്പെടുന്നു. കിഴക്കൻ നാഗാലാൻഡിലെ ഗോത്രവർഗക്കാരുടെ ആശങ്കകളും ആവശ്യങ്ങളും സംസ്ഥാന സർക്കാരിനോടും കേന്ദ്ര സർക്കാരിനോടും മറ്റ് പ്രസക്തമായ അധികാരികളോടും ഉന്നയിച്ചുകൊണ്ടാണ് ഇഎൻപിഒ പ്രവർത്തിക്കുന്നത്.

കിഴക്കൻ നാഗ ഗോത്രങ്ങളുടെ സാംസ്‌കാരിക പൈതൃകം സംരക്ഷിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതും സംഘടനയുടെ ലക്ഷ്യമാണ്. അവരുടെ പാരമ്പര്യങ്ങൾ, കലകൾ, കരകൗശലങ്ങൾ എന്നിവ പ്രദർശിപ്പിക്കുന്നതിനും ആഘോഷിക്കുന്നതിനുമായി വിവിധ സാംസ്‌കാരിക പരിപാടികൾ, ഉത്സവങ്ങൾ, ശിൽപശാലകൾ എന്നിവ സംഘടിപ്പിക്കാറുണ്ട്.

ഈ മേഖലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്ഥാപിക്കുന്നതിനും സാക്ഷരത പ്രോത്സാഹിപ്പിക്കുന്നതിനും ഇഎൻപിഒ സഹായിച്ചിട്ടുണ്ട്. കിഴക്കൻ നാഗാ സമുദായങ്ങൾക്ക് മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങൾ, ആരോഗ്യ സംരക്ഷണ സൗകര്യങ്ങൾ, സാമ്പത്തിക അവസരങ്ങൾ എന്നിവയ്ക്കും വേണ്ടിയും ഇത് വാദിക്കുന്നുണ്ട്. ഭൂമിയുടെ അവകാശം, വിഭവ ഉടമസ്ഥത, കിഴക്കൻ നാഗ ഗോത്രങ്ങളുടെ പരമ്പരാഗത ഭൂമിയുടെ സംരക്ഷണം എന്നിവയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിൽ ഇഎൻപിഒ ഏർപ്പെട്ടിരിക്കുന്നു.

എന്തുകൊണ്ടാണ് ENPO ഫ്രോണ്ടിയർ നാഗാലാൻഡ് ടെറിട്ടറി എന്ന പേരിൽ ഒരു സ്വയംഭരണ കൗൺസിൽ ആവശ്യപ്പെടുന്നത്?: വ്യത്യസ്‌തമായ അതിർത്തി നാഗാലാൻഡ് ടെറിട്ടറിയിൽ സ്ഥാപിക്കണമെന്നത് കിഴക്കൻ നാഗാ ഗോത്രങ്ങളെ പ്രതിനിധീകരിക്കുന്ന ഇഎൻപിഒയുടെയും മറ്റ് ഗ്രൂപ്പുകളുടെയും ദീർഘനാളത്തെ ആവശ്യമാണ്. കൊന്യാക്, ചാങ്, ഖിയാംനിയുങ്കൻ, സാങ്തം, തുടങ്ങിയ കിഴക്കൻ നാഗ ഗോത്രങ്ങൾ പ്രാഥമികമായി നാഗാലാൻഡിലെ മോൺ, തുൻസാങ്, കിഫിർ, ലോങ്‌ലെങ്, നോക്ലാക്, ഷാമാറ്റോർ എന്നീ ജില്ലകളിലാണ് താമസിക്കുന്നത്. ഈ ജില്ലകൾ മ്യാൻമറുമായി ഒരു അന്താരാഷ്‌ട്ര അതിർത്തി പങ്കിടുന്നുണ്ട്, കൂടാതെ ഭൂമിശാസ്‌ത്രപരമായി നാഗാലാൻഡിന്‍റെ മറ്റ് ഭാഗങ്ങളിൽ നിന്ന് വിശാലമായ പർവതപ്രദേശങ്ങളാൽ ഇത് വേർതിരിക്കപ്പെടുന്നു.

"ഈ പ്രദേശങ്ങൾ യഥാർഥത്തിൽ വടക്ക് കിഴക്കൻ അതിർത്തി ഏജൻസി (NEFA അല്ലെങ്കിൽ ഇന്നത്തെ അരുണാചൽ പ്രദേശ്) എന്ന് വിളിക്കപ്പെട്ടിരുന്ന സ്ഥലത്തായിരുന്നു. എന്നാൽ 1963 ൽ സംസ്ഥാനം രൂപീകൃതമായപ്പോൾ ഈ പ്രദേശങ്ങൾ നാഗാലാൻഡിൽ ഉൾപ്പെടുത്തി.

നാഗാലാൻഡിന്‍റെ കിഴക്കൻ ജില്ലകൾ സംസ്ഥാനത്തിന്‍റെ മറ്റ് ഭാഗങ്ങളിൽ നിന്ന് ഭൗതികമായി ഒറ്റപ്പെട്ടിരിക്കുന്നു, അതിന്‍റെ ഫലമായി വികസനം, അടിസ്ഥാന സൗകര്യങ്ങൾ, വിഭവങ്ങളിലേക്കുള്ള പ്രവേശനം എന്നിവയിൽ അവഗണിക്കപ്പെടുന്നതായാണ് ഇഎൻപിഒ പറയുന്നത്. കിഴക്കൻ നാഗ ഗോത്രങ്ങൾക്ക് സാംസ്‌കാരിക സ്വത്വങ്ങളും ഭാഷകളും പാരമ്പര്യങ്ങളും ഉണ്ട്, കൂടുതൽ സ്വയംഭരണത്തിലൂടെയുള്ള സംരക്ഷണം അതിന് ആവശ്യമാണെന്ന് അവർ വിശ്വസിക്കുന്നു.

മ്യാൻമറുമായുള്ള അന്താരാഷ്‌ട്ര അതിർത്തിയുടെ സാമീപ്യം സുരക്ഷ ആശങ്കകൾ ഉയർത്തുന്നു, കൂടാതെ ഒരു പ്രത്യേക പ്രദേശം അതിർത്തി പ്രശ്‌നങ്ങൾ മികച്ച രീതിയിൽ കൈകാര്യം ചെയ്യാൻ പ്രാപ്‌തമാക്കുമെന്ന് കിഴക്കൻ നാഗകൾ വാദിക്കുന്നു.

എന്താണ് പോളിങിന് മുമ്പ് സംഭവിച്ചത്?: 2024 ലെ ലോക്‌സഭ തെരഞ്ഞെടുപ്പിൽ കിഴക്കൻ നാഗാലാൻഡിലെ ജനങ്ങൾ പങ്കെടുക്കുന്നതിൽ നിന്ന് വിട്ടുനിൽക്കുമെന്ന് ഇഎൻപിഒ ഏപ്രിൽ ഒന്നിന് തെരഞ്ഞെടുപ്പ് കമ്മിഷന് അയച്ച കത്തിൽ പറയുന്നു. തുടർന്ന്, ഈസ്‌റ്റേൺ നാഗാലാൻഡ് പബ്ലിക് എമർജൻസി കൺട്രോൾ റൂം (ENPECR) ആഹ്വാനം ചെയ്‌ത അടച്ചുപൂട്ടലിന് മറുപടിയായി, എന്തുകൊണ്ടാണ് നിയമനടപടി ആരംഭിക്കാത്തത് എന്ന് ചോദ്യം ചെയ്‌തുകൊണ്ട് നാഗാലാൻഡിലെ ചീഫ് ഇലക്‌ടറൽ ഓഫീസറുടെ (സിഇഒ) ഓഫിസ് ഏപ്രിൽ 18 ന് ഇഎൻപിഒ പ്രസിഡന്‍റിന് നോട്ടിസ് നൽകി.

തെരഞ്ഞെടുപ്പിന്‍റെ നിർണായക ഘട്ടത്തിൽ അനാവശ്യ സമ്മർദം ചെലുത്താനുള്ള ശ്രമമായാണ് സിഇഒയുടെ ഓഫിസ് അടച്ചുപൂട്ടലിനെ വീക്ഷിച്ചത്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ, സുരക്ഷ ഉദ്യോഗസ്ഥർ, അവശ്യ സേവനങ്ങൾ തുടങ്ങിയ ചില വിഭാഗങ്ങളെ ENPECR ന്‍റെ സർക്കുലർ ഒഴിവാക്കിയിട്ടുണ്ടെങ്കിലും, കിഴക്കൻ നാഗാലാൻഡ് പ്രദേശങ്ങളിൽ വോട്ടിങ് അവകാശം സ്വതന്ത്രമായി വിനിയോഗിക്കുന്നതിന് തടസമാകുമെന്ന് സിഇഒയുടെ ഓഫിസ് ആശങ്കപ്പെടുന്നു.

ENPO യുടെ പ്രതികരണം: പൊതു അടിയന്തരാവസ്ഥയുടെ നിർണായക ഘട്ടത്തിൽ കിഴക്കൻ നാഗാലാൻഡ് മേഖലയിലെ ക്രമസമാധാനപാലനമാണ് തങ്ങളുടെ പൊതു അറിയിപ്പിന് പിന്നിലെ പ്രാഥമിക ലക്ഷ്യമെന്ന് ഇഎൻപിഒ വ്യക്തമാക്കി. സാമൂഹിക വിരുദ്ധരുടെ ഒത്തുചേരലുമായി ബന്ധപ്പെട്ടുണ്ടായേക്കാവുന്ന അസ്വസ്ഥതകൾ ലഘൂകരിക്കാനും അപകടസാധ്യതകൾ കുറയ്ക്കാനും ലക്ഷ്യമിട്ടുള്ളതാണ് നോട്ടിസ്.

കിഴക്കൻ നാഗാലാൻഡിലെ ജനങ്ങൾ നടത്തിയ ഷട്ട്ഡൗൺ സംരംഭം പൂർണ്ണമായും സ്വമേധയാ ഉള്ളതാണെന്ന് ഇഎൻപിഒ പറഞ്ഞു. 2024 ലെ ലോക്‌സഭ തെരഞ്ഞെടുപ്പിൽ പങ്കെടുക്കുന്നതിൽ നിന്ന് വിട്ടുനിൽക്കാനുള്ള അവരുടെ തീരുമാനത്തെക്കുറിച്ച് ഏപ്രിൽ ഒന്നിന് ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചതനുസരിച്ച്, നിലവിലുള്ള സാഹചര്യങ്ങളെയും പ്രാദേശിക ജനങ്ങളുടെ വികാരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ് ഈ തീരുമാനം.

ഏപ്രിൽ 18ലെ വിജ്ഞാപനം തെരഞ്ഞെടുപ്പ് നടപടികളെ സ്വാധീനിക്കാനോ തടസപ്പെടുത്താനോ വേണ്ടിയല്ല, താമസക്കാരുടെ സുരക്ഷയും ക്ഷേമവും സംരക്ഷിക്കാൻ ഉദ്ദേശിച്ചുള്ളതാണെന്ന് സംഘടന വ്യക്തമാക്കി.

ഇനി എന്ത് സംഭവിക്കും?: 2023 ഫെബ്രുവരിയിൽ നടന്ന നാഗാലാൻഡ് നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഫ്രോണ്ടിയർ നാഗാലാൻഡ് ടെറിട്ടറി സ്വയംഭരണ കൗൺസിൽ രൂപീകരിക്കുന്നതിനുള്ള ഉറപ്പ് കേന്ദ്രം ഇഎൻപിഒയ്‌ക്ക് നൽകിയിരുന്നു. എന്നാൽ, ഈ വർഷത്തെ ലോക്‌സഭ തെരഞ്ഞെടുപ്പിന് മുമ്പ് പോലും ഇത് യാഥാർഥ്യമാകാത്തതിനാൽ, പോളിങ് ബൂത്തുകളിൽ ആരും വരുന്നില്ലെന്ന് ഉറപ്പാക്കാണമെന്ന് ഇഎൻപിഒ അറിയിച്ചു.

വെള്ളിയാഴ്‌ച നടന്ന വോട്ടെടുപ്പിൽ കിഴക്കൻ നാഗാലാൻഡിൽ പോളിങ് രേഖപ്പെടുത്തിയിട്ടില്ലെന്ന് നാഗാലാൻഡിലെ മുതിർന്ന സർക്കാർ ഉദ്യോഗസ്ഥൻ പറഞ്ഞു. എന്നാൽ, ഒരു സ്വയംഭരണ കൗൺസിൽ രൂപീകരണത്തിനായി കേന്ദ്രവും ഇഎൻപിഒയും തമ്മിലുള്ള ചർച്ചകൾ തുടരുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. കേന്ദ്രത്തിലെ ഭരണകക്ഷിയായ എൻഡിഎ സഖ്യത്തിന്‍റെ സഖ്യകക്ഷിയായ നാഷണലിസ്‌റ്റ് ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാർട്ടിയുടെ (എൻഡിപിപി) ടോഖെഹോ യെപ്തോമിയാണ് നാഗാലാൻഡിൽ നിന്നുള്ള സിറ്റിങ് ലോക്‌സഭാംഗം. കോൺഗ്രസിന്‍റെ സുപോങ്‌മെറൻ ജമീറായിരുന്നു അദ്ദേഹത്തിന്‍റെ എതിരാളി.

ALSO READ : ആദ്യ ഘട്ട വോട്ടെടുപ്പിലെ പങ്കാളിത്തം 60 ശതമാനം; ബിഹാറില്‍ 48 ശതമാനം പോളിങ്, രാജസ്ഥാനില്‍ വോട്ട് ബഹിഷ്‌കരിച്ച് ഗ്രാമം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.