ETV Bharat / bharat

കനത്ത മഴ; കൊച്ചിയില്‍ നിന്നും ഗൾഫ് രാജ്യങ്ങളിലേക്കുള്ള 5 വിമാനങ്ങൾ റദ്ദാക്കി - Kochi to Dubai flight Cancelled

author img

By ETV Bharat Kerala Team

Published : Apr 17, 2024, 10:32 AM IST

Updated : Apr 17, 2024, 12:43 PM IST

ഒമാൻ, ബഹ്‌റൈൻ, യുഎഇ രാജ്യങ്ങളിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിലാണ് വിമാനങ്ങള്‍ റദ്ദാക്കിയത്.

KOCHI TO DUBAI FLIGHTS  KOCHIN INTERNATIONAL AIRPORT  കൊച്ചി ദുബായി വിമാനം  ദുബായില്‍ കനത്ത മഴ
Four flight Cancelled from Kochi to Dubai due to bad weather Condition in Dubai

എറണാകുളം : കൊച്ചിയിൽ നിന്നും ദുബായി ഉൾപ്പടെയുള്ള ഗൾഫ് രാജ്യങ്ങളിലേക്ക് പുറപ്പെടേണ്ട അഞ്ച് വിമാനങ്ങൾ റദ്ദാക്കി. പ്രതികൂല കാലാവസ്ഥയെ തുടർന്നാണ് വിമാനങ്ങൾ റദ്ദാക്കിയതെന്നാണ് സിയാൽ അധികൃതർ വ്യക്തമാക്കിയത്.

പുലർച്ചെ 2:15-ന് ദുബായിലേക്ക് പുറപ്പെടേണ്ട FZ453 ഫ്ലൈ ദുബായി വിമാനമാണ് ആദ്യം റദ്ദാക്കിയത്. പുലർച്ചെ 2:45ന് ദോഹയിലേക്ക് യാത്ര തിരിക്കേണ്ട ഇൻഡിഗോയുടെ 6E1344 വിമാനവും യാത്ര റദ്ദാക്കി. പുലർച്ചെ മൂന്ന് മണിക്ക് ദുബായിലേക്ക് പുറപ്പെടേണ്ട എമിറേറ്റ്സിൻ്റെ EK532 വിമാനം, പുലർച്ചെ 3:15 ന് പുറപ്പെടേണ്ട എയർ അറേബ്യയുടെ G9 422 വിമാനവും റദ്ദാക്കി.

വൈകുന്നേരം 5:05-ന് ദുബായിലേക്ക് പുറപ്പെടേണ്ട ഇൻഡിഗോയുടെ 6E1476 വിമാനവും റദ്ദാക്കിയിട്ടുണ്ട്. കൂടുതൽ വിമാനങ്ങൾ റദ്ദാക്കാനും സർവീസുകൾ വൈകാനും സാധ്യതയുണ്ട്. യാത്രക്കാരെ വിമാനങ്ങൾ റദ്ദാക്കിയ വിവരം എയർപോർട്ട് അധികൃതർ നേരിട്ട് അറിയിച്ചിരുന്നു.

അതേസമയം കഴിഞ്ഞ ദിവസം പ്രളയമുണ്ടായ ഒമാനിലും ശക്തമായ മഴ പെയ്‌ത യുഎഇയിലും കനത്ത മഴയും കാറ്റും ഇന്നും തുടരുമെന്നാണ് വിവിധ കാലാവസ്ഥ ഏജൻസികൾ നൽകുന്ന മുന്നറിയിപ്പ്. എന്നാല്‍ നിലവില്‍ മഴയുടെ ശക്തി കുറഞ്ഞിട്ടുണ്ട്. യുഎഇയിൽ അൽ ഐനിൽ മാത്രമാണ് ഇന്ന് റെഡ് അലർട്ട് ഉള്ളത്.

ഇന്നലെ 254.88 മില്ലിമീറ്റർ മഴയാണ് ദുബായിൽ രേഖപ്പെടുത്തിയത്. ഇത് എഴുപത്തിയഞ്ച് വർഷത്തിനിടെ ഉണ്ടായ ഏറ്റവും വലിയ മഴയാണ്. ശക്തമായ മഴ ദുബായി എയർപോർട്ട്, ദുബായി മെട്രോ, ദുബായി ആർടിഎ ബസ് സർവീസുകളെയും ബാധിച്ചു.

ഒമാനിൻ പേമാരിയിലും പ്രളയത്തിലും മലവെള്ളപ്പാച്ചിലിലും മരിച്ചവരുടെ എണ്ണം 18 ആയി ഉയര്‍ന്നു. ഇന്ന് നാല്‍പത് വയസുകാരനായ ഒരു ദുബായി പൗരൻ റാസൽ ഖൈമയിലുണ്ടായ മഴവെള്ള പാച്ചിലിൽ മരണപ്പെട്ടു. കഴിഞ്ഞ ദിവസം മലവെള്ളപ്പാച്ചിലില്‍ കാണാതായ രണ്ട് പേര്‍ക്ക് വേണ്ടി തെരച്ചില്‍ തുടരുന്നതായി ഒമാൻ നാഷണല്‍ കമ്മിറ്റി ഫോര്‍ എമര്‍ജന്‍സി മാനേജ്‌മെന്‍റ് അറിയിച്ചിട്ടുണ്ട്.

ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ഒമാനിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്നും അവധി പ്രഖ്യപിച്ചിട്ടുണ്ട്. ദുബായിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഓൺലൈനായാണ് ഇന്നും പ്രവർത്തിക്കുന്നത്. ദുബായിലെ സർക്കാർ സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം രീതി ഉപയോഗപ്പെടുത്താമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.

അതേ സമയം ബുധനാഴ്‌ചയോടെ ഒമാനിലെയും, ദുബായിലെ മഴയ്ക്കും ശമനമുണ്ടാകുമെന്നാണ് വിവിധ കലാവസ്ഥ ഏജൻസികൾ നൽകുന്ന വിവരം. അതിനിടെ, ഇന്ത്യ ഉൾപ്പെടെ വിവിധ രാജ്യങ്ങളിൽ കടുത്ത ചൂടിനും വരൾച്ചക്കും കാരണമായ എൽ നിനോ പ്രതിഭാസം അവസാനിച്ചതായി ഓസ്‌ട്രേലിയൻ കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇതോടെ വേനൽ മഴ ശക്തമാകാനുളള സാധ്യതയാണുള്ളത്. കിഴക്കൻ പസഫിക് സമുദ്രത്തിൽ ഭൂമധ്യരേഖ പ്രദേശത്ത് സമുദ്രോപരി താപനില സാധാരണയേക്കാൾ കൂടുതൽ ആകുന്ന പ്രതിഭാസത്തെയാണ് എൽ നിനോ എന്ന് പറയുന്നത്.

Also Read : ഒമാനില്‍ കനത്ത മഴ; മരിച്ചവരിൽ പത്തനംതിട്ട സ്വദേശിയും - Pathanamthitta Native Died In Oman

Last Updated :Apr 17, 2024, 12:43 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.