ETV Bharat / bharat

2024ലെ തെരഞ്ഞെടുപ്പ് പോരാട്ടം കെജ്‌രിവാളും മോദിയും തമ്മിൽ, റെയ്‌ഡിന് പിന്നാലെ പ്രതികരിച്ച് മനീഷ് സിസോദിയ

author img

By

Published : Aug 20, 2022, 7:52 PM IST

ഡൽഹിയിലെ മദ്യനയവുമായി ബന്ധപ്പെട്ട അഴിമതിക്കേസിൽ സിസോദിയുടെ വീട്ടിൽ 14 മണിക്കൂറോളമാണ് സിബിഐ റെയ്‌ഡ് നടത്തിയത്. തനിക്കെതിരായ റെയ്‌ഡുകൾ രാഷ്‌ട്രീയ പ്രേരിതമാണെന്നും 3-4 ദിവസങ്ങൾക്കുള്ളിൽ തന്നെ കേന്ദ്ര ഏജൻസികൾ തന്നെ അറസ്റ്റ് ചെയ്‌തേക്കാം എന്നും മനീഷ് സിസോദിയ.

Manish Sisodia  മനീഷ് സിസോദിയ  ഡൽഹിയിലെ മദ്യനയം  മനീഷ് സിസോദിയയുടെ വീട്ടിൽ സിബിഐ റെയ്‌ഡ്  2024 Polls AAP vs BJP Contest Says Manish Sisodia  റെയ്‌ഡിന് പിന്നാലെ പ്രതികരിച്ച് മനീഷ് സിസോദിയ  manish sisodia about cbi raid  2024 ലോക്‌സഭ തെരഞ്ഞെടുപ്പ്  മോദി vs കെജ്‌രിവാൾ  ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ  Manish Sisodia CBI Raid  delhi excise policy Controversy  Delhi Deputy Chief Minister Manish Sisodia  AAP vs BJP  Modi vs Arvind Kejriwal  delhi latest news  സിസോദിയ  അനുരാഗ് താക്കൂർ
2024ലെ തെരഞ്ഞെടുപ്പ് പോരാട്ടം കെജ്‌രിവാളും മോദിയും തമ്മിൽ, റെയ്‌ഡിന് പിന്നാലെ പ്രതികരിച്ച് മനീഷ് സിസോദിയ

ന്യൂഡൽഹി: 2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പ് പോരാട്ടം എഎപിയും ബിജെപിയും തമ്മിലായിരിക്കുമെന്ന് ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. ഡൽഹിയിലെ മദ്യനയവുമായി ബന്ധപ്പെട്ട അഴിമതിക്കേസിൽ സ്വന്തം വസതിയിൽ ഉൾപ്പെടെ സിബിഐ നടത്തിയ റെയ്‌ഡിന് പിന്നാലെയാണ് സിസോദിയയുടെ പ്രതികരണം. തനിക്കെതിരായ റെയ്‌ഡുകൾ രാഷ്‌ട്രീയ പ്രേരിതമാണെന്നും ഡൽഹി എക്‌സൈസ് നയത്തിലെ ലംഘനങ്ങളുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും സിസോദിയ വ്യക്‌തമാക്കി.

അടുത്ത 3-4 ദിവസത്തിനുള്ളിൽ സിബിഐ-ഇഡി ഏജൻസികൾ എന്നെ അറസ്റ്റ് ചെയ്‌തേക്കാം. ഞങ്ങൾ ഭയപ്പെടില്ല, നിങ്ങൾക്ക് ഞങ്ങളെ തകർക്കാൻ കഴിയില്ല. 2024ലെ തെരഞ്ഞെടുപ്പ് എഎപിയും ബിജെപിയും തമ്മിലായിരിക്കും. എക്‌സൈസ് കുംഭകോണമല്ല, അരവിന്ദ് കെജ്‌രിവാളാണ് അവരുടെ പ്രശ്‌നം. എനിക്കെതിരായുള്ള റെയ്‌ഡുകളും നടപടികളും അരവിന്ദ് കെജ്‌രിവാളിനെ തടയാനാണ്. ഒരുതരത്തിലുള്ള അഴിമതിയും ഞാൻ നടത്തിയിട്ടില്ല, സിസോദിയ പറഞ്ഞു.

മോദി vs കെജ്‌രിവാൾ: 2024ലെ പോരാട്ടം മോദിയും കെജ്‌രിവാളും തമ്മിലായിരിക്കും. ഞങ്ങൾ പോരാടും. നിങ്ങൾക്ക് കെജ്‌രിവാളിനേയോ ഞങ്ങളുടെ വിദ്യാഭ്യാസ ആരോഗ്യ നയത്തേയോ തടയാൻ കഴിയില്ല. ഞങ്ങളുടെ വിദ്യാഭ്യാസ മന്ത്രിയെയോ ആരോഗ്യ മന്ത്രിയെയോ നിങ്ങൾക്ക് അറസ്റ്റ് ചെയ്യാം. പക്ഷേ ഡൽഹിയിലെ ഞങ്ങളുടെ പ്രവർത്തനങ്ങൾക്ക് തടയിടാൻ നിങ്ങൾക്കാവില്ല, സിസോദിയ കൂട്ടിച്ചേർത്തു.

ഇന്ന്(20.08.2022) രാവിലെ സിബിഐ സംഘം എന്‍റെ വീട്ടിൽ എത്തി. അവർ 14 മണിക്കൂറോളം എന്‍റെ വീട് പരിശോധിച്ചു. വീട്ടിൽ നിന്ന് എന്‍റെ കമ്പ്യൂട്ടറും ഫോണും പിടിച്ചെടുത്തു. എന്‍റെ കുടുംബം പൂർണമായും റെയ്‌ഡിനോട് സഹകരിച്ചു. തുടർന്നും സഹകരിക്കും. ഞങ്ങൾ അഴിമതിയോ മറ്റ് തെറ്റുകളോ ഒന്നും തന്നെ ചെയ്‌തിട്ടില്ല. അതിനാൽ തന്നെ ഭയപ്പെടേണ്ട ആവശ്യവുമില്ല. സിബിഐയെ കേന്ദ്രം ദുരുപയോഗം ചെയ്യുകയാണ്, സിസോദിയ പറഞ്ഞു.

ഡൽഹിയിലെ മദ്യനയമാണ് വിവാദങ്ങൾ സൃഷ്‌ടിക്കുന്നത്. എന്നാൽ മദ്യനയം തികച്ചും സുതാര്യവും സത്യസന്ധവുമായിരുന്നു. മുന്‍ ലഫ്‌റ്റനന്‍റ് ഗവര്‍ണര്‍ (അനില്‍ ബൈജാല്‍) അതിനെ പരാജയപ്പെടുത്താൻ ശ്രമിച്ചു. അദ്ദേഹം അതിനെതിരെ ഗൂഢാലോചനയ്‌ക്ക്‌ മുതിര്‍ന്നിരുന്നില്ലെങ്കില്‍ മദ്യനയത്തിലൂടെ സര്‍ക്കാരിന് 10,000 കോടി രൂപ വാര്‍ഷിക വരുമാനം ലഭിക്കുമായിരുന്നു. സിസോദിയ കൂട്ടിച്ചേർത്തു.

14 മണിക്കൂർ റെയ്‌ഡ്: മദ്യനയവുമായി ബന്ധപ്പെട്ട് വിവിധയിടങ്ങളിലാണ് സിബിഐ വെള്ളിയാഴ്‌ച റെയ്‌ഡ് നടത്തിയത്. സിസോദിയയുടെ വസതിയില്‍ നീണ്ട 14 മണിക്കൂറാണ് സിബിഐ പരിശോധന നടത്തിയത്. അതേസമയം സിസോദിയയുടെ വസതി ഉൾപ്പെടെ 31 സ്ഥലങ്ങളിൽ നടത്തിയ റെയ്‌ഡിൽ പിടിച്ചെടുത്ത രേഖകളും ഇലക്‌ട്രോണിക് ഉപകരണങ്ങളും ബാങ്ക് ഇടപാടുകളും ഏജൻസി പരിശോധിച്ചു വരികയാണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

സി.ബി.ഐ സമർപ്പിച്ച എഫ്‌ഐആറിൽ സിസോദിയ ഉൾപ്പെടെ 15 പേർക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്. ഇവർക്കെതിരെ 120-ബി, ഐപിസി 477 എ , 1988 ലെ അഴിമതി നിരോധന നിയമത്തിലെ സെക്ഷൻ 7 എന്നിവ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്‌തിരിക്കുന്നത്. രേഖകൾ പരിശോധിച്ച് കഴിഞ്ഞാൽ ഉടൻ തന്നെ ഇവരെ ചോദ്യം ചെയ്യുന്നതിനായി വിളിപ്പിക്കുമെന്നും സിബിഐ വൃത്തങ്ങൾ അറിയിച്ചിട്ടുണ്ട്.

എഎപിയെ തടയാൻ: അതേസമയം ഡൽഹി സർക്കാർ വിദ്യാഭ്യാസ-ആരോഗ്യ മേഖലയിൽ നടത്തിയ വിപ്ലവകരമായ പ്രവർത്തനങ്ങൾ തടയാനുള്ള ശ്രമമാണ് ഈ റെയ്‌ഡുകളെന്ന് എഎപി നേതാവ് സഞ്‌ജയ് സിങ് പറഞ്ഞു. അമേരിക്കയിലെ ഏറ്റവും വലിയ പത്രമായ ന്യൂയോർക്ക് ടൈംസിന്‍റെ ഒന്നാം പേജിൽ മനീഷ് സിസോദിയയെ പ്രകീർത്തിച്ചുള്ള വാർത്ത വന്ന ദിവസമാണ് ഈ റെയ്‌ഡ്.

മൊഹല്ല ക്ലിനിക്കുകൾ ഉൾപ്പെടെ കെജ്‌രിവാളിന്‍റെ നേതൃത്വത്തിൽ ആരോഗ്യമേഖലയിലും വിദ്യാഭ്യാസ മേഖലയിലും മികച്ച പ്രവർത്തനം സർക്കാർ കാഴ്‌ചവച്ചിട്ടുണ്ട്. ഇതിനെ തടയുക എന്ന ലക്ഷ്യം മാത്രമാണ് സിബിഐ റെയ്‌ഡുകളിലൂടെ കേന്ദ്രം ലക്ഷ്യമാക്കുന്നത്. സഞ്‌ജയ് സിങ് കൂട്ടിച്ചേർത്തു.

സ്വകാര്യ കമ്പനികളെ മദ്യവിൽപ്പനക്ക് അനുവദിച്ചുകൊണ്ടുള്ള ഡൽഹി സർക്കാറിന്‍റെ പുതിയ മദ്യനയം വൻവിവാദങ്ങൾക്കായിരുന്നു വഴി വെച്ചത്. പിന്നാലെ പുതിയ മദ്യനയം പിൻവലിക്കാനും ആറുമാസത്തേക്ക് പഴയ മദ്യനയം തുടരാനും ഡൽഹി സർക്കാർ തീരുമാനമെടുക്കുകയായിരുന്നു. ഇതിനിടെ ഡൽഹിയിലെ മദ്യവിൽപ്പനശാലകളിൽ വൻ അഴിമതി നടന്നെന്നാരോപിച്ച് കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ രംഗത്തെത്തിയതാണ് രാഷ്‌ട്രീയ വിവാദങ്ങൾക്ക് തുടക്കം കുറിച്ചത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.